ഡെത്ത് ഓവറിൽ ബുംറക്കൊപ്പം ഹർഷൽ കൂടി ചേർന്നാൽ ഇന്ത്യ വേറെ ലെവലാകുമെന്ന് മുൻ കിവീസ് നായകൻ
text_fieldsറാഞ്ചി: ജസ്പ്രീത് ബുംറക്കൊപ്പം ഹർഷൽ പേട്ടലിന് മികച്ച കൂട്ടുകെട്ടുണ്ടാക്കാനായാൽ ട്വന്‍റി20യിൽ ആരും ഭയക്കുന്ന ടീമായി മാറാൻ ഇന്ത്യക്കാവുമെന്ന് ന്യൂസിലൻഡ് മുൻ നായകൻ ഡാനിയൽ വെട്ടോറി.
തന്‍റെ അവസാന രണ്ടോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് ഹർഷൽ തന്‍റെ മാറ്റുതെളിയിച്ചിരുന്നു. രണ്ടുവിക്കറ്റ് വീഴ്ത്തിയ ആർ.സി.ബി താരത്തിന്‍റെ മികവിൽ താരതമ്യേന ചെറിയ സ്കോറിൽ ന്യൂസിലൻഡിനെ പുറത്താക്കിയ ഇന്ത്യ ഏഴുവിക്കറ്റിന് വിജയിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ കളിയിലെ താരമായി ഹർഷൽ തെരഞ്ഞെടുക്കപ്പെട്ടു.
'ആദ്യ ആറോവറിൽ നിങ്ങൾക്ക് അക്രമണോത്സുകതയോടെ പന്തെറിയാം. ഡെത്ത് ഓവറുകളിൽ നമ്മുടെ പിഴവുകൾ നികത്തപ്പെടുെമന്ന വിശ്വാസമുള്ളതിനാലാണത്. ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ എല്ലാവർക്കും സാധിച്ചുകൊള്ളണമെന്നില്ല. ബുംറക്കൊപ്പം ഹർഷൽ കൂടി ചേർന്നാൽ ഇന്ത്യ ഉഗ്രൻ ടീമായി മാറും' -വെട്ടോറി ഇ.എസ്.പി.എൻ ക്രിക്ഇൻഫോയോട് പറഞ്ഞു.
ഡെത്ത് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത ഹർഷൽ അപകടകാരിയായ ഗ്ലെൻ ഫിലിപ്സിനെ വീഴ്ത്തുകയും ചെയ്തു. ഹർഷൽ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ എന്നിവർ ചേർന്ന് അവസാന നാലോവറിൽ 25 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതാണ് കിവീസിനെ കൂറ്റൻ സ്കോറിൽ നിന്ന് തടഞ്ഞത്.
20 ഓവറിൽ ആറിന് 153 റൺസാണ് കിവീസ് സ്കോർ ചെയ്തത്. കെ.എൽ. രാഹുലിന്‍റെയും (65) രോഹിത് ശർമയുടെയും (55) അർധസെഞ്ച്വറി മികവിൽ ഇന്ത്യൻ ഏഴുവിക്കറ്റിന് വിജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് ഇന്ത്യ മുന്നിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.