ഡാനിയല്ലെ മക്ഗാഹി: രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് ക്രീസിലിറങ്ങുന്ന ആദ്യ ട്രാൻസ്ജെൻഡർ
text_fieldsടൊറന്റോ: വനിത ട്വന്റി20 ക്രിക്കറ്റിന്റെ രാജ്യാന്തര പോരിടത്തിൽ കളത്തിലിറങ്ങുന്ന ആദ്യ ട്രാൻസ്ജെൻഡർ താരമായി ഡാനിയല്ലെ മക്ഗാഹി. കനഡക്കുവേണ്ടിയാണ് ഡാനിയല്ലെ ക്രീസിലിറങ്ങുന്നത്. ബംഗ്ലാദേശിൽ അടുത്ത വർഷം നടക്കുന്ന വനിത ട്വൻറി20 ക്രിക്കറ്റിൽ ഇടംപിടിക്കുന്നതിനുള്ള യോഗ്യതാ ചാമ്പ്യൻഷിപ്പിലാണ് ഡാനിയല്ലെയെ കനഡ ഉൾപെടുത്തിയത്.
29കാരിയായ മക്ഗാഹി ഓപണിങ് ബാറ്ററാണ്. പുരുഷനിൽനിന്ന് സ്ത്രീയായി മാറിയ ട്രാൻസ്ജെൻഡർമാരെ മത്സരത്തിനിറങ്ങാൻ അനുവദിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചതോടെയാണ് ഡാനിയല്ലെ ചരിത്രം കുറിക്കാനിറങ്ങുന്നത്.
ആസ്ട്രേലിയയിൽനിന്ന് 2020 ഫെബ്രുവരിയിലാണ് മക്ഗാഹി കനഡയിലേക്ക് ചേക്കേറിയത്. സ്ത്രീയെന്ന നിലയിലുള്ള സാമൂഹിക പരിവർത്തനത്തിന് 2020 നവംബറിൽ തുടക്കമിട്ട അവർ, 2021 മേയിലാണ് വൈദ്യശാസ്ത്രപരമായി ലിംഗമാറ്റത്തിന് തുടക്കമിടുന്നത്. ‘ഞാൻ തീർച്ചയായും ആദരിക്കപ്പെട്ടിരിക്കുന്നു. എന്റെ കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യാൻ കഴിയുമെന്ന് ഞാനൊരിക്കലും സ്വപ്നം കണ്ടിരുന്നില്ല. അതിപ്പോൾ സാധ്യമായിരിക്കുന്നു’ -മക്ഗാഹി ബി.ബി.സി സ്പോർട്ടിനോട് പറഞ്ഞു.
ബ്രസീലിനെതിരെയാണ് മക്ഗാഹി ട്വന്റി20 ഇന്റർനാഷനൽ ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നാലു ടീമുകൾ മാറ്റുരക്കുന്ന അമേരിക്കാസ് ക്വളിഫയിങ് ടൂർണമെന്റിലെ ആദ്യ മത്സരം കനഡയും ബ്രസീലും തമ്മിലാണ്. യു.എസ്.എയും അർജന്റീനയുമാണ് പങ്കെടുക്കുന്ന മറ്റു ടീമുകൾ. സെപ്റ്റംബർ നാലു മുതൽ 11 വരെ ലോസ് ആഞ്ചലസിൽ നടക്കുന്ന ടൂർണമെന്റിലെ ജേതാക്കൾ ഗ്ലോബൽ ക്വാളിഫയറിലേക്ക് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.