രോഹിത്ത് 84 പന്തിൽ 131; കോഹ്ലിക്ക് അർധ സെഞ്ച്വറി (55*); അഫ്ഗാനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ
text_fieldsന്യൂഡൽഹി: പതിഞ്ഞ താളത്തിൽ തുടങ്ങി, പിന്നാലെ വമ്പനടികളുമായി കളംനിറഞ്ഞ ഇന്ത്യക്ക് ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ എട്ടു വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം. അഫ്ഗാൻ കുറിച്ച 273 റൺസ് വിജയലക്ഷ്യം വെറും 35 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
നായകൻ രോഹിത് ശർമയുടെ സെഞ്ച്വറിയും വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. സ്കോർ: അഫ്ഗാൻ 50 ഓവറിൽ എട്ടു വിക്കറ്റിന് 272. ഇന്ത്യ 35 ഓവറിൽ രണ്ടു വിക്കറ്റിന് 273. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ പോയന്‍റ് പട്ടികയിൽ രണ്ടിലെത്തി. നാലു പോയന്‍റാണെങ്കിലും റൺറേറ്റിന്‍റെ ബലത്തിൽ ന്യൂസിലൻഡാണ് ഒന്നാമത്. രോഹിത്ത് 84 പന്തിൽ 131 റൺസെടുത്താണ് പുറത്തായത്. അഞ്ചു സിക്സും 16 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
കോഹ്ലി 56 പന്തിൽ 55 റൺസെടുത്തും ശ്രേയസ്സ് അയ്യർ 23 പന്തിൽ 25 റൺസെടുത്തും പുറത്താകാതെ നിന്നു. ഇഷാൻ കിഷനാണ് (47 പന്തിൽ 47 റൺസ്) പുറത്തായ മറ്റൊരു താരം. റാഷിദ് ഖാനാണ് രണ്ടു വിക്കറ്റും നേടിയത്. മത്സരത്തിൽ 63 പന്തിൽ സെഞ്ച്വറിയിലെത്തിയ രോഹിത്ത് ലോകകപ്പിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കി. മുൻ നായകൻ കപിൽ ദേവിനെയാണ് താരം മറികടന്നത്. 1983 ലോകകപ്പിൽ സിംബാബ്വെക്കെതിരെ 72 പന്തിലാണ് കപിൽ സെഞ്ച്വറി നേടിയത്. ലോകകപ്പിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന നേട്ടവും താരം സ്വന്തമാക്കി.
ലോകകപ്പിലെ ഏഴാം സെഞ്ച്വറി കുറിച്ച താരം ഇതിഹാസ താരം സചിൻ തെണ്ടുൽക്കറെയാണ് മറികടന്നത്. 45 മത്സരങ്ങളില്‍നിന്നാണ് സചിന്‍ ആറ് സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ രോഹിത്ത് 19 ലോകകപ്പ് ഇന്നിങ്‌സുകളിൽനിന്നാണ് ഏഴു സെഞ്ച്വറി നേടിയത്. ഏകദിനത്തിലെ താരത്തിന്‍റെ 31ാം സെഞ്ച്വറിയാണിത്.
നേരത്തെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന നേട്ടം രോഹിത്ത് സ്വന്തമാക്കിയിരുന്നു. മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെയാണ് താരം മറികടന്നത്. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഗെയ്‍ലിന്‍റെ പേരിലുള്ള 553 സിക്സുകളെന്ന റെക്കോഡാണ് താരം മറികടന്നത്.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ ഹഷ്മത്തുല്ല ഷാഹിദിയുടെയും അസ്മത്തുല്ല ഒമർസായിയുടെയും അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട് സ്കോറിലെത്തിയത്. ഇന്ത്യക്കായി ബുംറ പത്തോവറിൽ 39 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.
സചിനെയും കടന്ന് രോഹിത്; ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി; അതിവേഗം ആയിരം
ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി സ്വന്തമാക്കിയ താരമെന്ന ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ റെക്കോഡ് സ്വന്തം പേരിലാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ പിറന്നത് രോഹിതിന്റെ ഏഴാം ലോകകപ്പ് ശതകമാണ്.
ആറ് സെഞ്ച്വറികളുമായി സചിനൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു താരം. വ്യക്തിഗത സ്കോർ 22 റൺസിലെത്തിയപ്പോൾ മറ്റൊരു റെക്കോഡിന് കൂടി രോഹിത് ഉടമയായിരുന്നു. ലോകകപ്പിൽ അതിവേഗം ആയിരം റൺസ് തികക്കുന്ന താരമെന്ന റെക്കോഡ് ആസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർക്കൊപ്പം പങ്കിട്ടു രോഹിത്. ഇരുവരും 19ാം ഇന്നിങ്സിലാണ് നാലക്കത്തിലെത്തിയത്.
ദ് ഖാന്റെ പന്തിൽ ഇബ്രാഹിം സദ്റൻ പിടിച്ചു. 156ൽ ആദ്യ വിക്കറ്റ് വീണു. തെല്ലും ആശങ്കയില്ലാതെ മുന്നേറിയ ഇന്ത്യ 25ാം ഓവറിൽ 200ഉം പിന്നിട്ടു. തൊട്ടടുത്ത ഓവറിൽ രോഹിതിന്റെ ഇന്നിങ്സിന് റാഷിദ് ഖാൻ തന്നെ അന്ത്യമിട്ടു. നായകൻ ബൗൾഡായി മടങ്ങുമ്പോൾ ഇന്ത്യ 205. കഴിഞ്ഞ മത്സരത്തിൽ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങിയ കോഹ്ലി ശ്രേയസ് അയ്യരെ കൂട്ടുനിർത്തി ടീമിനെ രണ്ടാം ജയത്തിലേക്ക് ആനയിച്ചു.
35ാം ഓവറിലായിരുന്നു കോഹ്ലിയുടെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി. ഉമർസായി എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ ഡബ്ളെടുത്ത് 50 കടന്ന താരം അവസാന പന്തിൽ ഫോറടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു. നേരത്തേ, അഫ്ഗാന്റെ എട്ടു ബാറ്റർമാരും രണ്ടക്കം കടന്നു. 63 റൺസെടുക്കുന്നതിനിടെ ഓപണർമാരായ ഇബ്രാഹിം സദ്റനും (22) റഹ്മാനുല്ല ഗുർബാസും (21) മൂന്നാമൻ റഹ്മത്ത് ഷായും (16) മടങ്ങിയതോടെ ടീം പതറിയിരുന്നു. ഗുർബാസിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ശാർദുൽ ഠാകുറും ഇബ്രാഹിമിനെ ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലും പിടിക്കുകയായിരുന്നു.
റഹ്മത്തിനെ ശാർദുൽ വിക്കറ്റിനു മുന്നിൽ കുടുക്കി. ഹഷ്മത്തുല്ല-ഉമർസായി സഖ്യത്തിൽനിന്ന് പിറന്ന 121 റൺസ് അഫ്ഗാനെ കരകയറ്റി. 35ാം ഓവറിൽ ഉമർസായിയെ പാണ്ഡ്യ ബൗൾഡാക്കുമ്പോൾ സ്കോർ 184. നായകൻ ഹഷ്മത്തുല്ലയെ 43ാം ഓവറിൽ കുൽദീപ് യാദവ് എൽ.ബി.ഡബ്ല്യുവിൽ പുറത്താക്കിയത് അഫ്ഗാന് കനത്ത തിരിച്ചടിയായി. ഒരുവേള 300 റൺസ് കടക്കുമെന്ന് തോന്നിച്ച ടീം പിന്നീട് പരുങ്ങുന്നതാണ് കണ്ടത്. നജീബുല്ല സദ്റനെയും (2) നബിയെയും (19) റാഷിദ് ഖാനെയും (16) ബുംറ മടക്കി. മുജീബുർറഹ്മാനും (10) നവീനുൽ ഹഖും (9) പുറത്താവാതെ നിന്നു. ശനിയാഴ്ച മൂന്നാം മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.