ഓൾ റൗണ്ട് കരുത്തിൽ ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിന് 229 റൺസിന്‍റെ നാണംകെട്ട തോൽവി
text_fieldsമുംബൈ: ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് കനത്ത തോൽവി. പ്രോട്ടീസിന്‍റെ ഓൾ റൗണ്ട് പ്രകടനത്തിനു മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ട് 229 റൺസിന്‍റെ നാണംകെട്ട തോൽവിയാണ് വഴങ്ങിയത്. ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ മൂന്നാം തോൽവിയാണിത്.
ഹെയ്ൻറിച് ക്ലാസന്‍റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിൽ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 22 ഓവറിൽ 170 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ടായി. ബാറ്റർമാർക്കു പിന്നാലെ പ്രോട്ടീസ് ബൗളർമാരും കൊടുങ്കാറ്റായ മത്സരത്തിൽ ഇംഗ്ലീഷ് ബാറ്റർമാർ നിഷ്പ്രഭരായി. 17 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്ന മാർക് വുഡാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.
ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡും ഗസ് അറ്റ്കിന്‍സണും ചേര്‍ന്ന് നടത്തിയ അർധ സെഞ്ച്വറി കൂട്ടുകെട്ട് കൂടിയില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് ഇതിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങുമായിരുന്നു. എട്ടു വിക്കറ്റിന് നൂറ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോണി ബെയർസ്റ്റോ (12 പന്തിൽ 10), ഡേവിഡ് മലാൻ (11 പന്തിൽ ആറ്), ജോ റൂട്ട് (ആറു പന്തിൽ രണ്ട്), ബെൻ സ്റ്റോക്സ് (എട്ടു പന്തിൽ അഞ്ച്), ഹാരി ബ്രൂക്ക് (25 പന്തിൽ 17), ജോസ് ബട്ലർ (ഏഴു പന്തിൽ 15), ഡേവിഡ് വില്ലി (12 പന്തിൽ 12), ആദിൽ റാഷിദ് (14 പന്തിൽ 10), ഗസ് അറ്റ്കിൻസൺ (21 പന്തിൽ 35) എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ സംഭാവന. നേരത്തെ, റീസ് ടോപ്ലി പരിക്കിനെ തുടർന്ന് പിന്മാറിയതിനാൽ ബാറ്റിങ്ങിന് ഇറങ്ങാനായില്ല.
ജെറാൾഡ് കോറ്റ്സി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രോട്ടീസിനായി ലുങ്കി എങ്കിഡി, മാർകോ ജാൻസെൻ എന്നിവർ രണ്ടും കഗിസോ റബാദ, കോശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ദക്ഷിണാഫ്രിക്കക്കായി ക്ലാസൻ 67 പന്തിൽ 109 റൺസെടുത്തു. 12 ഫോറും നാലു സിക്സുമടങ്ങുന്നതാണ് താരത്തിന്‍റെ ബാറ്റിങ്.
നാല് റണ്ണെടുക്കുന്നതിനിടെ ക്വിന്‍റൻ ഡീകോക് (രണ്ടു പന്തിൽ നാല്) പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ റീസ ഹെൻഡ്രിക്സും വാൻ ഡെർ ഡ്യുസനും ചേർന്ന് ടീമിനെ നൂറു കടത്തി. 61 പന്തിൽ 60 റൺസെടുത്ത് ഡ്യുസനും 75 പന്തിൽ 85 റൺസെടുത്ത് ഹെൻഡ്രിക്സും പുറത്താകുമ്പോൾ ടീം 164ലെത്തിയിരുന്നു. എയ്ഡൻ മാർക്രം (44 പന്തിൽ 42), ഡേവിഡ് മില്ലർ (ആറു പന്തിൽ അഞ്ച്) എന്നിവരും മടങ്ങി. പിന്നാലെ ആറാം വിക്കറ്റിൽ ക്ലാസനും ജാൻസെനും ചേർന്ന് തകർത്തടിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 62 പന്തിലാണ് നൂറു റൺസ് അടിച്ചെടുത്തത്. അടുത്ത 14 പന്തിൽ പാർട്ണർഷിപ്പ് 150 കടത്തി.
61 പന്തിലാണ് ക്ലാസൻ സെഞ്ച്വറി നേടിയത്. പിന്നാലെ ജാൻസെൻ 35 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. 42 പന്തിൽ 75 റൺസുമായി താരം പുറത്താകാതെ നിന്നു. ആറു സിക്സും മൂന്നു ഫോറുമാണ് താരം നേടിയത്. ഒരു റണ്ണുമായി കേശവ് മഹാരാജും പുറത്താകാതെ നിന്നു. മൂന്നു റണ്ണെടുത്ത ജെറാൾഡ് കോറ്റ്‌സിയാണ് പുറത്തായ മറ്റൊരു താരം. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നു വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിൻസൺ, ആദിൽ റാഷിദ് എന്നിവർ രണ്ടു വീതം വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.