കോവിഡ് ബാധിച്ചപ്പോൾ ഇന്ത്യയിൽ ഓക്സിജൻ ക്ഷാമം; ഭയന്നുപോയെന്ന് കണ്ണീരോടെ കിവീസ് താരം
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ച സമയത്ത് ഇന്ത്യയിലെ ഓക്സിജൻ ക്ഷാമത്തെ കുറിച്ചറിഞ്ഞ് ഭയന്ന് പോയിരുന്നെന്ന് കണ്ണീരോടെ വെളിപ്പെടുത്തി ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗവുമായ ടിം സീഫർട്ട്. ഇന്ത്യയിൽവച്ച് കോവിഡ‍് പോസിറ്റീവായ അനുഭവം ഇ.എസ്.പി.എൻ ക്രിക്ഇൻഫോയുമായി പങ്കുവയ്ക്കവേയാണ് ടിം കരഞ്ഞുപോയത്.
ഐ.പി.എൽ) 14–ാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കുന്നതിനിടെയാണ് ടിം സീഫർട്ടിനു കോവിഡ് സ്ഥിരീകരിച്ചത്. ഈ സീസണിൽ കളിച്ച വിദേശതാരങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സീഫർട്ടിന് മാത്രമാണ്. 'കോവിഡ് സ്ഥിരീകരിച്ച നിമിഷം, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമായിരുന്നു. ലോകം ഒരുനിമിഷം നിശ്ചലമായതുപോലെ തോന്നിപ്പോയി. എന്താണ് ഇനി സംഭവിക്കുകയെന്ന് മനസ്സിലായതേയില്ല. അതാണ് ഏറ്റവും ഭയപ്പെടുത്തിയ കാര്യം. മോശം കാര്യങ്ങൾ മാത്രമായിരുന്നു ആ സമയത്തു കേട്ടിരുന്നത്. അതെല്ലാം എനിക്കും സംഭവിക്കുമോയെന്ന് വല്ലാതെ ഭയന്നു' -ഓക്‌ലൻഡിലെ ഹോട്ടലിൽ ക്വാറന്‍റീനിൽ കഴിയുന്ന സീഫർട്ട് വിവരിച്ചു.
ടീമംഗങ്ങൾക്കൊപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബയോ സെക്യുർ ബബ്ളിലാണ് കഴിഞ്ഞതെങ്കിലും കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാരിയർ, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കു പിന്നാലെ സീഫർട്ടിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വിവിധ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ബി.സി.സി.ഐ ടൂർണമെന്‍റ് പാതിവഴിയിൽ നിർത്തിെവച്ചിരുന്നു. തുടർന്ന് സീഫർട്ടിനെ ആസ്ത്രേലിയയുടെ മുൻ താരം മൈക്ക് ഹസ്സിക്കൊപ്പം ചികിത്സയ്ക്കായി ചെന്നൈയിലേക്കു മാറ്റി. അവിടെവച്ച് കോവിഡ് മുക്തനായ ശേഷമാണ് സീഫർട്ട് നാട്ടിലേക്ക് തിരിച്ചത്.
മേയ് ആറിനു നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതോടെ മറ്റു ന്യൂസീലൻഡ് താരങ്ങൾക്കൊപ്പം സീഫർട്ടും ഡൽഹിയിലെത്തിയതാണ്. തൊട്ടടുത്ത ദിവസം വിമാനത്തിൽ കയറും മുമ്പ് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
🗣️ "The world stops a little bit"
— ESPNcricinfo (@ESPNcricinfo) May 25, 2021
An emotional Tim Seifert recounts his Covid-19 experience during the IPL pic.twitter.com/orOJgbK0TC
'എനിക്ക് ചെറിയ തോതിൽ ചുമയുണ്ടായിരുന്നു. അത് ആസ്തമയുടെ പ്രശ്നമായിരിക്കുമെന്നാണ് കരുതിയത്. കോവിഡ് ആണെന്ന് അറിഞ്ഞപ്പോൾ എന്‍റെ ഹൃദയം നിലച്ചുപോയി. മറ്റുള്ള താരങ്ങളെല്ലാം ഇന്ത്യ വിട്ടതോടെ ഇവിടെ ശേഷിച്ച ഒരേയൊരു വിദേശ താരം ഞാനായി. അതോടെയാണ് ഞാൻ ഏറ്റവും പകച്ചുപോയത്. ചുറ്റിലും നിന്ന് കേൾക്കുന്ന മോശം വാർത്തകളാണ് ഭയപ്പെടുത്തിയത്.ആ സമയത്ത് ഇന്ത്യയിലെ ഓക്സിജൻ ക്ഷാമത്തേക്കുറിച്ച് മാത്രമാണ് കേൾക്കാനുണ്ടായിരുന്നത്. ആ അവസ്ഥയിലേക്ക് ഞാനും എത്തുമോയെന്ന തോന്നൽ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. പക്ഷേ, കോവിഡിനെ അതിജയിച്ച ഒട്ടേറെപ്പേരുണ്ട്. അവരുടെ അനുഭവങ്ങള്‍ ആത്മവിശ്വാസം നേടുന്നതിൽ എന്നെ സഹായിച്ചു' – സീഫർട്ട് പറഞ്ഞു.
കോവിഡ് ബാധിച്ചതിനു ശേഷം ചെന്നൈയിൽ കഴിയുന്ന കാലത്ത് സഹായിച്ച ന്യൂസീലൻഡ് താരങ്ങളായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻ ബ്രണ്ടൻ മക്കല്ലം, ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് എന്നിവർക്ക് നന്ദി പറയുമ്പോഴും സീഫർട്ട് വിതുമ്പി. 'അവർ എന്നെ ഒരുപാട് സഹായിച്ചു. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നെങ്കിലും അവർ ചെയ്ത ഉപകാരങ്ങൾക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല. അവർ എന്‍റെ കോവിഡ് കാല ജീവിതം അനായാസമാക്കി' – സീഫർട്ട് പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ വിവാഹം കഴിക്കാനുള്ള ആലോചനയിലാണ് സീഫർട്ട്. ഇപ്പോൾ പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് മനസ്സിലുള്ളതെന്നും താരം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.