ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി... ശുഭ്മൻ ഗില്ലിന്‍റെ ഇഷ്ടതാരത്തെ അറിയണോ?
text_fieldsസൂപ്പർബാറ്റർ ശുഭ്മൻ ഗില്ലിന്‍റെ സെഞ്ച്വറി കരുത്തിലാണ് രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഗുജറാത്ത് രണ്ടാം തവണയും ഐ.പി.എൽ ഫൈനലിൽ കടന്നത്. 60 പന്തിൽ ഏഴു ഫോറും 10 സിക്സും ഉൾപ്പെടെ 129 റൺസ് നേടി തകർത്തടിച്ച ഗിൽ ഒരുപിടി റെക്കോഡുകളും സ്വന്തം പേരിലാക്കി.
ഐ.പി.എൽ സീസണിൽ ഗില്ലിന്റെ മൂന്നം സെഞ്ച്വറിയാണിത്. മുംബൈയെ 62 റൺസിനാണ് ഗുജറാത്ത് വീഴ്ത്തിയത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഹാർദിക് പണ്ഡ്യയുടെയും സംഘത്തിന്‍റെയും എതിരാളികൾ. അർജന്‍റൈൻ ഇതിഹാസ താരം ലണയൽ മെസ്സിയുടെ കടുത്ത ആരാധകനാണ് താനെന്ന് ഖത്തർ ലോകകപ്പിനിടെ ഗിൽ വെളിപ്പെടുത്തിയിരുന്നു.
പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി എന്നിവരിൽ ഇഷ്ടതാരം ആരെന്ന ചോദ്യത്തിന് മറുപടിയായാണ് അർജന്‍റൈൻ താരത്തിന്‍റെ പേര് പറഞ്ഞത്. ബ്രസീൽ സൂപ്പർതാരം നെയ്മറിനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും ഗിൽ വെളിപ്പെടുത്തിയിരുന്നു. അർജന്‍റൈൻ ആരാധകൻ കൂടിയായ ഗില്ലിന്‍റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അവർ ഖത്തറിൽ ഫുട്ബാൾ വിശ്വകിരീടം നേടുന്നത്. ഗില്ലിന്‍റെ ആ സ്വപ്നമാണ് മെസ്സിയും സംഘവും യാഥാർഥ്യമാക്കിയത്.
36 വർഷത്തെ ഇടവേളക്കുശേഷമാണ് അർജന്‍റീന ലോക ഫുട്ബാൾ കിരീടം ചൂടുന്നത്. അന്ന് മെസ്സിയെ താരം വാനോളം പുകഴ്ത്തുകയും ചെയ്തു. ‘മെസ്സി, റൊണാൾഡോ എന്നിവരിൽ മെസ്സിയോടു തന്നെയാണ് ആരാധന. താരത്തിന്‍റെ ഫുട്ബാളിനോടുള്ള അഭിനിവേശം വിസ്മയിപ്പിക്കുന്നതാണ്. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അദ്ദേഹം ഇവിടെ എത്തിയത് ഏറെ അഭിനന്ദനീയമാണ്. അദ്ദേഹത്തിന്റെ കരിയർ കണ്ടാൽ ഞെട്ടും. അർജന്റീന ലോകകപ്പിൽ മുന്നേറണമെന്ന് അതിയായി ആഗ്രഹിക്കുന്നു, അതിനു കാരണം മെസ്സി മാത്രമാണ്’ -ഗിൽ ഖത്തർ ലോകകപ്പിനിടെ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
അർജന്‍റീന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ എക്കാലത്തെയും മികച്ചവൻ ലയണൽ മെസ്സി എന്ന് ട്വിറ്ററിൽ കുറിപ്പിടുകയും ചെയ്തിരുന്നു. സൂപ്പർബാറ്റർ വിരാട് കോഹ്ലിയും കടുത്ത ഫുട്ബാൾ ആരാധകനാണ്. എന്നാൽ, ക്രിസ്റ്റ്യാനോയാണ് കോഹ്ലിയുടെ ഇഷ്ടതാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.