ലബൂഷെയ്ൻ സെഞ്ചുറിയിൽ തിരിച്ചുവന്ന് ഓസീസ്; ആദ്യ ദിനം അഞ്ചു വിക്കറ്റിന് 274
text_fields
സിഡ്നി: 17 റൺസ് എടുക്കുേമ്പാഴേക്ക് രണ്ടു വിക്കറ്റ് വീണ് പതറിയ ആസ്ട്രേലിയയെ കര കടത്തി മാർനസ് ലബൂഷെയ്ൻ. ആദ്യം പന്തുമായി ഇന്ത്യൻ പുതുനിരയും പിന്നീട് ബാറ്റുമായി ആസ്ട്രേലിയയും മികവു കാട്ടിയ നിർണായകമായ നാലാം ടെസ്റ്റിെൻറ ഒന്നാം ദിവസം ലബൂഷെയ്നായിരുന്നു ശരിക്കും ഹീറോ.
തുടക്കം പാളിയ ആതിഥേയർ എല്ലാം കൈവിടുമെന്ന ആധിയിൽ നിൽക്കെയാണ് താരം ബാറ്റുമായി ക്രീസിലെത്തുന്നത്. വ്യക്തിഗത സ്കോർ 37ലും പിന്നീട് 48ലും നിൽക്കെ അനായാസ ക്യാച്ച് കൈവിട്ട് ഇന്ത്യയുടെ ഫീൽഡർമാർ കനിഞ്ഞതോടെ താരം പിന്നെ തിരിഞ്ഞുനോക്കിയില്ല. 204 പന്തിലായിരുന്നു ലബൂഷെയ്നിെൻറ സെഞ്ച്വറി.
പരിക്കിൽ വലഞ്ഞ് ഇളമുറക്കാരുമായി ഭാഗ്യം തേടിയ ഇന്ത്യൻ ബൗളിങ് നിരയിൽ ഏറ്റവും അവസാനം ബുംറ കൂടി പുറത്തിരുന്നതാണ് വലിയ തിരിച്ചടിയായത്. രവിചന്ദ്ര അശ്വിനും നാലാം ടെസ്റ്റിൽ ഇറങ്ങിയില്ല. അപ്രതീക്ഷിതമായി ടീമിൽ ഇടം കണ്ടെത്തിയ വാഷിങ്ടൻ സുന്ദർ, ടി. നടരാജൻ എന്നിവർ പക്ഷേ, അക്ഷരാർഥത്തിൽ ഓസീസ് ബാറ്റിങ്ങിനെ വരിഞ്ഞുകെട്ടി. ലബൂഷെയ്ൻ ഉൾപെടെ രണ്ട് വിലപ്പെട്ട വിക്കറ്റുകൾ നടരാജൻ സ്വന്തം പേരിൽ കുറിച്ചു.
മുൻനിരക്കാർ കളമൊഴിഞ്ഞ ഇന്ത്യൻ ബൗളിങ് ലൈനപ്പിൽ മികവു പ്രതീക്ഷിച്ച നവ്ദീപ് സെയ്നി എട്ടാം ഓവറിൽ പരിക്കുമായി മടങ്ങി. എന്നിട്ടും ആസ്ട്രേലിയൻ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണുകൊണ്ടിരുന്നു. ക്യാപ്റ്റൻ ടിം പെയിൻ (38), ഗ്രീൻ (28) എന്നിവരാണ് ഒന്നാം ദിനം സ്റ്റെമ്പടുക്കുേമ്പാൾ ക്രീസിൽ.
നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇതുവരെ 20 കളിക്കാർ പാഡണിഞ്ഞതാണ് കംഗാരു മണ്ണിൽ സന്ദർശകരുടെ സവിശേഷത. ക്രിക്കറ്റിെൻറ ചരിത്രത്തിൽ തന്നെ ഇത് ആദ്യം. എന്നിട്ടും പിടിച്ചുനിന്ന് കളിച്ചത് ബൗളർമാരുടെ മികവ്.
ലബൂഷെയ്നെ വളരെ നേരത്തെ പുറത്താക്കാൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെക്ക് സുവർണാവസരം ലഭിച്ചെങ്കിലും കളഞ്ഞുകുളിച്ചു. ഇല്ലായിരുന്നുവെങ്കിൽ മൂന്നക്കം കടക്കുംമുമ്പ് ഓസീസ് വിക്കറ്റ് നഷ്ടം നാലാകുമായിരുന്നു. വൈകാതെ ചേതേശ്വർ പൂജാരയും ക്യാച്ച് കൈവിട്ടു. ഇതോടെ, വെയ്ഡിനൊപ്പം 113 റൺസിെൻറ കൂട്ടുകെട്ടുമായി ലബൂഷെയ്ൻ രക്ഷകവേഷം ഗംഭീരമാക്കി. വെയ്ഡ് 45 റൺസെടുത്ത് പുറത്തായി. 13 പന്തിനിടെ ലബൂഷെയ്നും മടങ്ങിയത് ഇന്ത്യക്ക് ആശ്വാസമായി.
1-1ന് ഇരുവരും ഒപ്പം നിൽക്കുന്ന പരമ്പരയിൽ ആസ്ട്രേലിയക്ക് പരമ്പര നേട്ടത്തിന് ജയം ആവശ്യമാണ്. എന്നാൽ, സമനില കൊണ്ട് ബോർഡർ- ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം.
400 റൺസെങ്കിലും ഒന്നാം ഇന്നിങ്സിൽ സ്വന്തമാക്കി ഇന്ത്യൻ ബാറ്റിങ്ങിനെ മുൾമുനയിലാക്കുകയാണ് ഓസീസ് ബാറ്റിങ് ലക്ഷ്യം. എന്നാൽ, രണ്ടാം ദിവസം നേരത്തെ ആതിഥേയരെ മടക്കി ബാറ്റിങ്ങിൽ കരുത്തുകാട്ടാൻ സന്ദർശകരും ശ്രമിക്കുമെന്ന് തീർച്ച. നടരാജനു പുറമെ ഓരോ വിക്കറ്റുമായി സിറാജ്, ഷാർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഒന്നാം ദിനം തിളങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.