അമ്മ മഴക്കാറിന് കൺനിറഞ്ഞു... ആഹ്ലാദപ്പെരുമ്പറ കൊട്ടി മിന്നുമണിയുടെ നാടും വീടും
text_fieldsകൽപറ്റ: എത്ര വിളിച്ചാലും കുളിക്കാൻ വരാതെ ക്രിക്കറ്റ് കളിക്കുന്ന മകളെ വഴക്കുപറയുകയും തല്ലുകയും ചെയ്ത ഓർമകളുമായാണ് ആ അമ്മ ഇന്ത്യക്കുവേണ്ടിയുള്ള മിന്നുമണിയുടെ അരങ്ങേറ്റം കാണാനിരുന്നത്. ആദ്യമത്സരത്തിൽ ആദ്യ ഓവറിലെ നാലാംപന്തിൽ വിക്കറ്റ് സ്വന്തമാക്കി 140 കോടി ജനതയുടെ മനംകവർന്ന് മകൾ ചരിത്രത്തിലേക്ക് കാലെടുത്തുവെച്ച അപൂർവ നിമിഷത്തിൽ അവർ അറിയാതെ പൊട്ടിക്കരഞ്ഞു.
മകൾക്കുനേരെ ചൊരിഞ്ഞ വഴക്കുകൾ കണ്ണീർത്തുള്ളികളായി നിലത്തുവീണു. വയനാട് മാനന്തവാടി അമ്പൂത്തി എടപെടി ചോയിമൂലയിൽ കൈപ്പാട്ട് മാവുംകണ്ടി വീട്ടിൽ ഉച്ചക്കു നടക്കുന്ന മകളുടെ കളി കാണാൻ മാതാവ് വസന്ത രാവിലെ മുതൽ ഫോണുംകൊണ്ട് നടപ്പായിരുന്നു. ക്രിക്കറ്റ് കളിയെപ്പറ്റി ഒട്ടും ധാരണയില്ലെങ്കിലും മിന്നുമണി പകർന്നു നൽകിയ ബാലപാഠങ്ങളും മുറുകെപ്പിടിച്ചാണ് കളികാണുന്നത്. മകളുടെ ക്രിക്കറ്റ് പ്രേമം പതിയെ കുടുംബത്തിലേക്കും ബാറ്റുവീശി. വീട്ടുമുറ്റത്ത് മകൾക്കുവേണ്ടി പിന്നീട് പലപ്പോഴും ബോളെറിഞ്ഞു കൊടുക്കുന്നതിൽവരെ വസന്തയെ എത്തിച്ചു.
മകളുടെ നേട്ടത്തിൽ പറഞ്ഞറിക്കാൻ പറ്റാത്തത്ര സന്തോഷത്തിലാണ് കുടുംബം. ആദിവാസി കുറിച്യ സമുദായത്തിൽനിന്ന് ഒരു പെൺകുട്ടി ഇത്ര ഉയർന്ന നിലയിൽ എത്തുകയെന്നു പറയുന്നത് വലിയ കാര്യമായിട്ടാണ് ഇവർ കാണുന്നത്. മിന്നുമണിയുടെ വാശിയായിരുന്നു എന്തും സഹിച്ചും ഇന്ത്യൻ ജഴ്സി അണിയുകയെന്നത്. അത് സഫലമായ സന്തോഷവും കുടുംബത്തിനുണ്ട്.
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനായി ബാറ്റേന്തിയ മിന്നുമണിക്ക് മിന്നും തുടക്കം കിട്ടിയ ആവേശത്തിലാണ് വീട്ടുകാർക്കൊപ്പം നാട്ടുകാരും. രാവിലെ മുതൽ വീട്ടിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും വരവായിരുന്നു. മിന്നുമണിയുടെ ഓരോ പ്രകടനവും ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് എല്ലാവരും എതിരേറ്റത്. രാജ്യത്തിന്റെ അഭിമാന താരത്തിന്റെ നാട്ടുകാരാണ്, ബന്ധുക്കളാണ് എന്ന അഭിമാനവുമായി ഓരോരുത്തരും കളികണ്ടു.
മിന്നുമണിക്കൊപ്പം നാട്ടിൽ ക്രിക്കറ്റ് കളിച്ചിരുന്ന ബന്ധുക്കളടക്കമുള്ള കളിക്കാർ ക്ലബിന്റെ ജഴ്സി അണിഞ്ഞാണ് ആഹ്ലാദം പങ്കിടാൻ മിന്നുവിന്റെ വീട്ടിലെത്തിയത്. കളിയറിയാത്ത സ്ത്രീകളടക്കം ഫോണും പിടിച്ച് കളികണ്ടു. പിതാവ് മണിയും മാതാവ് വസന്തയും സഹോദരി മിമിതയും മധുരം നൽകിയാണ് വരുന്നവരെ സ്വീകരിച്ചത്. ജനപ്രതിനിധികളടക്കം മിന്നുമണിക്ക് ആശംസ നേർന്ന് വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.