ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഇന്ന് തിരുവനന്തപുരത്ത്; കെ.സി.എ ബഹിഷ്കരിക്കും
text_fieldsതിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് ട്രോഫി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. രാവിലെ 10ന് മുക്കോലക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിലാണ് ട്രോഫി പ്രദർശിപ്പിക്കുക. ജൂൺ 26ന്, ഭൂമിയിൽനിന്ന് ഏകദേശം 1,20,000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ജൂലൈ14 വരെ ഇന്ത്യയിൽ പര്യടനം നടത്തുന്ന ട്രോഫി 15 മുതൽ 16 വരെ ന്യൂസിലൻഡിലും 17-18 തീയതികളിൽ ആസ്ട്രേലിയയിലും 19-21 തീയതികളിൽ പാപ്വ ന്യൂഗിനിയിലും പ്രദർശിപ്പിക്കും.
തുടർന്ന് ഇന്ത്യയിലെത്തും. 22 മുതൽ 24 വരെ രാജ്യത്തെ വിവിധ നഗരങ്ങളിലെ പ്രദർശനത്തിന് ശേഷം അമേരിക്ക, വെസ്റ്റിൻഡീസ്, പാകിസ്താൻ, ശ്രീലങ്ക, കുവൈത്ത്, ബഹ്റൈൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ,യുഗാണ്ട, നൈജീരിയ, സൗത്ത് ആഫ്രിക്ക ചുറ്റി സെപ്റ്റംബർ നാലിന് ട്രോഫി ഗുജറാത്തിലെത്തും.
അതേസമയം, കേരളത്തിലെത്തുന്ന ലോകകപ്പ് ട്രോഫി പ്രദർശന ചടങ്ങ് ബഹിഷ്കരിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ട്രോഫി എത്തുന്നത് സംബന്ധിച്ച് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലോ ബി.സി.സി.ഐയോ ഒരു അറിയിപ്പും കെ.സി.എക്ക് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിട്ടുനിൽക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇതുസംബന്ധിച്ച് ബി.സി.സി.ഐക്ക് പ്രതിഷേധക്കത്ത് നൽകിയിരുന്നെങ്കിലും അവർ കൈമലർത്തുകയായിരുന്നു. ട്രോഫിയുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത് ഐ.സി.സിയാണെന്നും അവർ അത് സ്വകാര്യ ഏജൻസിയെ ഏൽപിച്ചെന്നുമായിരുന്നു ബി.സി.സി.ഐയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.