ഈഡനിലും ഇന്ത്യൻ ജോയ്! ദക്ഷിണാഫ്രിക്കയെയും കീഴടക്കി ജൈത്രയാത്ര; ജയം 243 റൺസിന്
text_fieldsകൊൽക്കത്ത: ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെയും തരിപ്പണമാക്കി ഇന്ത്യൻ കുതിപ്പ്. 243 റൺസിനാണ് ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ 27.1 ഓവറിൽ 83 റൺസിൽ ഇന്ത്യ എറിഞ്ഞൊതുക്കി.
ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജദേജ അഞ്ചു വിക്കറ്റ് നേടി. ലോകകപ്പിലെ തുടർച്ചയായ എട്ടാം ജയവുമായി ഇന്ത്യ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. പ്രോട്ടീസ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 30 പന്തിൽ 14 റൺസെടുത്ത മാർകോ ജാൻസെനാണ് ടോപ് സ്കോറർ. ക്വിന്റൺ ഡീകോക്ക് (10 പന്തിൽ അഞ്ച്), ടെംബ ബാവുമ (19 പന്തിൽ 11), വാൻഡർ ഡസൻ (32 പന്തിൽ 13), എയ്ഡൻ മാർക്രം (ആറു പന്തിൽ ഒമ്പത്), ഹെയ്ൻറിച് ക്ലാസൻ (11 പന്തിൽ ഒന്ന്), ഡേവിഡ് മില്ലർ (11 പന്തിൽ 11), കേശവ് മഹാരാജ് (11 പന്തിൽ ഏഴ്), കഗിസോ റബാദ (26 പന്തിൽ ആറ്), ലുങ്കി എൻഗിഡി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റണ്ണുമായി തബ്രെയിസ് ഷംസി പുറത്താകാതെ നിന്നു.
മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടും മുഹമ്മജ് സിറാജ് ഒരു വിക്കറ്റും നേടി. നേരത്തെ, കോഹ്ലിയുടെ 49ാം ഏകദിന സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധസെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യൻ സ്കോർ 300 കടന്നത്. കോഹ്ലി 121 പന്തിൽ പത്ത് ഫോറടക്കം 101 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ 77 റൺസുമായി ശ്രേയസ് അയ്യർ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ രവീന്ദ്ര ജദേജയുടെ വെടിക്കെട്ടാണ് ഇന്ത്യയെ 325 കടത്തിയത്. ജദേജ 15 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 29 റൺസെടുത്ത് പുറത്താവാതെനിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ-ശുഭ്മൻ ഗിൽ ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 5.5 ഓവറിൽ 62 റൺസ് ചേർത്താണ് പിരിഞ്ഞത്. റബാദക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തിൽ പിഴച്ച രോഹിതിനെ എതിർ ക്യാപ്റ്റൻ ടെംബ ബാവുമ പിടികൂടുകയായിരുന്നു. 24 പന്തിൽ രണ്ട് സിക്സും ആറ് ഫോറുമടക്കം 40 റൺസായിരുന്നു നായകന്റെ സംഭാവന. സ്കോർബോർഡിൽ 93 റൺസായപ്പോൾ ഗില്ലും മടങ്ങി. സ്പിന്നർ കേശവ് മഹാരാജിന്റെ പന്ത് താരത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ബെയിൽസ് ഇളക്കുകയായിരുന്നു. 24 പന്തിൽ 23 റൺസാണ് ഗിൽ നേടിയത്.
തുടർന്നെത്തിയ ശ്രേയസ് അയ്യരും കോഹ്ലിയും ചേർന്ന് സ്കോർ മുന്നോട്ട് നയിക്കുകയായിരുന്നു. 87 പന്തിൽ 77 റൺസെടുത്ത ശ്രേയസ് എൻഗിഡിയുടെ പന്തിൽ മർക്രാം പിടിച്ച് പുറത്താകുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 158 പന്തിൽ 134 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്. കെ.എൽ രാഹുൽ എട്ട് റൺസുമായും സൂര്യകുമാർ യാദവ് 22 റൺസുമായും മടങ്ങി. ദക്ഷിണാഫ്രിക്കൻ നിരയിൽ ലുങ്കി എൻഗിഡി, മാർകോ ജാൻസൻ, കഗിസൊ റബാദ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.