''ഐ.പി.എല്ലിൽ വാർണറെ ഒരു ടീമും നായകനാക്കില്ല''- ആകാശ് ചോപ്ര
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ താരലേലം ഫെബ്രുവരിയിൽ നടക്കാനിരിക്കെ, നായകനെ തിരയുന്ന മൂന്ന് ഫ്രാഞ്ചൈസികളും ആസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ പരിഗണിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മെഗാ താരലേലത്തിൽ വിലകൂടിയ താരങ്ങളിൽ ഒരാളായി വാർണർ മാറിയേക്കുമെങ്കിലും ഈ സീസണിൽ ക്യാപ്റ്റനെ തേടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകൾ അദ്ദേഹത്തെ ആ സഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു.
2016-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ കന്നി ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച താരമാണ് വാർണർ, എന്നാൽ, കുറച്ചു വർഷങ്ങളായി മോശം പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. അതേസമയം, താരലേലത്തിൽ വാർണറെ കളിക്കാരാനായി ഏതെങ്കിലും ടീം തിരഞ്ഞെടുക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ആകാശ് ചോപ്ര വ്യകതമാക്കി.
''തീർച്ചയായും മെഗാ താരലേലത്തിൽ ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാളായിരിക്കും ഡേവിഡ് വാർണർ. പക്ഷേ ഒരു ടീമും ക്യാപ്റ്റനായി പരിഗണിക്കില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ഐപിഎൽ ഒരു ചെറിയ കുടുംബമാണ്. കഴിഞ്ഞ വർഷം എന്താണ് സംഭവിച്ചത്, കാരണങ്ങളും പ്രശ്‌നങ്ങളും എന്താണെന്ന് എല്ലാവർക്കും ധാരണയുണ്ട്. അദ്ദേഹം ആർ.സി.ബി യിലേക്ക് പോകാൻ സാധ്യതയുണ്ട്. ഒരു വശത്ത് വിരാട് കോഹ്ലിയും മറുവശത്ത് ഡേവിഡ് വാർണറും. ആ ഇടംകൈ– വലംകൈ കോംബിനേഷൻ മത്സരത്തിൽ സ്ഫോടനം സൃഷ്ടിച്ചേക്കും''– വാർണർ ആർസിബിയിലേക്കു പോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിക്കൊണ്ട് ചോപ്ര കൂട്ടിച്ചേർത്തു.
ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായ വാർണർ 150 മത്സരങ്ങളിൽനിന്ന് 5449 റൺസ് നേടിയിട്ടുണ്ട്. ഫെബ്രുവരി 12, 13 തീയതികളിലാണ് ഐപിഎൽ മെഗാ താരലേലം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.