ഖാലിസ്ഥാനിയെന്ന് വിളിച്ച് സൈബർ ആക്രമണം; അർഷ്ദീപിന് പിന്തുണയുമായി മുൻ താരങ്ങൾ
text_fieldsദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനോട് ഇന്ത്യന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന് നേരെ വ്യാപക സൈബര്‍ ആക്രമണം. ഖാലിസ്ഥാനി എന്ന് വിളിച്ച് നിരവധി ട്വീറ്റുകളാണ് താരത്തിനെതിരെ പ്രത്യക്ഷപ്പെട്ടത്. നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. താരത്തിന്‍റെ കുടുംബത്തിന് നേരെയും വിമര്‍ശനമുണ്ട്. രവി ബിഷ്‌ണോയി എറിഞ്ഞ 18ാം ഓവറിലെ മൂന്നാം പന്തിൽ ആസിഫ് അലിയുടെ നിര്‍ണായകമായ ക്യാച്ച് കൈവിട്ടതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം. ഇതിനെതിരെ ഹർബജൻ സിങ്, ഇർഫാൻ പത്താൻ അടക്കമുള്ള മുന്‍ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ആസിഫ് അലി വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോൾ രവി ബിഷ്‌ണോയിക്കെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചപ്പോൾ എത്തിയത് അര്‍ഷ്ദീപിന്റെ കൈകളിലേക്കായിരുന്നു. എന്നാല്‍, അനായാസ ക്യാച്ച് താരത്തിന് കൈയിലൊതുക്കാനായില്ല. മത്സരത്തിന്റെ അവസാന ഓവറില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി അര്‍ഷ്‌ദീപ് ഇന്ത്യക്ക് പ്രതീക്ഷ നൽകുകയും മത്സരം 19.5 ഓവറിലേക്ക് നീട്ടുകയും ചെയ്തിരുന്നു.
'അര്‍ഷ്‌ദീപ് സിംഗിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ. ആരും മന:പൂര്‍വം ക്യാച്ച് വിടില്ല. നമ്മുടെ താരങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്. പാകിസ്താൻ നന്നായി കളിച്ചു. നമ്മുടെ താരങ്ങളെ കുറിച്ച്, അര്‍ഷ്‌ദീപിനെയും ഇന്ത്യന്‍ ടീമിനേയും കുറിച്ച് മോശം പറയുന്നവരെ ഓര്‍ത്ത് അപമാനം തോന്നുന്നു. അര്‍ഷ് നമ്മുടെ സുവര്‍ണതാരമാണ്' ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് ജയമാണ് പാകിസ്താന്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോഹ്‍ലിയുടെ മികവിൽ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്‍ അഞ്ച് വിക്കറ്റും ഒരു പന്തും ശേഷിക്കെ ലക്ഷ്യം നേടുകയായിരുന്നു. 20 പന്തില്‍ 42 റണ്‍സും ഒരു വിക്കറ്റും മൂന്ന് ക്യാച്ചുമായി തിളങ്ങിയ മുഹമ്മദ് നവാസാണ് പാകിസ്താന്‍റെ വിജയശില്‍പി. 51 പന്തില്‍ 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനും മികച്ച പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.