അസലങ്കക്ക് സെഞ്ച്വറി; ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 280 റൺസ് വിജയലക്ഷ്യം
text_fieldsന്യൂഡൽഹി: ചരിത് അസലങ്കയുടെ സെഞ്ച്വറി കരുത്തിൽ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 49.3 ഓവറിൽ 279 റൺസിന് ഓൾ ഔട്ടായി. 105 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 108 റൺസെടുത്താണ് അസലങ്ക പുറത്തായത്.
ഓപ്പണറായ പത്തും നിസങ്ക 36 പന്തിൽ 41 റൺസും സദീര സമരവിക്രമ 42 പന്തിൽ 41 റൺസെടുത്തും പുറത്തായി. ബംഗ്ലാദേശിനായി തൻസീം ഹസൻ സാകിബ് മൂന്നു വിക്കറ്റ് നേടി. അഞ്ച് വിക്കറ്റിന് 135 റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട ലങ്കയെ അസലങ്കയും ധനഞ്ജയ ഡിസിൽവയും ചേർന്നാണ് 200 കടത്തിയത്. 36 പന്തിൽ 34 റൺസെടുത്താണ് ഡിസിൽവ പുറത്തായത്. കുസാൽ പെരേര (അഞ്ചു പന്തിൽ നാല്), കുസാൽ മെൻഡിസ് (30 പന്തിൽ 19), അഞ്ജലോ മാത്യൂസ് (ടൈംഡ് ഔട്ട് -പൂജ്യം), മഹീഷ് തീക്ഷണ (31 പന്തിൽ 22), ചമീര (ഒമ്പത് പന്തിൽ നാല്), കസുൻ രജിത (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
റണ്ണൊന്നും എടുക്കാതെ ദിൽശൻ മധുഷങ്ക പുറത്താകാതെ നിന്നു. ഷോറിഫുൾ ഇസ്ലാം, ഷാകിബുൽ ഹസൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും മെഹ്ദി ഹസൻ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരത്തിനിടെ ഒരു അപൂർവ ഔട്ടാകലിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. ഒരു പന്തുപോലും നേരിടാതെ നാടകീയമായാണ് ലങ്കൻ ഓൾറൗണ്ടർ അഞ്ജലോ മാത്യൂസ് പുറത്തായത്.
താരം ക്രീസിലെത്താൻ വൈകിയതിനെ തുടർന്നാണ് അമ്പയർ ഔട്ട് വിധിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് രീതിയിൽ പുറത്താകുന്ന ബാറ്റർ എന്ന റെക്കോഡ് ഇതോടെ മാത്യൂസിന്‍റെ പേരിലായി. ഷാകിബുൽ ഹസൻ എറിഞ്ഞ 25ാം ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്തായ ശേഷമാണ് നാടകീയ സംഭവം. ഒരു ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ മൂന്ന് മിനിറ്റിനുള്ളിൽ ക്രീസിലെത്തി പന്ത് നേരിടാൻ തയാറാകണമെന്നാണ് ക്രിക്കറ്റിലെ പുതിയ നിയമം.
ബാറ്റിങ്ങിനായി മാത്യൂസ് നിശ്ചിത വൈകിയാണ് ക്രീസിലെത്തിയത്. ഉടൻ തന്നെ അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. അപ്രതീക്ഷിത പുറത്താകലിൽ മാത്യൂസും താരങ്ങളുമെല്ലാം അമ്പരന്നുപോയി. ഒരു പന്തിൽ രണ്ട് വിക്കറ്റ് നഷ്ടമായ അവസ്ഥയിലായി ശ്രീലങ്ക. ഹെല്‍മറ്റ് മാറിയെടുത്തതാണ് താരത്തിന് വിനയായത്. പിന്നാലെ മറ്റൊരു ശ്രീലങ്കന്‍ താരം ഹെല്‍മറ്റുമായി ക്രീസിലെത്തിയെങ്കിലും സമയമൊരുപാടെടുത്തു. ഇതിനിടെ ബംഗ്ലാദേശ് വിക്കറ്റിനായി അപ്പീല്‍ ചെയ്തു. അമ്പയർ ഔട്ട് വിധിക്കുകയു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.