ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് രണ്ടു വിക്കറ്റിന് 221
text_fieldsഅഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് മികച്ച തുടക്കം. ബാറ്റിങ് ഒച്ചിെൻറ വേഗത്തിലായിരുന്നെങ്കിലും അധികം വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച ഓസീസ് ഡേനൈറ്റ് ടെസ്റ്റിെൻറ ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ രണ്ടു വിക്കറ്റിന് 221 എന്ന നിലയിലെത്തി. 95 റൺസ് വീതമെടുത്ത ഡേവിഡ് വാർണറും മാർനസ് ലബുഷെയ്നുമാണ് ആതിഥേയ ഇന്നിങ്സിന് അടിത്തറ പാകിയത്. വാർണറും മാർകസ് ഹാരിസും (3) പുറത്തായപ്പോൾ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് (18) ആണ് ലബുഷെയ്നിനൊപ്പം ക്രീസിൽ.
ആഷസിൽ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത് ആദ്യ ടെസ്റ്റിൽ ടീമിന് തകർപ്പൻ ജയം സമ്മാനിച്ച നായകൻ പാറ്റ് കമ്മിൻസ് കോവിഡ് പോസിറ്റിവ് ബന്ധം കാരണം പുറത്തിരുന്നപ്പോൾ സ്മിത്തിന് ഏറെക്കാലത്തിനുശേഷം ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചു. ടോസ് നേടിയ സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പരിചയസമ്പന്നരായ ജെയിംസ് ആൻഡേഴ്സണും സ്റ്റുവാർട്ട് ബ്രോഡും തിരിച്ചെത്തിയതോടെ ഇംഗ്ലണ്ട് ബൗളിങ്ങിെൻറ മൂർച്ച കൂടിയെങ്കിലും അത് വിക്കറ്റുകളിലേക്ക് വഴിമാറ്റാൻ ജോ റൂട്ടിനും സംഘത്തിനുമായില്ല. എട്ടാം ഓവറിൽ ഹാരിസിനെ ബ്രോഡിെൻറ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ ജോസ് ബട്ലർ പുറത്താക്കിയതിലൊതുങ്ങി ഇംഗ്ലണ്ടിെൻറ മുൻതൂക്കം. അടുത്ത വിക്കറ്റ് വീഴ്ത്താൻ ഇംഗ്ലണ്ട് 65ാം ഓവർ വരെ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ ടെസ്റ്റിലേതിന് സമാനമായി വാർണറും ലബുഷെയ്നും മികച്ച കൂട്ടുകെട്ടുയർത്തിയപ്പോൾ പതുക്കെയാണെങ്കിലും ഓസീസ് സ്കോർബോർഡ് മുന്നോട്ടുനീങ്ങി. രണ്ടാം വിക്കറ്റിൽ 172 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവർക്കുമിടയിലെ ആറാം സെഞ്ച്വറി പാർട്ണർഷിപ്പായിരുന്നു ഇത്.
വളരെ പതുക്കെയാണ് ആസ്ട്രേലിയ സ്കോർ ചെയ്തത്. 89 ഓവർ ബാറ്റ് ചെയ്തായിരുന്നു ടീം 221ലെത്തിയത്. റൺശരാശരി 2.48 മാത്രം. ആദ്യ സെഷനിൽ 25 ഓവറിൽ 45 റൺസ് മാത്രം പിറന്നപ്പോൾ രണ്ടാം സെഷനിൽ 28 ഓവറിൽ 84 റൺസ് സ്കോർ ചെയ്തു.
എന്നാൽ, തുടർച്ചയായ രണ്ടാം മത്സരത്തിലും വാർണർ സെഞ്ച്വറിക്കരികെ വീണതോടെ സ്കോറിങ് വീണ്ടും മന്ദഗതിയിലായി. 167 പന്തിൽ 11 ബൗണ്ടറി പായിച്ച വാർണറെ ബെൻ സ്റ്റോക്സിെൻറ പന്തിൽ ബ്രോഡ് പിടികൂടുകയായിരുന്നു. ശേഷമെത്തിയ സ്മിത്തും പ്രതിരോധത്തിലേക്ക് ആണ്ടതോടെ അവസാന സെഷനിൽ 36 ഓവറിൽ 92 റൺസാണ് വന്നത്. അഭേദ്യമായ മൂന്നാം വിക്കറ്റിൽ ലബുഷെയ്നും സ്മിത്തും 45 റൺസ് ചേർത്തിട്ടുണ്ട്. രണ്ടു തവണ ബട്ലറുടെ കൈയിൽനിന്ന് ജീവൻ ലഭിച്ച ലബുഷെയ്ൻ 275 പന്തിൽ ഏഴു ബൗണ്ടറി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.