മാന്യന്മാരുടെ കളിയിൽ മതം തിരയുന്നവർ...
text_fieldsഅത്യുജ്ജലവും അസാധാരണവുമായ പ്രകടനത്തിലൂടെ ഇന്ത്യ വിശ്വകിരീടത്തിന്റെ അവസാന പടിയിലെത്തി നിൽക്കുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഞായറാഴ്ച അഹമ്മദാബാദിൽ എതിരാളി ആരായാലും ഇന്ത്യ കപ്പുയർത്തുമെന്ന് തന്നെയാണ് ആശയും പ്രതീക്ഷയും.
ചാമ്പ്യൻഷിപ്പിലുടനീളം അസാധാരണ ഫോമിലായിരുന്നു ഇന്ത്യ. ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ താരതമേന്യ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കളിയിൽ തുടക്കത്തിൽ നാലു വിക്കറ്റുകൾ നഷ്ടമായ ഘട്ടത്തിൽ മാത്രമായിരുന്നു സെമിക്ക് മുമ്പ് ഇന്ത്യ സമ്മർദത്തിലമർന്നത്. അന്ന് കോഹ്‍ലിയും രാഹുലും ടീമിനെ വിജയത്തിലേക്ക് നയിച്ചു. പിന്നീട് കടുപ്പക്കാരായ എതിരാളികളോട് പോലും അനായസവിജയങ്ങൾ. ഒമ്പതിൽ ഒമ്പതും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സെമിയിൽ പടുകൂറ്റൻ സ്കോർ നേടിയിട്ടും കെവിൻ വില്യംസണും ഡാറൽ മിച്ചലും കാണിച്ച പോരാട്ട വീര്യം രോഹിത് ശർമയെയും കൂട്ടരെയും മുൾമുനയിൽ നിർത്തി.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ വമ്പൻ സ്കോറുകൾ പിന്തുടർന്ന് നേടുന്നതിൽ കിവീസിന് പ്രത്യേക വിരുതുണ്ട്. അത്തരമൊരു നിർണായക സമ്മർദത്തിലാണ് ജസ്പ്രീത് ബുംറയുടെ പന്തിൽ കെയ്ൻ വില്യംസണിന്റെ അനായസമായൊരു ക്യാച്ച് മുഹമ്മദ് ഷമി വിട്ടുകളയുന്നത്. ആ നിമിഷം മുതൽ ഷമി എന്ന കളിക്കാരനപ്പുറം അയാളിലെ മതമാണ് സ്പോർട്സ്മാൻ സ്പിരിറ്റ് പേരിന് പോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കൂട്ടം ആളുകൾ ചർച്ച ചെയ്തു തുടങ്ങിയത്. ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്താനോട് തോറ്റ മത്സരത്തിൽ ഏറെ അടി വാങ്ങിയ ഷമിക്ക് അന്ന് പേരിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ദുരന്തം വിവരണാതീതമാണ്. അന്ന് ഒപ്പം നിന്ന നായകൻ വിരാട് കോഹ്‍ലിയും ഏറെ ക്രൂശിക്കപ്പെട്ടു.
ആ കെട്ട ഓർമകളെ കൂട്ടുപിടിച്ച്, പറ്റിയ പിഴവിന് പ്രായശ്ചിത്തം ചെയ്യണമെന്ന ദൃഢനിശ്ചയവുമായാണ് ഷമി മറ്റൊരു സ്പെല്ലിന് തുടക്കമിട്ടത്. വേഗം കുറഞ്ഞ പന്തുകൾ പരീക്ഷിച്ച് എതിരാളിയെ വീഴ്ത്തുന്ന തന്ത്രത്തിൽ വില്യംസൺ വീണപ്പോൾ ആശ്വാസം കൊണ്ടത് ഷമി മാത്രമായിരിക്കില്ല, ഷമിയുടെ മികവിനെ അളവറ്റു സ്നേഹിക്കുന്ന യഥാർഥ കളിക്കമ്പക്കാർ കൂടിയായിരുന്നു. തുടർന്നങ്ങോട്ട് കിവീസ് ഇന്നിങ്സ് കീറിമുറിച്ച് ഷമി ഇന്ത്യക്ക് മറ്റൊരു വമ്പൻ വിജയം സമ്മാനിച്ചു. വിരാടിന്റെ ചരിത്ര നേട്ടത്തിനൊപ്പം റെക്കോഡുകളുടെ പെരുമഴയിലേക്ക് പന്തെറിഞ്ഞ ഷമിയും പ്രകീർത്തനങ്ങളുടെ പെരുമ്പുറ മുഴക്കത്തിലമർന്നു.
ടീമിന്റെ ‘സന്തുലിതത്വം’ കാക്കാൻ ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്ന, ഹാർദിക് പാണ്ഡ്യയുടെ പരിക്ക് കാരണം തീർത്തും യാദൃച്ഛികമായി അവസാന ഇലവനിൽ ഇടം ലഭിച്ച ഷമി പിന്നീടങ്ങോട്ട് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. കളിച്ച ആറു മത്സരങ്ങളിൽ മൂന്നിലും കളിയിലെ കേമൻ. ഒരുപക്ഷേ, ഈ ലോകകപ്പിന്റെ താരമെന്ന വിശേഷണത്തിലലിയാൻ ഇനി ഫൈനലിന്റെ ദൂരം മാത്രം.
വൈറ്റ് ബാൾ ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടില്ലാത്ത, ടെസ്റ്റ് ബൗളറായി ചിത്രീകരിക്കപ്പെട്ട മുഹമ്മദ് ഷമി എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബാളർമാരിലൊരാളായ ക്രിക്കറ്ററുടെ നേട്ടങ്ങൾ ആ പേരിന്റെ പേരിൽ ചർച്ചയാവുന്നതാണ് ഈ കാലത്തിന്റെ ദുരന്തം. മുഷ്താഖ് അലി, മൻസൂർ അലി ഖാൻ പട്ടോഡി, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയവർ ടീമിനെ നയിച്ച പാരമ്പര്യം ഇന്ത്യൻ ക്രിക്കറ്റിനുണ്ട്. അന്നൊന്നും കളിക്കളത്തിലെ പിഴവുകൾക്ക് അവരുടെ പേരിന് പഴി കേൾക്കേണ്ടി വന്നിട്ടില്ല. ഇന്ന് കളിക്കളത്തിലെ ആത്മാർഥത മനുഷ്യ സഹജമായ ചെറിയ പിഴവുകൾ കൊണ്ട് പോലും ചോദ്യം ചെയ്യപ്പെടുന്ന ദുരന്ത ചിത്രമാണ് ചുറ്റും. വിക്കറ്റ് നേട്ടം മൈതാന മധ്യത്തിൽ ഭൂമിയെ ചുംബിച്ച് ആഘോഷിക്കാനുള്ള ശ്രമം തന്റെ പേരിന്റെ പേരിൽ പിൻവലിയേണ്ടി വന്ന ചിത്രവും ഈ ലോകകപ്പ് നമുക്ക് കാണിച്ചു തന്നു.
ചിരവൈരികളായ പോരാളികൾ ഏത് കളിയിലും മൈതാനങ്ങളിലും എന്നുമുണ്ടായിട്ടുണ്ട്. അവക്ക് സ്പോർട്ട്സ്മാൻ സ്പിരിറ്റുമുണ്ട്. എന്നാൽ, കളിക്കാരുടെ മതങ്ങളുടെ പേരിൽ കളിക്ക് യുദ്ധത്തിന്റെ പരിവേഷം നൽകുന്ന ഭീതിതമായ ഒരന്തരീക്ഷം നമുക്ക് ചുറ്റും രൂപപ്പെട്ടു വരുന്നത് അത്യന്തം ആശങ്കയുളവാക്കുന്നതാണ്. ഗാലറികളിൽ മത ചിഹ്നങ്ങളും പ്രകീർത്തനങ്ങളും ഉയർന്നു കേൾക്കുന്നതും ലോകത്തിന്റെ ഉയർന്ന കായിക സംസ്കാരത്തിന് ഭീഷണിയുയർത്തുന്നു. ക്രിക്കറ്റ് എന്നും മാന്യന്മാരുടെ കളിയാണ്. ആ മാന്യത കളിക്കളത്തിലെന്നും നാം ഉയർത്തിപ്പിടിക്കുക തന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.