30ാം വയസിൽ വിരമിച്ച് കോറി ആൻഡേഴ്സൺ; കളി ഇനി അമേരിക്കയിൽ
text_fieldsവെല്ലിങ്ടൺ: ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയാർന്ന സെഞ്ച്വറിയുടെ റെക്കോഡിനുടമയായിരുന്ന ന്യൂസിലൻഡിൻെറ കോറി ആൻഡേഴ്സൺ 29ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് ടി20യിലേക്ക് ചേക്കേറുന്നതിൻെറ ഭാഗമായാണ് ആൻഡേഴ്സൻെറ വിരമിക്കൽ. മൂന്ന് ഫോർമാറ്റുകളിലായി 93 മത്സരങ്ങളിൽ കിവീസിനെ പ്രതിനിധീകരിച്ച ശേഷമാണ് താരം ഗുഡ്ബൈ പറഞ്ഞത്.
ആൻഡേഴ്സൻെറ അമേരിക്കക്കാരിയായ പ്രതിശ്രുത വധു മേരി മാർഗരറ്റാണ് താരത്തിൻെറ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് പിന്നിൽ പ്രധാന ചരടുവലികൾ നടത്തിയതെന്നാണ് സൂചന.
2014 പുതുവർഷ ദിനത്തിൽ ക്വീൻസ്ടൗണിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ആൻഡേഴ്സൺ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി തികച്ചത്. 36 പന്തിൽ സെഞ്ച്വറി നേടിയ താരം കണ്ണടച്ച് തുറക്കും മുമ്പ് സൂപ്പർ താരമായി മാറി.
ഒരു വർഷത്തിന് ശേഷം വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് 31 പന്തിൽ സെഞ്ച്വറി നേടി റെക്കോഡ് തിരുത്തിക്കുറിച്ചുവെങ്കിലും ഒറ്റ ഇന്നിങ്സ് കൊണ്ട് ആൻഡേഴ്സൻെറ തലവര തന്നെ മാറിയിരുന്നു. പൊന്നും വിലകൊടുത്ത് (7.5 ലക്ഷം ഡോളർ) താരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
2014 സീസണിൽ 44 പന്തിൽ പുറത്താകാതെ 95 റൺസ് നേടി ടീമിന് പ്ലേഓഫ് ബെർത്ത് നേടിക്കൊടുത്ത അദ്ദേഹം ഐ.പി.എല്ലിലും പ്രിയങ്കരനായി മാറി. 2015ൽ ന്യൂസിലൻഡ് ടീം ഏകദിന ലോകകപ്പിൽ റണ്ണേഴ്സ് അപ്പായി മാറിയ വേളയിലും ടീമിലെ നിർണായക സാന്നിധ്യമായി ആൻഡേഴ്സൺ ഉണ്ടായിരുന്നു.
ലോകകപ്പിന് ശേഷം പരിക്കിൻെറ പിടിയിലായ താരം പലപ്പോഴും ടീമിൽ നിന്ന് പുറത്തായി. അടുത്ത ഞായറാഴ്ച 30 തികയുന്ന താരം 2018 നവംബറിലാണ് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
എം.എൽ.സിയുമായി കരാറിലെത്തിയവരിൽ ഏറ്റവും താരപ്പകിട്ടുള്ള കളിക്കാരനാണ് കോറി ആൻഡേഴ്സൺ. പാകിസ്താൻെറ സമി അസ്ലമും ദക്ഷിണാഫ്രിക്കയുെട ഡെയ്ൻ പീറ്റുമാണ് ലീഗുമായി കരാറിലെത്തിയ മറ്റ് രണ്ട് സുപ്രധാന താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.