ക്രിക്കറ്റ് കാർണിവൽ
text_fieldsട്വൻറി 20 ലോകകപ്പിെൻറ വിശ്വവിജയിയെ തീരുമാനിക്കാൻ ഇനിയൊരു മത്സരം മാത്രം ബാക്കി. 25 ദിവസമായി യു.എ.ഇയും ഒമാനും ഒരുക്കിയ ക്രിക്കറ്റ് ആരവങ്ങൾ കലാശപ്പോരിലേക്ക് എത്തിയിരിക്കുന്നു. ആരാകും ലോക ജേതാവ് എന്നറിയാൻ ഇനി ഒരുദിനം മാത്രം. ഗൾഫിെൻറ ചരിത്രത്തിലെ ആദ്യ ലോകകപ്പിെന ആവേശത്തോടെയാണ് പ്രവാസികളടക്കം വരവേറ്റത്.ഈ ലോകകപ്പിലെ സുപ്രധാനമായ പത്ത് വിശേഷങ്ങളിലേക്ക് കണ്ണോടിക്കാം.
ദൗർഭാഗ്യം = ദക്ഷിണാഫ്രിക്ക
ലോകകപ്പ് തുടങ്ങുേമ്പാൾ തന്നെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിെൻറ ദൗർഭാഗ്യങ്ങളെ കുറിച്ചും ചർച്ച നടക്കാറുണ്ട്. ഇക്കുറിയും അതിന് യാതൊരു മാറ്റവുമുണ്ടായില്ല. സൂപ്പർ 12ലെ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും ജയിച്ചെങ്കിലും സെമി കാണാതെ പുറത്താകാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി. ഇക്കുറി ചതിച്ചത് റൺറേറ്റാണ്. ദക്ഷിണാഫ്രിക്കക്കും ആസ്ട്രേലിയക്കും തുല്യ പോയൻറായിരുന്നെങ്കിലും നേരിയ റൺറേറ്റ് വ്യത്യാസത്തിെൻറ അടിസ്ഥാനത്തിൽ പ്രോട്ടീസിനെ മറികടന്ന് ഓസീസ് യോഗ്യത നേടുകയായിരുന്നു. 1999 ലോകകപ്പ് സെമിയിലും ആസ്ട്രേലിയക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക വീണത് ദൗർഭാഗ്യത്താലായിരുന്നു.
ജയത്തിന് തൊട്ടടുത്ത് നിൽക്കെ അലൻ ഡൊണാൾഡ് റണ്ണൗട്ടായതും മത്സരം സമനിലയിലായതും ചരിത്രം. ആദ്യ റൗണ്ടിലെ വിജയത്തിെൻറ അടിസ്ഥാനത്തിൽ അന്ന് ആസ്ട്രേലിയ സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു. 1992ലെ ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്കെയ പുറത്താക്കിയത് വിചിത്രമായ മഴ നിയമമായിരുന്നു. 13 പന്തിൽ ജയിക്കാൻ 22 റൺസ് എന്ന നിലയിൽ നിൽക്കുേമ്പാഴാണ് മഴ എത്തിയത്. മഴ മാറിയപ്പോൾ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനർനിർണയിച്ചു. ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം സ്കോർബോർഡിൽ തെളിഞ്ഞു, ഒരു പന്തിൽ ജയിക്കാൻ 22.
കടുവകൾ പൂച്ചകളായി
ലോകകപ്പിൽ ഏറ്റവും കൂടുതൽ അട്ടിമറികൾ പ്രതീക്ഷിച്ചെത്തിയ ടീമാണ് ബംഗ്ലാദേശ്. തൊട്ടുമുൻപത്തെ ട്വൻറി- 20 പരമ്പരയിൽ ആസ്ട്രേലിയയെ 4- 1ന് തോൽപിച്ചാണ് ലോകകപ്പിന് ടിക്കറ്റെടുത്തത്. പക്ഷെ, സൂപ്പർ 12ലെ അഞ്ച് മത്സരത്തിലും തോറ്റ് നാണംകെട്ടാണ് കടുവൾ മടങ്ങിയത്. ഒമാനിൽ നടന്ന പ്രാഥമീക റൗണ്ടിൽ തന്നെ കാലിടറി തുടങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ സ്കോട്ലാൻഡിനോട് തോറ്റാണ് തുടങ്ങിയത്.
സൂപ്പർ 12ലേക്ക് യോഗ്യത ലഭിക്കില്ല എന്ന് കരുതിയിടത്തുനിന്ന് കഷ്ടിച്ച് കയറിക്കൂടുകയായിരുന്നു. എന്നാൽ, ഒരു മത്സരത്തിൽ പോലും ജയിക്കാനാകാതെ എല്ലാ ടീമുകൾക്കും രണ്ട് പോയൻറ് വീതം സമ്മാനിച്ചാണ് മടക്കം. അടുത്ത കാലത്തൊന്നും വിദേശ രാജ്യങ്ങളിൽ പോയി മത്സരിക്കാത്തതാണ് തിരിച്ചടിയായത്. തമീം ഇഖ്ബാലിനെ പോലുള്ള മികച്ച താരങ്ങളെ പുറത്തിരുത്തിയതും ശാക്കിബ് ഉൾപെടെയുള്ള മുതിർന്ന താരങ്ങൾ ഫോമാകാത്തതും ബംഗ്ലായേ തോൽവിയിലേക്ക് നയിച്ചു. പല തോൽവികളും അതിദയനീയമായിരുന്നു. രണ്ട് മത്സരങ്ങളിൽ മൂന്നക്കം പോലും തികക്കാൻ കഴിഞ്ഞില്ല.
ശോകമൂകം വിൻഡീസ്
ലോകചാമ്പ്യൻമാരുടെ തലയെടുപ്പോടെയെത്തി ഒന്നുമല്ലാതെ മടങ്ങിപ്പോകേണ്ടി വന്ന ഗതികേടിലാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. കളിച്ച അഞ്ച് മത്സരത്തിൽ നാലിലും തോറ്റു. ആകെ ജയിച്ചത് ബംഗ്ലാദേശിനെതിരെ. ട്വൻറി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് വീരൻമാർ ഉള്ള ടീമാണ് ദയനീയമായി മടങ്ങുന്നത്. ക്രിസ് ഗെയിൽ, ആന്ദ്രേ റസൽ, ഡ്വെയ്ൻ ബ്രാവോ, കിറോൺ പൊള്ളാർഡ്, നിക്കോളാസ് പുരാൻ, ഷിംറോൺ ഹെയ്റ്റ്മെയർ, ജാസൻ ഹോൾഡർ എന്നിവരിൽ ആരെങ്കിലുമൊക്കെ തിളങ്ങിയാൽ 200 റൺസ് എന്നത് സിംപിളായി അടിച്ചെടുക്കാൻ കെൽപുള്ള ടീമാണ് നിരാശരായി മടങ്ങിയത്.
ബാറ്റിങ് ലൈനപ്പ് കണ്ട് ഭയപ്പെട്ട ടീമുകൾക്ക് മുന്നിൽ അതിദയനീയമായി കീഴടങ്ങുകയായിരുന്നു. ഗെയ്ലിെൻറയും ബ്രാവോയുടെയും അവസാന ലോകകപ്പിന് കൂടിയാണ് യു.എ.ഇ വേദിയായത്. ബ്രാവോ നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഗെയ്ൽ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇരുവരെയും ഗാർഡ് ഓഫ് ഓണർ നൽകിയാണ് ടീം അംഗങ്ങൾ യാത്രയാക്കിയത്.
കോഹ്ലിയും ടോസും
പണ്ട് മുതലേ വിരാട് കോഹ്ലിയും ടോസും വിപരീത ദ്രുവത്തിലാണ്. ലോകകപ്പിലും ഇതിന് മാറ്റമുണ്ടായില്ല. ഇന്ത്യയുടെ അഞ്ച് മത്സരങ്ങളിൽ മൂന്നിലും. കോഹ്ലിക്ക് ടോസ് നഷ്ടമായി. തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോഹ്ലിക്ക് സ്കോട്ടലാൻഡിനെതിരെ ടോസ് നേടാൻ കഴിഞ്ഞത്. ഈ ലോകകപ്പിൽ ടോസ് നിർണായകമായിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ടീമുകളാണ് കൂടുതലും ജയിച്ചത്.
ഈ സാഹചര്യത്തിലാണ് കോഹ്ലിയും ടോസും തമ്മിലുള്ള 'ഉടക്ക്' ഇന്ത്യക്ക് തിരച്ചടിയായത്. പ്രത്യേകിച്ച് ന്യൂസിലൻഡിനും പാകിസ്താനുമെതിരായ മത്സരങ്ങളിൽ. ഈ മത്സരങ്ങളിലെല്ലാം ടോസ് നേടിയ ടീം ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ട്വൻറി 20യിലും കോഹ്ലിക്ക് ഭൂരിപക്ഷം കളിയിലും ടോസ് നഷ്ടമായ ചരിത്രമാണുള്ളത്.
താരമായി ഹസരങ്ക
ഈ ലോകകപ്പിൽ അപ്രതീക്ഷിതമായി താരമായ കളിക്കാരനാണ് ശ്രീലങ്കയുടെ വനിന്ദു ഹസരംഗ. ലങ്കക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും ഹസരങ്കയുടെ ഓൾറൗണ്ട് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിക്കറ്റ് വേട്ടക്കാരിൽ ഏറ്റവും മുൻപിൽ ഹസരങ്കയുണ്ട്. അഞ്ച് മത്സരത്തിൽ നിന്ന് 156 റൺസ് വഴങ്ങി 16 വിക്കറ്റാണ് ഈ ലെഗ്ബ്രേക്ക് ബൗളർ നേടിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഹാട്രിക്കും ഇതിൽ ഉൾപെടുന്നു. ബൗളിങിൽ മാത്രമല്ല, ബാറ്റിങ്ങിലും ലങ്കയെ താങ്ങിനിർത്താൻ ഹസരങ്കയുണ്ടായിരുന്നു. മധ്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയ അദ്ദേഹം 119 റൺസാണ് നേടിയത്. വളർന്നുവരുന്ന സൂപ്പർതാരമാണ് ഹസരങ്ക എന്നാണ് ലങ്കൻ നായകൻ ദാസുൻ ശനക പറഞ്ഞത്.
റൺസൊഴുകാത്ത ലോകകപ്പ്
ട്വൻറി- 20യെന്നാൽ ബൗളർമാരുടെ ശവപ്പറമ്പ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. പക്ഷെ, ഈ ലോകകപ്പിൽ ബൗളർമാരാണ് മേധാവിത്വം പുലർത്തിയത്. അപൂർവം മത്സരങ്ങളിൽ മാത്രമാണ് 200 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ കഴിഞ്ഞത്. ശരാശരി 150 റൺസാണ് ടീമുകൾ സ്കോർ ചെയ്യുന്നത്. 130 റൺസെടുത്താൽ പോലും ജയിക്കാമെന്ന ആത്മവിശ്വാസം നൽകാനും ഈ ലോകകപ്പിന് കഴിഞ്ഞു.
ടോസിന് പ്രാധാന്യം ലഭിക്കാൻ കാരണവും ഈ റൺസൊഴുക്കാണ്. ലക്ഷ്യബോധമില്ലാതെ ആദ്യം ബാറ്റ് ചെയ്ത് ചെറിയ റൺസിൽ ഒതുങ്ങുന്നതിലും നല്ലത് കൃത്യമായ ലക്ഷ്യം കണക്കാക്കി രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് എന്ന് ടീമുകൾ കരുതുന്നു. സിക്സറുകളുടെ എണ്ണം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഐ.പി.എല്ലിൽ ഓരോ 21 പന്തിലും സിക്സറുകൾ പിറന്നെങ്കിലും ലോകകപ്പിലെത്തിയപ്പോൾ അത് 27 പന്തായി ഉയർന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 71 പന്തുകൾ ഒരു ബൗണ്ടറി പോലും നേടാനാകാതെ കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിര വലഞ്ഞതും നാം കണ്ടിരുന്നു.
ഹാട്രിക്കിൽ ഹാട്രിക്ക്
ലോകകപ്പിെൻറ ചരിത്രത്തിൽ ആദ്യമായി മൂന്ന് ഹാട്രിക്കുകൾക്കും യു.എ.ഇ സാക്ഷ്യം വഹിച്ചു. 2007ലെ ആദ്യ എ-ഡിഷന് ശേഷം ട്വൻറി- 20 ലോകകപ്പിൽ ഹാട്രിക് പിറന്നിട്ടില്ല. എന്നാൽ, ബൗളർമാരെ തുണച്ച ഇത്തവണത്തെ ലോകകപ്പിൽ മൂന്നുവട്ടം ഹാട്രിക് കുറിച്ചു. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെതർലെൻഡിനെതിരെ അയർലൻഡ് താരം കുർട്ടിസ് കാംഫറാണ് ആദ്യ ഹാട്രിക് നേടിയത്. മാത്രമല്ല, തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റെടുക്കാനും കുർട്ടിസിന് കഴിഞ്ഞു. കോളിൻ അക്കർമാൻ, റയാൻ ടെൻ ഡോഷറ്റെ, സ്കോട്ട് എഡ്വാർഡ്സ്, വാൻഡർ മെർവ് എന്നിവരായിരുന്നു ഇരകൾ.
ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് അടുത്ത ഹാട്രിക് നേടിയത്. ഷാർജ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻ നിര ബാറ്റ്സ്മാൻമാരായ എയ്ഡൻ മാർക്റാം, ടെംബ ബാവുമ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരെയാണ് പുറത്താക്കിയത്. മൂന്നാം ഹാട്രിക് ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദയുടേതായിരുന്നു. അവസാന ഓവറിൽ ഇംഗ്ലീഷ് താരങ്ങളായ ക്രിസ് വോക്സ്, ഓയിൻ മോർഗൻ, ക്രിസ് ജോർദാൻ എന്നിവരെ പുറത്താക്കിയതോടെ മത്സരം കൈയിലൊതുക്കാനും ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞു. 2007 ലോകകപ്പിലെ ബ്രെറ്റ്ലിയുടെ ഹാട്രിക്കായിരുന്നു ഇതിന് മുൻപുള്ള ഏക ലോകകപ്പ് ഹാട്രിക്.
ചരിത്രമെഴുതി പാകിസ്താൻ
'ഈ ജയത്തിൽ നമുക്ക് അഭിമാനിക്കാം. പക്ഷെ, ഒരിക്കൽ ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് തോൽക്കും'- 2016ലെ ലോകകപ്പിൽ പാകിസ്താനെ തോൽപിച്ച ശേഷം നായകൻ എം.എസ്. ധോനി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ ഒടുവിൽ സത്യമായിരിക്കുന്നു. ട്വൻറി- 20 ആയാലും ഏകദിനം ആയാലും ലോകകപ്പിൽ പാകിസ്താന് മുന്നിൽ കീഴടങ്ങിയിട്ടില്ലെന്ന ഇന്ത്യയുടെ അവകാശ വാദത്തിന് ഈ ലോകകപ്പ് ഫുൾസ്റ്റോപ്പിട്ടു. ലോകകപ്പിെൻറ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ പാകിസ്താൻ തോൽപിക്കുന്നതിന് ദുബൈ സ്റ്റേഡിയം സാക്ഷിയായി. ഇതിന് മുൻപ് 12 തവണയാണ് ഇന്ത്യയും പാകിസ്താനും ലോകകപ്പിൽ ഏറ്റുമുട്ടിയത്.
12ലും ജയം ഇന്ത്യക്കായിരുന്നു. 2007 ട്വൻറി ലോകകപ്പിൽ പച്ചപ്പടയെ തോൽപിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 2019ലെ ഏകദിന ലോകകപ്പിലും പാകിസ്താനെ ഇന്ത്യ തുരുത്തിയിരുന്നു. ഇതിെൻറയെല്ലാം കടംവീട്ടൽ ആകില്ലെങ്കിലും ഉജ്വല ജയമാണ് ഈ ലോകകപ്പിൽ പാകിസ്താൻ നേടിയത്. ഇന്ത്യയെ ആദ്യ ഓവർ മുതൽ എറിഞ്ഞുടച്ച പാക് സംഘം ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ വിജയിക്കുകയും ചെയ്തു. ഓപണർമാരായ റിസ്വാനും ബാബർ അസമും ചേർന്നൊരുക്കിയ അപരാജിത കൂട്ടുകെട്ടാണ് പാകിസ്താന് അനായാസ വിജയമൊരുക്കിയത്.
അടുത്ത ലോകകപ്പിന് യോഗ്യത നേടി ബംഗ്ലാദേശും അഫ്ഗാനും
ഈ ലോകകപ്പിെൻറ സെമിയിലെത്താൻ കഴിഞ്ഞില്ലെങ്കിലും അടുത്ത വർഷത്തെ ലോകകപ്പിെൻറ സൂപ്പർ 12ലേക്ക് നേരിട്ട് ടിക്കറ്റെടുത്തിരിക്കുകയാണ് ബംഗ്ലാദേശും അഫ്ഗാനിസ്താനും. റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനത്ത് നിലയുറപ്പിക്കാൻ കഴിഞ്ഞതാണ് ഇവർക്ക് ഗുണം ചെയ്തത്. ബംഗ്ലാദേശിന് ഈ ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും റാങ്കിങിൽ താഴെ പോയില്ല.
അതേസമയം, റാങ്കിങ്ങിൽ പിന്നിലോട്ട് പോയ ശ്രീലങ്കക്കും വെസ്റ്റിൻഡീസിനും പ്രാഥമീക റൗണ്ട് കളിച്ച് ജയിച്ചാൽ മാത്രമെ സൂപ്പർ 12ലേക്ക് യോഗ്യത നേടാൻ കഴിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസ് റാങ്കിങിൽ ബംഗ്ലാദേശിനും അഫ്ഗാനും ശ്രീലങ്കക്കും പിന്നിലായി പത്താം സ്ഥാനത്താണ്. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എന്നീ ടീമുകൾ സൂപ്പർ 12ൽ ഇടംപിടിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിലേക്കുള്ള കുഞ്ഞൻ ടീമുകളുടെ യോഗ്യത മത്സരങ്ങൾ പുരോഗമിക്കുകയാണ്. യു.എ.ഇ അടക്കമുള്ള ടീമുകൾ കളിക്കുന്നുണ്ട്.
കപ്പില്ലാത്തനായകനായി പടിയിറക്കം
നിരവധി ടൂർണമെൻറുകൾ ജയിച്ചിട്ടുണ്ടെങ്കിലും ഐ.സി.സിയുടെ കപ്പുകളൊന്നും നേടാത്ത നായകനായി വിരാട് കോഹ്ലി ട്വൻറി- 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനും ദുബൈ സാക്ഷ്യം വഹിച്ചു. ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീമിലെ പടലപ്പിണക്കങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദിന- ട്വൻറി- ടെസ്റ്റ് ലോകകപ്പുകളിലും ചാമ്പ്യൻസ് ലീഗിലും കോഹ്ലി ഇന്ത്യയെ നയിച്ചെങ്കിലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല.
കോഹ്ലി നേടിയ മറ്റ് കിരീടങ്ങളെല്ലാം ഇതിനടിയിൽ അലിഞ്ഞ് പോകുന്ന അവസ്ഥയുണ്ടായിരുന്നു. ലോകകപ്പിൽ പാകിസ്താനോട് ആദ്യമായി തോറ്റതോടെ നായകെൻറ പിഴവുകൾ നിരത്തി കോഹ്ലി വിരുദ്ധർ എത്തി. ഐ.പി.എല്ലിലും കോഹ്ലിയുടെ അവസ്ഥ ഇതുതന്നെയാണ്. വർഷങ്ങളോളം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ നായകനായിരുന്നെങ്കിലും ഒരു തവണ പോലും കിരീടം നേടാൻ കഴിഞ്ഞില്ല. ഐ.പി.എല്ലിലെ നായകസ്ഥാനവും കോഹ്ലി ഈ സീസണോടെ ഒഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.