ക്രിക്കറ്റിൽ ശക്തമായി ചുവടുറപ്പിക്കാൻ സൗദി അറേബ്യ
text_fieldsറിയാദ്: ക്രിക്കറ്റിന്റെ വളർച്ചയും വികാസവും ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ആഭ്യന്തരമായും അന്തർദേശീയമായും ക്രിക്കറ്റിലെ വിവിധ അവസരങ്ങൾ ആരായുന്നതായി സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ(എസ്.എ.സി.എഫ്). രാജ്യത്തും അന്തർദേശീയ തലത്തിലും ക്രിക്കറ്റിനു മുതൽകൂട്ടാവുന്ന സംഭാവനകൾ അർപ്പിക്കാൻ എസ്.എ.സി.എഫ് എന്നും പ്രതിഞബദ്ധമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നതിനായി ബി.സി.സി.ഐ, ഇന്ത്യൻ പ്രീമിയർ ലീഗ് എന്നിവരുടെ സഹകരണത്തോടെ സൗദി അറേബ്യ തയ്യാറെടുക്കുന്നു എന്ന തരത്തിലുള്ള വർത്തകൾക്കുള്ള മറുപടിയായിട്ടാണ് എസ്എസിഎഫ് വിശദീകരണം നൽകിയത്. സൗദി ക്രിക്കറ്റ് ഫെഡറേഷൻ ഇപ്പോൾ പ്രാമുഖ്യം കൊടുക്കുന്നത് ക്രിക്കറ്റിന് ആവശ്യമായ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കളിക്കാരെ വളർത്തുന്നതിനാവശ്യമായ ഗ്രാസ്റൂട്ട് പദ്ധതികൾ നടപ്പാക്കുന്നതിനുമാണ്.
സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ അമീർ സഊദ് ബിൻ മിഷാൽ അൽ സഊദ്, കായികരംഗത്ത് സംഘടനയുടെ ഭാവി ഇടപെടലിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സൗദി അറേബ്യയിലും രാജ്യാന്തരതലത്തിലുമുള്ള ക്രിക്കറ്റിന്റെ സാധ്യതകളെക്കുറിച്ച് ഞങ്ങൾ ആവേശഭരിതരാണ്. ക്രിക്കറ്റ് എന്ന ഗെയിമിനെ ഉയർത്താനും അടുത്ത തലമുറയിലെ കളിക്കാരെ പ്രചോദിപ്പിക്കാനും ലോകത്താകമാനം നല്ല സ്വാധീനം ചെലുത്താനും സഹായിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
നിരവധി ഊഹാപോഹങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. എല്ലാ കക്ഷികളിൽ നിന്നുമുള്ള താൽപ്പര്യം മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ക്രിക്കറ്റ് സമൂഹത്തിന്റെ താൽപ്പര്യങ്ങളോട് ചേർന്ന് നിൽക്കുന്ന തുറന്നതും സുതാര്യവുമായ രീതിയിലായിരിക്കും ക്രിക്കറ്റ് ഫെഡറേഷന്റെ മുൻപോട്ടുള്ള പ്രയാണമെന്നും എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു ക്രിക്കറ്റ് സംസ്കാരം രാജ്യത്തു വികസിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളുമായും പങ്കാളികളുമായും പ്രവർത്തിക്കാൻ ഞങ്ങൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ ക്രിക്കറ്റിന്റെ ഭരണസമിതി എന്ന നിലയിൽ, ആഭ്യന്തരമായും അന്തർദേശീയമായും കായികരംഗത്തിന്റെ വളർച്ചയും വിജയവും ഉറപ്പാക്കിക്കൊണ്ട് എല്ലാ തലങ്ങളിലും ഗെയിമിനെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഫെഡറേഷന്റെ ദൗത്യമെന്നും ഭാവിപദ്ധതികളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വരും മാസങ്ങളിൽ നല്കാനാവുമെന്നും സൗദി ക്രിക്കറ്റ് ഫെഡറേഷൻ അറിയിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനെ സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ അമീർ സഊദ് ബിൻ മിഷാൽ അൽ സൗദും സംഘവും എംബസിയിൽ സന്ദർശിച്ചു. സൗദി അറേബ്യയിലെ ക്രിക്കറ്റിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ കൂടുതൽ പങ്കാളിത്തം ഉൾപ്പെടെ സൗദി അറേബ്യയിലെ ക്രിക്കറ്റ് പ്രമോഷന്റെ വിവിധ വശങ്ങൾ അവർ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.