രോഹിത്ത് 63 പന്തിൽ 100*; ലോകകപ്പിലെ ഇന്ത്യക്കാരന്‍റെ അതിവേഗ സെഞ്ച്വറി; റെക്കോഡുകളുടെ തോഴനായി ഹിറ്റ്മാൻ
text_fieldsറെക്കോഡുകൾ ഓരോന്നായി സ്വന്തം പേരിലാക്കി കുതിക്കുന്ന ഹിറ്റ്മാൻ രോഹിത് ശർമ ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ സ്വന്തമാക്കിയത് പുതിയ മൂന്നു റെക്കോഡുകൾ. 63 പന്തിൽ സെഞ്ച്വറിയിലെത്തിയ താരം സ്വന്തമാക്കിയത് ലോകകപ്പിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡ്.
മുൻ നായകൻ കപിൽ ദേവിനെയാണ് താരം മറികടന്നത്. 1983 ലോകകപ്പിൽ സിംബാബ്വെക്കെതിരെ 72 പന്തിലാണ് കപിൽ സെഞ്ച്വറി നേടിയത്. ലോകകപ്പിലെ അതിവേഗ സെഞ്ച്വറി ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിന്‍റെ പേരിലാണ്. ഈ ലോകകപ്പിൽ ശ്രീലങ്കക്കെതിരെ 49 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. അതിവേഗ സെഞ്ച്വറികളിൽ രോഹിത്ത് ആറാം സ്ഥാനത്താണ്.
ഏകദിനത്തിലെ ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ സെഞ്ച്വറി സൂപ്പർതാരം വിരാട് കോഹ്ലിയുടെ പേരിലും. 2013ൽ ആസ്ട്രേലിയക്കെതിരെ 52 പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ലോകകപ്പിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന നേട്ടവും താരം സ്വന്തമാക്കി. ലോകകപ്പിലെ ഏഴാം സെഞ്ച്വറി കുറിച്ച താരം ഇതിഹാസ താരം സചിൻ തെണ്ടുൽക്കറെയാണ് മറികടന്നത്. 45 മത്സരങ്ങളില്‍നിന്നാണ് സചിന്‍ ആറ് സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ രോഹിത്ത് 19 ലോകകപ്പ് ഇന്നിങ്‌സുകളിൽനിന്നാണ് ഏഴു സെഞ്ച്വറി നേടിയത്. ഏകദിനത്തിലെ താരത്തിന്‍റെ 31ാം സെഞ്ച്വറിയാണിത്.
നേരത്തെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന നേട്ടം രോഹിത്ത് സ്വന്തമാക്കിയിരുന്നു. മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെയാണ് താരം മറികടന്നത്. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഗെയ്‍ലിന്‍റെ പേരിലുള്ള 553 സിക്സുകളെന്ന റെക്കോഡാണ് താരം മറികടന്നത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 555 സിക്സുകളാണ് രോഹിത്തിന്‍റെ പേരിലുള്ളത്. മത്സരത്തിലെ എട്ടാം ഓവറിൽ മൂന്നാമത്തെ സിക്സ് നേടിയാണ് താരം അപൂർവ നേട്ടം സ്വന്തം പേരിലാക്കിയത്.
നിലവിൽ 70 പന്തിൽ 108 റൺസുമായി ബാറ്റിങ് തുടരുകയാണ് രോഹിത്ത്. നാലു സിക്സും 13 ഫോറും ഇതിനകം നേടിയിട്ടുണ്ട്. രണ്ടു റൺസുമായി വിരാട് കോഹ്ലിയാണ് ക്രീസിലുള്ള മറ്റൊരു താരം. 47 റൺസെടുത്ത ഇഷാൻ കിഷൻ പുറത്തായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അടിച്ചെടുത്തത്. ഹഷ്മത്തുല്ല ഷാഹിദിയുടെയും അസ്മത്തുല്ല ഒമർസായിയുടെയും അർധ സെഞ്ച്വറി പ്രകടനമാണ് അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി ബുംറ പത്തോവറിൽ 39 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.