ചെന്നൈക്ക് വീണ്ടും തോൽവി; പോയന്റ് പട്ടികയിൽ ഒന്നാമതായി ഡൽഹി
text_fieldsദുബൈ: പോയന്റ് പട്ടികയിലെ മുമ്പൻമാരുടെ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ മലർത്തിയടിച്ച് ഡൽഹി കാപ്പിറ്റൽസ് ഒന്നാം സ്ഥാനത്തേക്ക് കയറി. ചെന്നൈ ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റുകൾ നഷ്ടപ്പെടുത്തി അവസാന ഓവറിൽ ഡൽഹി മറികടക്കുകയായിരുന്നു. 13 കളികളിൽ നിന്നും ഡൽഹിക്ക് 20ഉം ചെെന്നെക്ക് 18 ഉം പോയന്റാണുള്ളത്.
99 റൺസിന് ആറുവിക്കറ്റ് വീണതോടെ ഡൽഹി ഒരു വേള സമ്മർദത്തിലായെങ്കിലും 18 പന്തുകളിൽ 28 റൺസെടുത്ത ഹെറ്റ്മെയർ രക്ഷക്കെത്തുകയായിരുന്നു. ശിഖർ ധവാൻ (39) റൺസെടുത്തു. ചെെന്നെക്കായി രവീന്ദ്ര ജദേജയും ഷർദുൽ താക്കൂറും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
പ്ലേഓഫിൽ കടന്നതിെൻറ ആലസ്യത്തിൽ കളിക്കളത്തിലിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചിന് 136 എന്ന സ്കോറിൽ ഡൽഹി ക്യാപിറ്റൽസ് പിടിച്ചുകെട്ടുകയായിരുന്നു. അർധസെഞ്ച്വറി നേടിയ അമ്പാട്ടി റായുഡുവൊഴികെ (43 പന്തിൽ 55) മറ്റാർക്കും തിളങ്ങാനായില്ല.
രാജസ്ഥാനെതിെര കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാദ് 13 റൺസിനു പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. 10 റൺസെടുത്ത ഫാഫ് ഡുപ്ലസിസാണ് ആദ്യം പുറത്തായത്. അക്സർ പട്ടേലിെൻറ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച്. ആൻറിച് നോർട്യെയാണ് ഋതുരാജിനെ വീഴ്ത്തിയത്. ഏറക്കാലത്തിനുശേഷം അവസരം ലഭിച്ച റോബിൻ ഉത്തപ്പ 19 റൺസിനും മുഈൻ അലി അഞ്ചു റൺസിനും പുറത്തായി.
അഞ്ചാം വിക്കറ്റിൽ റായുഡുവും ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും ചേർന്നുണ്ടാക്കിയ 70 റൺസിെൻറ കൂട്ടുകെട്ടാണ് ചെന്നൈക്ക് മാന്യമായ സ്കോർ നൽകിയത്. വമ്പൻ അടികളുടെ ഓർമകളിൽ ധോണി ഒരിക്കൽകൂടി തപ്പിത്തടഞ്ഞപ്പോൾ മറുവശത്ത് തുടക്കത്തിലെ മന്ദതാളത്തിനുശേഷം റായുഡു ആഞ്ഞുവീശിയാണ് സ്കോർ ഉയർത്തിയത്. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ടു വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.