പാകിസ്താൻ ക്രിക്കറ്റിൽ വീണ്ടും വിവാദം; സൽമാൻ ബട്ടിനെ നിയമിച്ച് ഒരു ദിവസത്തിനകം പുറത്താക്കി
text_fieldsഇസ്‍ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ വഹാബ് റിയാസിന്റെ കൺസൽട്ടന്റായി മുൻ താരം സൽമാൻ ബട്ടിനെ നിയമിച്ച തീരുമാനത്തിൽനിന്ന് ഒരു ദിവസത്തിനകം പിന്മാറി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പി.സി.ബിക്കകത്തുനിന്ന് തന്നെ വിമർശനം ഉയർന്നതോടെയാണ് തീരുമാനത്തിൽനിന്നുള്ള മലക്കം മറിച്ചിൽ.
2010ൽ ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ വാതുവെപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് താരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സൽമാൻ ബട്ടിനെതിരെ വിമർശനം ഉയർന്നത്. ചീഫ് സെലക്ടർ വഹാബ് റിയാസ് ശനിയാഴ്ച നടത്തിയ പ്രത്യേക വാർത്ത സമ്മേളനത്തിൽ കൺസൽട്ടൻസി പാനലിൽനിന്ന് സൽമാൻ ബട്ടിന്റെ പേര് പിൻവലിക്കുന്നതായി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുൻ താരങ്ങളായ കമ്രാൻ അക്മൽ, ഇഫ്തിഖാർ അൻജൂം, സൽമാൻ ബട്ട് എന്നിവരെ കൺസൽട്ടന്റ് അംഗങ്ങളായി നിയമിച്ചത്. ജനുവരിയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയായിരുന്നു ഇവരുടെ ആദ്യ ദൗത്യം. ഇതിൽനിന്നാണ് 39കാരനായ സൽമാൻ ബട്ടിനെ പുറത്താക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.