മില്ലറിന്‍റെ ഒറ്റയാൾ പോരാട്ടം (101 റൺസ്); ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം
text_fieldsകൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം. 49.4 ഓവറിൽ 212 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായി. തകർച്ചയോടെ തുടങ്ങിയ പ്രോട്ടീസിനെ ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടമാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്.
116 പന്തിൽ 101 റൺസെടുത്താണ് മില്ലർ പുറത്തായത്. അഞ്ച് സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഹെൻറിച് ക്ലാസന്‍റെ (48 പന്തിൽ 47 റൺസ്) ബാറ്റിങ്ങും തുണയായി. ഒരു ഘട്ടത്തില്‍ നാലിന് 24 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ക്ലാസനും മില്ലറും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 95 റൺസ് കൂട്ടിചേർത്താണ് പിരിഞ്ഞത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണറും നായകനുമായ ടെംബ ബാവുമയെ (പൂജ്യം) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നാലെ 14 പന്തിൽ മൂന്നു റൺസെടുത്ത ക്വിന്‍റൻ ഡീകോക്കിനെ ജോഷ് ഹേസൽവുഡ് പാറ്റ് കമ്മിന്‍സിന്റെ കൈയിലെത്തിച്ചു. ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് എട്ട് റൺസ് എന്ന നിലയിലേക്ക് വീണു. ആസ്ട്രേലിയൻ പേസര്‍മാര്‍ക്കെതിരേ റണ്‍സെടുക്കാന്‍ ബാറ്റര്‍മാര്‍ നന്നേ ബുദ്ധിമുട്ടി.
എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ഡർ ഡസ്സനും രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. 20 പന്തില്‍ 10 റണ്‍സെടുത്ത മാര്‍ക്രം സ്റ്റാര്‍ക്കിന്‍റെ പന്തിൽ പുറത്തായി. പിന്നാലെ ഡസ്സനും (31 പന്തിൽ ആറ് റൺസ്) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 24ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. അഞ്ചാം വിക്കറ്റില്‍ ഹെൻറിച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീം സ്കോർ 100 കടത്തിയത്.
31ാം ഓവറിലെ നാലാം പന്തിൽ ക്ലാസനെ ട്രാവിസ് ഹെഡ് മടക്കി. 48 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 47 റണ്‍സെടുത്താണ് ക്ലാസന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ മാര്‍ക്കോ ജാൻസനും (പൂജ്യം) മടങ്ങിയതോടെ പ്രോട്ടീസ് വീണ്ടും പ്രതിരോധത്തിലായി. പിന്നാലെ മില്ലർ ജെറാൾഡ് കോട്ട്സിയുമായി ചേർന്ന് ശ്രദ്ധയോടെ ബാറ്റേന്തി ടീം സ്കോർ മുന്നോട്ടുകൊണ്ടുപോയി.
44ാമത്തെ ഓവറിൽ ജെറാർഡിനെ (39 പന്തിൽ 19 റൺസ്) കമ്മിൻസ് പുറത്താക്കി. നാലു റണ്ണുമായി കേശവ് മഹാരാജും വേഗം മടങ്ങി. കഗിസോ റബാദ 12 പന്തിൽ 10 റൺസെടുത്ത് പുറത്തായി. ഒരു റണ്ണുമായി തബ്റൈസ് ഷംസി പുറത്താകാതെ നിന്നു. ഓസീസിനായി മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ് എന്നിവർ മൂന്നു വിക്കറ്റ് വീതവും ജോഷ് ഹേസൽവുഡ്, ട്രാവിഡ് ഹെഡ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
നേരത്തേ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകൻ ബാവുമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയത്. ലുങ്കി എന്‍ഗിഡിക്കു പകരം തബ്റൈസ് ഷംസിയും ആന്‍ഡില്‍ ഫെഹ്ലുകുവായോക്ക് പകരം മാര്‍ക്കോ ജാൻസാനും ടീമില്‍ തിരിച്ചെത്തി. ഷോണ്‍ അബോട്ട്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവർക്കു പകരം മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്വെല്ലും ഓസീസ് നിരയിൽ മടങ്ങിയെത്തി.
ആദ്യ ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ടാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയത്. ലീഗ് റൗണ്ടിൽ 14 പോയന്റുമായി രണ്ടാംസ്ഥാനത്തായിരുന്നു ദക്ഷിണാഫ്രിക്ക. 1999, 2007 ലോകകപ്പിൽ സെമിഫൈനൽ കളിച്ചെങ്കിലും ഓസീസിനോട് തോറ്റ് പുറത്തായി.
അഞ്ചുവട്ടം ചാമ്പ്യന്മാരായ ആസ്‌ട്രേലിയയുടെ ലക്ഷ്യം എട്ടാം ഫൈനലാണ്. ലീഗ് റൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ദക്ഷിണാഫ്രിക്കക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.