‘ഓൾ ഔട്ട് 46’ ആണോ പുതിയ ‘ഓൾ ഔട്ട് 36’? ഇന്ത്യൻ ടീമിനെ ട്രോളി ക്രിക്കറ്റ് ആസ്ട്രേലിയ -വിഡിയോ
text_fieldsബംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായ ഇന്ത്യൻ ടീമിനെ ട്രോളി ക്രിക്കറ്റ് ആസ്ട്രേലിയ. പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ സന്ദർശകരുടെ ബൗളിങ്ങിനു മുന്നിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുകയായിരുന്നു.
സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഉൾപ്പെടെ അഞ്ചു ബാറ്റർമാരാണ് പൂജ്യത്തിന് പുറത്തായത്. 2020ൽ അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസീസിനു മുന്നിൽ 36 റൺസിന് ഇന്ത്യ കൂടാരം കയറിയിരുന്നു. ഇതിന്‍റെ വിഡിയോ ഹൈലൈറ്റടക്കം ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ ട്രോൾ. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ ടീം ടോട്ടലാണിത്.
അന്ന് നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഒന്നാമത്തെ മത്സരത്തിൽ രണ്ടാമത്തെ ഇന്നിങ്സിലാണ് ഇന്ത്യ 36 റൺസിന് പുറത്തായത്. എന്നാൽ, പരമ്പര 2-1ന് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ സ്വന്തമാക്കി. ഇക്കാര്യം മറന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ ട്രോൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച തിരിച്ചുവരവിന്‍റെ ചരിത്രം കൂടിയാണ് അന്ന് ഇന്ത്യ ആസ്ട്രേലിയയിൽ രചിച്ചത്. ഇന്ത്യ റെഡ് ബാൾ ക്രിക്കറ്റിൽ വിദേശ മണ്ണിൽ സ്വന്തമാക്കുന്ന മികച്ച പരമ്പര വിജയവും.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ 46 റൺസിന് ഓൾ ഔട്ടായതിനു തൊട്ടുപിന്നാലെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ ഇൻസ്റ്റഗ്രാമിൽ ട്രോളുന്ന പോസ്റ്റ് പങ്കുവെച്ചത്. ‘ഓൾ ഔട്ട് 46 ആണോ പുതിയ ഓൾ ഔട്ട് 36?’ എന്ന ക്യാപ്ഷനൊപ്പമാണ് അഡ്ലെയ്ഡ് ടെസ്റ്റിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തത്. നേരത്തെ, ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 49 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്. പേസർ മാറ്റ് ഹെൻറിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. വിൽ ഒറൂക്ക് നാലും ടീം സൗത്തി ഒരു വിക്കറ്റും നേടി. രണ്ടാം ദിനം സ്റ്റമ്പെടുത്തപ്പോൾ സന്ദർശകർ 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിട്ടുണ്ട്. 134 റൺസിന്‍റെ ലീഡ്.
ഡെവോൺ കോൺവെയുടെ അർധ സെഞ്ച്വറി പ്രകടനമാണ് കീവീസിന് മേൽക്കൈ നൽകിയത്. ഒമ്പത് റൺസിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. 105 പന്തുകൾ നേരിട്ട കോൺവെ 91 റൺസെടുത്തു പുറത്തായി. നായകൻ ടോം ലാഥം (49 പന്തില്‍ 15), വിൽ യങ് (73 പന്തിൽ 33) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 34 പന്തിൽ 22 റൺസെടുത്ത രചിൻ രവീന്ദ്രയും 39 പന്തിൽ 14 റൺസെടുത്ത ഡാരിൽ മിച്ചലുമാണു ക്രീസിൽ. മഴമൂലം ടെസ്റ്റിന്‍റെ ആദ്യദിനം കളി നടന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.