ആസ്ട്രേലിയ ലോകകപ്പ് ഫൈനലിൽ; പൊരുതിവീണ് ദക്ഷിണാഫ്രിക്ക; തോൽവി മൂന്നു വിക്കറ്റിന്
text_fieldsകൊല്‍ക്കത്ത: ഒരിക്കൽകൂടി ലോകകപ്പ് ക്രിക്കറ്റ് സെമി കടമ്പ കടക്കാനാകാതെ ദക്ഷിണാഫ്രിക്ക പൊരുതിവീണു, നാടകീയത നിറഞ്ഞ സാധ്യതകൾ മാറിമറിഞ്ഞ സസ്പെൻസ് ത്രില്ലർ പോരാട്ടത്തിനൊടുവിൽ മൂന്ന് വിക്കറ്റ് ജയവുമായി ആസ്ട്രേലിയ ഫൈനലിൽ. ഇന്ത്യ-ആസ്ട്രേലിയ ഫൈനലിന് ഇതോടെ കളമൊരുങ്ങി.
ഞായറാഴ്ച അഹ്മദാബാദിലാണ് ഫൈനൽ. 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചാണ് ആസ്ട്രേലിയ ജേതാക്കളായത്. അഞ്ചുവട്ടം ചാമ്പ്യന്മാരായ ആസ്‌ട്രേലിയയുടെ എട്ടാം ഫൈനലാണിത്. രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 49.4 ഓവറിൽ 212 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആസ്ട്രേലിയ 47.2 ഓവറിൽ ഏഴു വിക്കറ്റിന് ലക്ഷ്യത്തിലെത്തി. ഒന്നാം സെമിയിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ തോൽപിച്ചത്.
213 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്ട്രേലിയയെ വിറപ്പിച്ചാണ് പ്രോട്ടീസ് കീഴടങ്ങിയത്. അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയിൽ തോൽക്കുന്നത്. ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും തുടക്കത്തിൽതന്നെ മത്സരത്തിൽ ഓസീസിന് മേൽക്കൈ നൽകി. ഇരുവരും ആറു ഓവറിൽ 60 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ, ഏഴാം ഓവറില്‍ വാര്‍ണറെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കി. 18 പന്തില്‍ ഒരു ഫോറും നാല് സിക്‌സുമടക്കം 29 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. പിന്നാലെ എത്തിയ മിച്ചല്‍ മാര്‍ഷ് അക്കൗണ്ട് തുറക്കും മുമ്പേ റബാദയുടെ പന്തിൽ ഡസ്സന്‍റെ കൈയിലെത്തി.
ഇതിനിടെ ഹെഡ് അർധ സെഞ്ച്വറി പിന്നിട്ടു. 15ാം ഓവറില്‍ ഹെഡിനെ കേശവ് മഹാരാജ് മടക്കി. 48 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സുമടക്കം 62 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം. പിന്നാലെ 31 പന്തിൽ 18 റൺസെടുത്ത മാർനസ് ലബുഷെയ്നെയും ഒരു റണ്ണെടുത്ത ഗ്ലെൻ മാക്സ് വെല്ലിനെയും തബ്റൈസ് ഷംസി പുറത്താക്കി പ്രോട്ടീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഓസീസ് സ്കോർ 137ൽ നിൽക്കെ അഞ്ചു വിക്കറ്റുകൾ വീണതോടെ പ്രോട്ടീസ് താരങ്ങളുടെ മുഖത്ത് വിജയപ്രതീക്ഷ.
ഷംസിയുടെയും മഹാരാജിന്‍റെയും സ്പിൻ ആക്രമണത്തിൽ ഓസീസ് താരങ്ങൾ റണ്ണെടുക്കാൻ ശരിക്കും പ്രയാസപ്പെട്ടു. സ്മിത്തും ജോഷ് ഇംഗ്ലിസും ശ്രദ്ധയോടെ ബാറ്റുവീശി സ്കോർ പതുക്കെ മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ 62 പന്തിൽ 30 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെ കോട്ട്സീ പുറത്താക്കിയതോടെ വീണ്ടും അനിശ്ചിതത്വം. പിന്നാലെ 28 റൺസെടുത്ത ജോഷ് ഇംഗ്ലിസിനെയും കോട്സീ ബൗൾഡാക്കിയതോടെ മത്സരം വീണ്ടും മുറുകി. ഓസീസിന് ജയിക്കാൻ 18 റൺസ് കൂടി. എന്നാൽ, മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.
പ്രോട്ടീസിനായി തബ്റൈസ് ഷംസി, ജെറാൾഡ് കോട്സീ എന്നിവർ രണ്ടു വിക്കറ്റ് വീതവും കഗിസോ റബാദ, എയ്ഡൻ മാർക്രം, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടമാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 116 പന്തിൽ 101 റൺസെടുത്താണ് മില്ലർ പുറത്തായത്. അഞ്ച് സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഹെൻറിച് ക്ലാസന്‍റെ (48 പന്തിൽ 47 റൺസ്) ബാറ്റിങ്ങും തുണച്ചു. ഒരു ഘട്ടത്തില്‍ നാലിന് 24 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ക്ലാസനും മില്ലറും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 95 റൺസ് കൂട്ടിചേർത്താണ് പിരിഞ്ഞത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണറും നായകനുമായ ടെംബ ബാവുമയെ (പൂജ്യം) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നാലെ 14 പന്തിൽ മൂന്നു റൺസെടുത്ത ക്വിന്‍റൺ ഡീകോക്കിനെ ജോഷ് ഹേസൽവുഡ് പാറ്റ് കമ്മിന്‍സിന്റെ കൈയിലെത്തിച്ചു. ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് എട്ട് റൺസ് എന്ന നിലയിലേക്ക് വീണു. ആസ്ട്രേലിയൻ പേസര്‍മാര്‍ക്കെതിരേ റണ്‍സെടുക്കാന്‍ ബാറ്റര്‍മാര്‍ നന്നേ ബുദ്ധിമുട്ടി.
എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ഡർ ഡസ്സനും രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. 20 പന്തില്‍ 10 റണ്‍സെടുത്ത മാര്‍ക്രം സ്റ്റാര്‍ക്കിന്‍റെ പന്തിൽ പുറത്തായി. പിന്നാലെ ഡസ്സനും (31 പന്തിൽ ആറ് റൺസ്) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 24ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. അഞ്ചാം വിക്കറ്റില്‍ ഹെൻറിച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീം സ്കോർ 100 കടത്തിയത്.
31ാം ഓവറിലെ നാലാം പന്തിൽ ക്ലാസനെ ട്രാവിസ് ഹെഡ് മടക്കി. 48 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 47 റണ്‍സെടുത്താണ് ക്ലാസന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ മാര്‍ക്കോ ജാൻസനും (പൂജ്യം) മടങ്ങിയതോടെ പ്രോട്ടീസ് വീണ്ടും പ്രതിരോധത്തിലായി. പിന്നാലെ മില്ലർ ജെറാൾഡ് കോട്ട്സിയുമായി ചേർന്ന് ശ്രദ്ധയോടെ ബാറ്റേന്തി ടീം സ്കോർ മുന്നോട്ടുകൊണ്ടുപോയി.
44ാമത്തെ ഓവറിൽ ജെറാർഡിനെ (39 പന്തിൽ 19 റൺസ്) കമ്മിൻസ് പുറത്താക്കി. നാലു റണ്ണുമായി കേശവ് മഹാരാജും വേഗം മടങ്ങി. കഗിസോ റബാദ 12 പന്തിൽ 10 റൺസെടുത്ത് പുറത്തായി. ഒരു റണ്ണുമായി തബ്റൈസ് ഷംസി പുറത്താകാതെ നിന്നു. ഓസീസിനായി മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ് എന്നിവർ മൂന്നു വിക്കറ്റ് വീതവും ജോഷ് ഹേസൽവുഡ്, ട്രാവിഡ് ഹെഡ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
ലീഗ് റൗണ്ടിൽ 14 പോയന്റുമായി രണ്ടാംസ്ഥാനത്തായിരുന്നു ദക്ഷിണാഫ്രിക്ക. 1999, 2007 ലോകകപ്പിൽ സെമിഫൈനൽ കളിച്ചെങ്കിലും ഓസീസിനോട് തോറ്റ് പുറത്തായി. ലീഗ് റൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ദക്ഷിണാഫ്രിക്കക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.