ഇന്ത്യൻ ആധിപത്യം; വനിതകളുടെ പിങ്ക്ബാൾ ടെസ്റ്റ് സമനിലയിൽ
text_fieldsഗോൾഡ്കോസ്റ്റ്: ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന ഏക പകൽ-രാത്രി ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ രണ്ടുദിനം മഴ കാരണം നിരവധി ഓവറുകൾ നഷ്ടമായതാണ് മത്സരത്തിന് ഫലമില്ലാതാക്കിയത്. രണ്ട് ഇന്നിങ്സികളിൽ യഥാക്രമം 127, 31 റൺസുകൾ സ്കോർ ചെയ്ത ഇന്ത്യൻ ഓപണർ സ്മൃതി മന്ദാനയാണ് കളിയിലെ താരം.
ആദ്യം ബാറ്റുചെയ്ത ഇന്ത്യൻ വനിതകൾ മന്ദാനയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ എട്ടിന് 377 റൺസ് സ്കോർ ചെയ്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. നാലാം ദിനം മൂന്നിന് 143 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ആസ്ട്രേലിയ ഒമ്പതിന് 241 റൺസെന്ന നിലയിലായി. അമ്പരപ്പിക്കുന്ന തീരുമാനത്തിലൂടെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസീസ് നായിക മെഗ് ലാന്നിങ് ഇന്ത്യക്കാരെ ബാറ്റിങ്ങിന് ക്ഷണിച്ചു.
രണ്ടാം ഇന്നിങ്സിൽ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് സ്കോർ ചെയ്ത് ഇന്ത്യ ചായക്ക് ശേഷം ആതിഥേയർക്ക് വീണ്ടും ബാറ്റ് ചെയ്യാൻ അവസരം നൽകി. 91 പന്തിൽ 52 റൺസുമായി ശഫാലി വർമയും 41 റൺസുമായി പുറത്താകാതെ നിന്ന പൂനം റാവത്തുമാണ് തിളങ്ങിയത്.
32 ഓവറിൽ 272 റൺസായിരുന്നു വിജയലക്ഷ്യം. 15 ഓവറിൽ ഓസീസ് സ്കോർ 36ന് രണ്ട് എന്ന നിലയിൽ എത്തിനിൽക്കേ നായികമാരായ മിതാലി രാജും മെഗ് ലാന്നിങ്ങും സമനിലക്ക് സമ്മതിച്ച് ഹസ്തദാനം ചെയ്തു.
ഇരു ടീമുകൾക്കും രണ്ട് പോയിന്‍റ് വീതം ലഭിച്ചു. മഴ കാരണം ആദ്യ രണ്ടുദിവസങ്ങളിലായി 80ലേറെ ഓവറുകൾ നഷ്ടപ്പെട്ടിരുന്നു. സീനിയർ താരങ്ങളായ മിതാലിയുടെയും ജുലൻ ഗോസ്വാമിയുടെയും അവസാന ടെസ്റ്റ് മത്സരമാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.