കരിയറിലെ നൂറാം ടെസ്റ്റ് മത്സരം; കോഹ്‌ലിയെ അഭിനന്ദിച്ച് രോഹിത്
text_fieldsകരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അഭിനന്ദനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മൊഹാലിയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റാണ് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് മത്സരം. 100 ടെസ്റ്റുകള്‍ കളിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ 71-ാം താരവുമാകും ഇതോടെ കോഹ്‌ലി.
"ഒരു ടെസ്റ്റ് ടീം എന്ന നിലയിൽ, ഞങ്ങൾ വളരെ മികച്ച സ്ഥാനത്താണ് നിൽക്കുന്നത്. ഈ ഫോർമാറ്റിൽ ഞങ്ങൾ എവിടെ നിൽക്കുന്നു എന്നതിന്റെ മുഴുവൻ ക്രെഡിറ്റും വിരാടിനാണ്. വർഷങ്ങളായി അദ്ദേഹം ടെസ്റ്റ് ടീമിനു വേണ്ടി ചെയ്ത കാര്യങ്ങൾ ഉജ്ജ്വലമാണ്. അദ്ദേഹം മികച്ച യാത്രയിലാണ്. നൂറാമത്തെ ടെസ്റ്റ് കളിക്കാൻ പോകുന്നത് അത്ഭുതാവഹമായ കാര്യമാണ്. വിരാടിന്‍റെ മത്സരം കാണാൻ ഒരു വലിയ ജനക്കൂട്ടം കാത്തിരിക്കുകയാണ് " രോഹിത് പറഞ്ഞു.
അതേസമയം ടീം ഇന്ത്യയുടെ 35-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാകാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ അപ്രതീക്ഷിതമായി നായകസ്ഥാനം ഒഴിയുകയായിരുന്നു മുൻ നായകൻ കോഹ്ലിയിൽ നിന്നാണ് രോഹിത് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്.
''അദ്ദേഹം നിർത്തിയിടത്ത് നിന്നു വേണം എനിക്ക് തുടങ്ങാൻ. ശരിയായ കളിക്കാരുടെ കൂടെ എനിക്ക് ശരിയായ കാര്യം ചെയ്യണം. അതെ, ഡബ്ല്യു.ടി.സി പട്ടികയിൽ ഞങ്ങൾ മധ്യ സ്ഥാനത്താണ്, എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല.'' -രോഹിത് കൂട്ടിച്ചേർത്തു.
2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു കോഹ്‌ലിയുടെ ടെസ്റ്റ് അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് ക്ലബിലെത്താന്‍ 38 റണ്‍സ് കൂടി മതി കോഹ്‌ലിക്ക്. മൊഹാലിയിലെ ആദ്യ ഇന്നിങ്സില്‍ 38 റണ്‍സ് കണ്ടെത്തിയാല്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും കോഹ്‌ലിക്ക് സ്വന്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.