Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'എന്‍റെ വിറക്കുന്ന...

'എന്‍റെ വിറക്കുന്ന കൈകളിലേക്ക് അവർ ഒരു കുഞ്ഞിനെ വെച്ചുതന്നു, അവൻ ഇന്നൊരു ഇതിഹാസമാണ്'

text_fields
bookmark_border
bumrah deepal trivedi 897
cancel
camera_alt

ജസ്പ്രീത് ബുംറയും ദീപൽ ത്രിവേദിയും 

ക്രിക്കറ്റിനെക്കുറിച്ചുള്ള എന്റെ അറിവ് വട്ട​പ്പൂജ്യമാണ്. വിരാട് കോഹ്‍ലിയെ അനുഷ്കയുടെ ഭർത്താവ് എന്ന നിലയിലാണ് എനിക്ക് പരിചയം. അദ്ദേഹം സൗമ്യനാണ്, ഡാൻസ് കളിക്കാൻ ശ്രമിക്കുന്നത് കാണാനും രസമാണ്. ഈ കുറിപ്പ് എന്റെ ഹീറോയെക്കുറിച്ചാണ്.

1993ൽ- മാസ ശമ്പളം എണ്ണൂറ് രൂപയിലും കുറവായിരുന്ന ഒരു കാലത്ത്, എന്റെ തൊട്ടയൽക്കാരിയായ പ്രിയപ്പെട്ട സുഹൃത്ത് ദൽജിത്ത് ​എന്നോട് ഒരു ദിവസം നിർബന്ധമായും ലീവെടുക്കാൻ പറഞ്ഞു. അവളന്ന് പൂർണ ഗർഭിണിയാണ്. എനിക്കന്ന് ഇരുപത്തിരണ്ടോ ​മൂന്നോ ആണ് പ്രായം. ഡിസംബറിലെ ആ ദിവസം ഏതാണ്ട് പൂർണമായി ഞാൻ അഹ്മദാബാദ് പാൾഡി ഏരിയയിലെ ആശുപത്രിയിലാണ് തങ്ങിയത്. ദൽജിത്തിന്റെ ഭർത്താവ് ജസ്ബീർ എന്തോ കാര്യത്തിന് പുറത്തേക്ക് പോയിരിക്കുകയായിരുന്നു. നഴ്സ് ഞങ്ങളുടെ പേര് വിളിച്ചു-ഓടിച്ചെന്ന എന്റെ വിറക്കുന്ന കൈകളിലേക്ക് അവർ ഒരു കുഞ്ഞിനെ വെച്ചുതന്നു. ഒരു നവജാത ശിശുവിനെ ഞാൻ ആദ്യമായി സ്പർശിക്കുകയായിരുന്നു അന്ന്. ആൺകുഞ്ഞാണെന്ന് നഴ്സ് പറഞ്ഞു. മെലിഞ്ഞ ഒരു കുഞ്ഞായിരുന്നു അവനെന്ന് ഓർമയുണ്ട്. അപ്പോഴേക്ക് ഡോക്ടർ വന്നു. എന്റെ കൂട്ടുകാരി ശരിക്കും സന്തോഷിച്ചു. അവളുടെ മൂത്ത മകൾ ജൂഹികയുടെ തലതൊട്ടമ്മപ്പട്ടം നേരത്തേ തന്നെ എനിക്കുണ്ട്.

ഒരു സിനിമാക്കഥ പോലെയാണ് കാര്യങ്ങൾ പോയത്. ഗുജറാത്ത് മുഖ്യമന്ത്രി ചിമൻലാൽ പട്ടേൽ മരണപ്പെട്ട് ഏതാനും ആഴ്ചകൾക്കകം രാഷ്ട്രീയ കാര്യ ലേഖികയായി എനിക്ക് സ്ഥാനക്കയറ്റം കിട്ടി, ശമ്പളത്തിലും അൽപസ്വൽപം വർധനയുണ്ടായി. ഞങ്ങൾ കുറച്ച് ഐസ്ക്രീം വാങ്ങി പങ്കുവെച്ച് അതാഘോഷമാക്കി.

അയൽക്കാർ എന്ന നിലയിൽ ഞങ്ങൾ സകലതും പങ്കുവെച്ചിരുന്നു. എനിക്കന്ന് ഫോണുണ്ടായിരുന്നില്ല, ഫ്രിഡ്ജുണ്ടായിരുന്നില്ല എന്തിനേറെ പറയാൻ കിടക്ക പോലുമില്ലായിരുന്നു. ഒരു മതിലിനപ്പുറമുള്ള അവളുടെ വീട് എന്റെ താവളം തന്നെയായിരുന്നു.

അധികം വൈകാതെ അവളുടെ ഭർത്താവ് മരണപ്പെട്ടു. ജീവിതം മാറിമറിഞ്ഞു, ഞങ്ങളുടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു. ആ മാസം മുഴുവൻ ഞാനാണ് ആ മക്കളെ നോക്കിയത്. അവർക്ക് പുസ്തകങ്ങൾ വായിച്ചു കൊടുക്കാൻ ശ്രമിച്ചു. ആ പയ്യന് അതിലൊന്നും താൽപര്യമില്ലായിരുന്നു, ഒരു പ്ലാസ്റ്റിക് പന്തും കൊണ്ട് കളിച്ച് നടന്നു അവൻ. കുട്ടികളെ നോക്കുന്നതിനിടെ കഴിക്കാനൊന്നുമില്ലാതെ ഞാനും ഇടക്ക് ആ മക്കളുടെ ബിസ്കറ്റ് കഴിച്ചാണ് വിശപ്പാറ്റിയിരുന്നത്.




വിശപ്പിനിടയിലും കരഞ്ഞും പൊരുതിയും ഞങ്ങൾ ജീവിതത്തെ നേരിട്ടു. എന്റെ സുന്ദരിക്കുട്ടി ജൂഹികയുടെ പുഞ്ചിരിയും ഇറുക്കിയുള്ള ആലിംഗനങ്ങളും എനിക്ക് പ്രതീക്ഷ പകർന്നു, അവൾ ഇന്നുമത് തുടരുന്നു.

പക്ഷേ, ആ പയ്യന്റെ കഷ്ടപ്പാടുകൾ കടുപ്പമേറിയതായിരുന്നു. അവന് കൊടുക്കാൻ അമുൽ ഡയറിയുടെ ഒരു പാക്കറ്റ് പാല് വാങ്ങാനുള്ള അവസ്ഥ പോലും ഞങ്ങൾക്കില്ലായിരുന്നു. ഞങ്ങളെല്ലാവരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു. അവന്റെ അമ്മ ദിവസം 16-18 മണിക്കൂറെങ്കിലും ജോലി ചെയ്തു.

ഒരിക്കൽ ഒരു ഇൻക്രിമെന്റ് കിട്ടിയ ദിവസം ഒരു കുർത്ത വാങ്ങാൻ ഞാൻ വെസ്റ്റ്സൈഡിലേക്ക് പോയി. ഒരു എട്ടുവയസ്സുകാരൻ അമ്മയുടെ ദുപ്പട്ടയുടെ അരിക് പറ്റി അവിടെ നിൽപ്പുണ്ടായിരുന്നു. തണുപ്പിനെ അതിജീവിക്കാൻ അവനൊരു വിൻഡ് ചീറ്റർ വേണമായിരുന്നു. അതായിരുന്നു ഞാൻ അവന് നൽകിയ ഏക സമ്മാനം. പുതിയ കുർത്തയില്ലാതെ ഞാൻ ദീപാവലിയും ക്രിസ്മസും എന്റെ ബെർത്ത് ഡേയും കഴിച്ചുകൂട്ടി. പക്ഷേ അവൻ ആ വിൻഡ് ചീറ്റർ ധരിക്കുമ്പോൾ രാജ്ദീപ് രണാവത്തിന്റെയോ മനീഷ് മൽഹോത്രയുടെയോ ഡിസൈനർ കുർത്ത ധരിച്ച സംതൃപ്തിയായിരുന്നു എനിക്ക്.

നാണംകുണുങ്ങിയായിരുന്ന അവൻ ഇന്നൊരു ഇതിഹാസമാണ്. ഇന്നലെ രാത്രി നമുക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്നതിൽ അവൻ നിർണായക പങ്ക് വഹിച്ചു. എന്നിട്ടും അവന്റെ എളിമയിലും ലാളിത്യത്തിലും തെല്ല് മാറ്റമില്ല. ഓരോ ഇന്ത്യക്കാരും അവനെക്കുറിച്ച് അഭിമാനിക്കുകയും അവനിൽ നിന്ന് പഠിക്കുകയും വേണം- അവന്റെ പേര് ജസ്പ്രീത് ബുംറ എന്നാണ്.

അവന്റെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഒരു മാച്ച് കാണാനിരുന്നെങ്കിലും ഞാൻ പാതിയിൽ വെച്ച് നിർത്തി-എനിക്ക് ​ക്രിക്കറ്റ് മനസ്സിലാവില്ല. ഒരു പക്ഷേ അംഗദ് ഫുട്ബാൾ കളിക്കാൻ തുടങ്ങിയാൽ അന്ന് ഞാനത് കാണുമായിരിക്കാം.

ഞാനീ നീണ്ട കുറിപ്പെഴുതാൻ കാരണം ഒരു കാര്യം ഊന്നിപ്പറയാനാണ്- നമ്മൾ ഒരിക്കലും പിൻമാറരുത്, എന്തെന്നാൽ ദൈവം നമ്മളെ ഒരിക്കലും കൈവിടുന്നില്ല.




ജസ്പ്രീതിനെ ആദ്യമായി കൈകളിൽ ഏറ്റുവാങ്ങാനായത് എന്റെ ഭാഗ്യമാണ്. എന്തെങ്കിലും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ ആ നിമിഷത്തെക്കുറിച്ച് ഞാനാലോചിക്കും, അതെനിക്ക് എന്തിനേയും അഭിമുഖീകരിക്കാനുള്ള പ്രതീക്ഷ പകരും. അതുപോലുള്ള അത്ഭുതമക്കളെ വളർത്തിയെടുത്തതിലെ എല്ലാ മിടുക്കും അവന്റെ അമ്മ ദൽജിത്തിന്റെതാണ്. ഏതാനും മാസം മുൻപ് ജസ്പ്രീതിന്റെ സുന്ദരിയായ പത്നി സഞ്ജന ഞങ്ങൾക്ക് ഉച്ചഭക്ഷണമൊരുക്കി. എന്റെ കുഞ്ഞ് ജസ്പ്രീതിന് ഇപ്പോൾ കുഞ്ഞൻ അംഗദ് ഉണ്ട്, അവൻ ജസ്പ്രീതിനെക്കാൻ സുന്ദരക്കുട്ടനാണ്. ഞാൻ വ്യക്തിവിശേഷക്കുറിപ്പുകൾ എഴുതാറേയില്ല. പക്ഷേ ഒരാളും ജീവിതത്തിൽ പ്രതീക്ഷ കൈവിടരുത് എന്ന് പറയാൻ എനിക്കിത് എഴുതിയേ തീരൂ.

ജസ്പ്രീത് ബുംറയെക്കുറിച്ചോർക്കുക, അവൻ നടത്തിയ ​പോരാട്ടങ്ങളെക്കുറിച്ചും. അവനെ ദൈവം സഹായിച്ച രീതിയെക്കുറിച്ചും. ദൈവം നമ്മൾ എല്ലാവരേയും സഹായിക്കും. പക്ഷേ ആദ്യം നമ്മൾ നമ്മെ സഹായിക്കണം. എന്റെ കുഞ്ഞ് ജസ്പ്രീതിനെ അവന്റെ ലോകകപ്പ് വിജയത്തിൽ അഭിനന്ദിക്കാൻ നിങ്ങളും എനിക്കൊപ്പം ചേരൂ.

അഹമ്മദാബാദിലെ അറിയപ്പെടാത്തൊരു പ്രദേശത്ത് നിന്ന്, സ്കൂളിൽ നിന്ന് ഉയർന്നു വന്ന് അവൻ നമുക്കേവർക്കും അഭിമാനം പകരുന്നു. അവനെ ഒരു ചാമ്പ്യനാക്കി മാറ്റിത്തീർത്ത അമ്മ ദൽജിത്തിനും സഹോദരി ജൂഹികക്കും ഞാൻ നന്ദി പറയുന്നു. പത്നി സഞ്ജന അവന്റെ ജീവനാണ്. സോറി ജസ്പ്രീത്, ഞാൻ ഇന്നലെ നിന്റെ കളി കണ്ടില്ല, പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു..!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jasprit BumrahDeepal Trivedi
News Summary - Deepal Trivedi shares childood memories of Jasprit Bumrah
Next Story