റെക്കോഡിൽ കമിൻസ്, നാണക്കേടിൽ സാംസ്
text_fieldsപുണെ: 14 പന്തിൽ അർധ സെഞ്ച്വറി കുറിച്ച് ഐ.പി.എൽ റെക്കോഡ് പുസ്തകത്തിലേക്ക് ഓസീസ് താരം കമിൻസ് ബാറ്റു പിടിച്ചുകയറുമ്പോൾ അതിന്റെ പേരിൽ റെക്കോഡ് പുസ്തകത്തിലായ വേദനയിൽ മറ്റൊരു ഓസീസ് താരം. മുംബൈ ഇന്ത്യൻസിന്റെ ഓൾറൗണ്ടർ ഡാനിയൽ സാംസാണ് അപ്രതീക്ഷിത റെക്കോഡിനുടമ.
കൊൽക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 101 റൺസിൽ നിൽക്കെ 14ാം ഓവറിലാണ് പാറ്റ് കമിൻസ് ടീമിന്റെ വിജയപ്രതീക്ഷയിലേക്ക് ബാറ്റു വീശാനെത്തുന്നത്. അതിവേഗം നയം വ്യക്തമാക്കിയ കമിൻസ് ടീം സ്കോർ അതിവേഗം ബഹുദൂരം മുന്നോട്ടുകൊണ്ടുപോയി. 16ാം ഓവർ എറിയാനെത്തിയത് നാട്ടുകാരനായ സാംസ്. കൊൽക്കത്തക്ക് ജയിക്കാൻ വേണ്ടത് 30 പന്തിൽ 35 റൺസ്. നിർദയം സാംസിനെ ശിക്ഷിച്ച കമിൻസ് ആ ഓവറിൽ കഥ തീർത്തു. 6,4,6,6,2 (നോബൗൾ), 4,6 എന്നിങ്ങനെയായിരുന്നു കമിൻസിന്റെ വെടിക്കെട്ട്. ഒറ്റ ഓവറിൽ സാംസ് വഴങ്ങിയത് 35 റൺസ്. അതും തന്റെ മൂന്നാം ഓവറിൽ. ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ അർധ സെഞ്ച്വറിയെന്ന റെക്കോഡ് ഇതോടെ കമിൻസ് കെ.എൽ. രാഹുലിനൊപ്പം പങ്കിട്ടു.
എന്നാൽ, ഈ സീസണിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമായി സാംസ്. മുൻ സീസണുകളിൽ ഹർഷൽ പട്ടേലും പ്രശാന്ത് പരമേശ്വരനും 37 റൺസ് വഴങ്ങിയതാണ് നിലവിലെ റെക്കോഡ്. അത് ഭേദിക്കപ്പെട്ടില്ലല്ലോ എന്നു മാത്രമാകും സാംസിന്റെ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.