കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്ന്; മുൻ ഭാര്യക്കെതിരായ ശിഖർ ധവാന്റെ പരാതിയിൽ കോടതി ഇടപെടൽ
text_fieldsഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ അപകീർത്തിപ്പെടുത്തുന്നതിൽനിന്ന് മുൻ ഭാര്യ അയേഷ മുഖർജിയെ വിലക്കി കോടതി. ധവാന്റെ ഹരജിയിൽ ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഇടപെടൽ. സമൂഹമാധ്യമങ്ങളിൽ താരത്തെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് വിലക്കിയ കോടതി, അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമുണ്ടാക്കുന്ന ഒന്നും സംസാരിക്കരുതെന്നും നിർദേശം നൽകി. അതേസമയം, ആവശ്യമെങ്കിൽ പരാതിയുമായി ബന്ധപ്പെട്ട അധികൃതരെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
തന്റെ കരിയർ നശിപ്പിക്കുമെന്ന് മുൻ ഭാര്യ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ധവാൻ കോടതിയെ സമീപിച്ചത്. ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസ് സി.ഇ.ഒ ധീരജ് മൽഹോത്രക്ക് തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുന്ന സന്ദേശങ്ങൾ അയേഷ അയച്ചതായി ധവാൻ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ജനിച്ച് ആസ്ട്രേലിയൻ പൗരത്വം നേടിയ കിക്ക് ബോക്സിങ് താരം കൂടിയായ 47കാരിയായ അയേഷ മുഖർജിയും 37കാരനായ ധവാനും എട്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2021ലാണ് വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള മകനുണ്ട്. ആദ്യ വിവാഹത്തിൽ അയേഷക്ക് രണ്ട് പെൺമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.