ആദ്യം ചെന്നൈയെ പേടിപ്പിച്ചു; ഒടുവിൽ, കൂറ്റൻ ലക്ഷ്യത്തിന് 18 റൺസകലെ വീണ് കൊൽക്കത്ത
text_fieldsചെന്നൈ പടുത്തുയർത്തിയ 221 റൺസെന്ന ഹിമാലയൻ ലക്ഷ്യത്തിനുമുമ്പിൽ 18 റൺസകലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വീണു. ഇരു ടീമുകളും ഉരസിയപ്പോൾ തീപാറുന്ന പോരാട്ടത്തിനായിരുന്നു വാംഖഡെ സാക്ഷ്യം വഹിച്ചത്. 31 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ പോയി പരുങ്ങലിലായിരുന്ന കൊൽക്കത്തക്ക് ജീവൻ തുടിച്ചത് വെടിക്കെട്ട് വീരൻ ആന്ദ്രെ റസലിെൻറ വരവോടെയായിരുന്നു. 54 റൺസെടുത്ത കരീബിയൻ കരുത്തനൊപ്പം ദിനേശ് കാർത്തിക് (40) ശക്തമായ പിന്തുണയുമായി അടിയുറച്ചു നിന്നു. 22 പന്തിൽ ആറ് സിക്സറുകളും മൂന്ന് ഫോറുകളുമടങ്ങുന്നതായിരുന്നു റസലിെൻറ അർധ സെഞ്ച്വറി.സാംകറെൻറ പന്ത് കണക്കുകൂട്ടുന്നതിൽ പിഴച്ച് റസൽ കുറ്റിതെറിച്ച് മടങ്ങിയപ്പോൾ എല്ലാം തീർന്നെന്ന് കരുതിയ ചെന്നൈക്ക് തെറ്റി.
പൊടിപാറിയ പ്രകടനവുമായി അപ്രതീക്ഷിതമായി കളം വാണ പാറ്റ് കമ്മിൻസ് ചെന്നൈയെ ശരിക്കും വെള്ളം കുടിപ്പിച്ചു. 19.1 ഓവറിൽ ടീം ഒന്നടങ്കം പുറത്തായപ്പോഴും തളരാത്ത വീര്യവുമായി നേടിയ 66 റൺസുമായി കമ്മിൻസ് പുറത്താവാതെ നിന്നു. 34 പന്തിൽ ആറ് സിക്സറുകളും നാല് ഫോറും അടങ്ങുന്നതായിരുന്നു കമ്മിൻസിന്‍റെ ഇന്നിങ്സ്. കൊൽക്കത്തയുടെ കൈയ്യിൽ വിക്കറ്റുകളുണ്ടായിരുന്നുവെങ്കിൽ മത്സര ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. സാംകറൻ എറിഞ്ഞ 16ാം ഓവറിൽ മാത്രം കമ്മിൻസ് 30 റൺസാണ് വാരിക്കൂട്ടിയത്.
സ്കോർ: ചെന്നൈ മൂന്നു വിക്കറ്റിന് 220. കൊല്‍ക്കത്ത 19.1 ഓവറില്‍ 202ന് പുറത്ത്. ജയത്തോടെ ചെന്നൈ പോയൻറ് പട്ടികയിൽ ഒന്നാമതായി.
നേരത്തെ, ഫാഫ് ഡുെപ്ലസിസ് (60 പന്തിൽ 95 നോട്ടൗട്ട്) നയിച്ച റൺവേട്ടയിൽ ഋതുരാജ് ഗെയ്ക്വാദ് (42 പന്തിൽ 64) തീപ്പൊരി കോരിയിട്ട് ഒപ്പം കൂടി. ചെന്നൈയുടെ ഇന്നിങ്സിൽ കൊൽക്കത്തയുടെ ബൗളർമാർ വെറും തല്ലുകൊള്ളികളായി മാറി. മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ചെന്നൈയുടെ 220 റൺസെന്ന കൂറ്റൻ ടോട്ടൽ. ഗെയ്ക്വാദിന് പുറമെ, മുഈൻ അലി (12 പന്തിൽ 25), എം.എസ്. ധോണി (8 പന്തിൽ 17) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. രവീന്ദ്ര ജദേജ ആറ് റൺസുമായി പുറത്താവാതെ നിന്നു. പാറ്റ് കമ്മിൻസ് 0/58, പ്രസിദ്ധ് കൃഷ്ണ (0/49), സുനിൽ നരെയ്ൻ (1/34) എന്നീ കൊൽക്കത്ത ബൗളർമാർക്ക് കാര്യമായിതന്നെ പ്രഹരമേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.