ഡി കോക്കിന് രണ്ടാം സെഞ്ച്വറി (109); ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ട്രേലിയക്ക് 312 റൺസ് വിജയലക്ഷ്യം
text_fieldsലഖ്നോ: ക്വിന്‍റൻ ഡി കോക്കിന്‍റെ സെഞ്ച്വറി കരുത്തിൽ ലോകകപ്പിൽ കരുത്തരായ ആസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ പ്രോട്ടീസ് 311 റൺസെടുത്തു. ഈ ലോകകപ്പിലെ ഡീ കോക്കിന്‍റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ്. 106 പന്തിൽ അഞ്ചു സിക്സും എട്ടു ഫോറുമടക്കം 109 റൺസെടുത്താണ് താരം പുറത്തായത്.
ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു. ഓപ്പണർമാരായ ഡി കോക്കും നായകൻ ടെംബ ബാവുമയും ടീമിന് മികച്ച തുടക്കം നൽകി. ഓസീസ് പേസർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും പത്ത് ഓവറിൽ ടീം സ്കോർ അമ്പതിലെത്തിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും 19.4 ഓവറിൽ 108 റൺസെടുത്താണ് പിരിഞ്ഞത്. 55 പന്തിൽ 35 റൺസെടുത്ത ബാവുമയെ പുറത്താക്കി ഗ്ലെൻ മാക്സ് വെല്ലാണ് ഓസീസിന് ബ്രേക്ക്ത്രൂ നൽകിയത്. 26 റൺസെടുത്ത റാസി വാൻ ഡർ ഡസനെ ആദം സാംപ പുറത്താക്കി.
ആദ്യ മത്സരത്തിൽ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച ഐഡൻ മർക്രമം അർധ സെഞ്ച്വറി നേടി. 44 പന്തിൽ 56 റൺസെടുത്ത താരം കമ്മിൻസിന്‍റെ പന്തിൽ ജോഷ് ഹേസൽവുഡിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഹെൻ റിച് ക്ലാസൻ (27 പന്തിൽ 29), മാർകോ ജാൻസെൻ (22 പന്തിൽ 26), ഡേവിഡ് മില്ലർ (13 പന്തിൽ 17) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
റണ്ണൊന്നും എടുക്കാതെ കഗിസോ റബാദയും കേശവ് മഹാരാജും പുറത്താകാതെ നിന്നു. ഓസീസിനായി മിച്ചൽ സ്റ്റാർകും മാക്സ് വെല്ലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ഹേസൽവുഡ്, ആദം സാംപ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നേടിയ ആസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു തവണ ലോകജേതാക്കളായ ഓസീസ് കഴിഞ്ഞ ദിവസം ഇന്ത്യക്കു മുന്നിൽ ആറു വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയിരുന്നു. മറുവശത്ത്, ശ്രീലങ്കക്കെതിരായ മത്സരം 102 റൺസിനാണ് പ്രോട്ടീസ് ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.