ഡൽഹിയും വീണു; രാജസ്ഥാൻ റോയൽസിന് രണ്ടാം ജയം
text_fieldsജെയ്പൂർ: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ ജയം പിടിച്ച് രാജസ്ഥാൻ റോയൽസ്. 12 റൺസിനാണ് സഞ്ജുവും സംഘവും ജയിച്ചുകയറിയത്. 186 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയുടെ മറുപടി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ഓപണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് ഡൽഹിക്ക് നൽകിയത്. എന്നാൽ, 3.2 ഓവറിൽ 30 റൺസ് ചേർത്ത സഖ്യത്തെ നാന്ദ്രെ ബർഗർ പിരിച്ചു. 12 പന്തിൽ 23 റൺസെടുത്ത മാർഷിന്റെ സ്റ്റമ്പ് ബർഗർ തെറിപ്പിക്കുകയായിരുന്നു. തുടർന്നെത്തിയ റിക്കി ബുയി റൺസൊന്നുമെടുക്കാതെ മടങ്ങി. ശേഷം ക്യാപ്റ്റൻ റിഷബ് പന്ത് വാർണർക്കൊപ്പം പിടിച്ചുനിന്നതോടെ ടീം സുരക്ഷിത നിലയിലേക്ക് നീങ്ങി. എന്നാൽ, 34 പന്തിൽ 49 റൺസെടുത്ത വാർണറെ ആവേശ് ഖാൻ സന്ദീപ് ശർമയുടെ കൈയിലെത്തിച്ചതിന് പിന്നാലെ 26 പന്തിൽ 28 റൺസെടുത്ത പന്തും വീണതോടെ ഡൽഹി പ്രതിസന്ധിയിലായി. വൈകാതെ ഒമ്പത് റൺസെടുത്ത അഭിഷേക് പോറലും തിരിച്ചുകയറി.
അഞ്ചാമനായെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് അക്സർ പട്ടേലിനെ കൂട്ടുനിർത്തി ഒരുവശത്ത് അടിച്ചുകളിച്ചതോടെ ഡൽഹി ജയപ്രതീക്ഷയിലേക്ക് തിരിച്ചുവന്നു. എന്നാൽ, ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് നാല് റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ട്രിസ്റ്റൻ സ്റ്റബ്സ് 23 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 44 റൺസുമായും അക്സർ പട്ടേൽ 13 പന്തിൽ ഒരു ഫോർ സഹിതം 15 റൺസുമായും പുറത്താകാതെനിന്നു. രാജസ്ഥാന് വേണ്ടി നാന്ദ്രെ ബർഗർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ ഒരു വിക്കറ്റ് നേടി.
ഐ.പി.എല്ലിൽ ആദ്യ മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ 20 റൺസിന് വീഴ്ത്തിയ രാജസ്ഥാൻ ഇതോടെ നാല് പോയന്റുമായി രണ്ടാമതാണ്. ചെന്നൈ സൂപ്പർ കിങ്സിനും നാല് പോയന്റാണെങ്കിലും മികച്ച റൺറേറ്റിൽ ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു.
നേരത്തെ റിയാൻ പരാഗിന്റെ തകർപ്പൻ അർധസെഞ്ച്വറിയാണ് രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ സമ്മാനിച്ചത്. 45 പന്തിൽ ആറ് സിക്സും ഏഴ് ഫോറുമടക്കം 85 റൺസുമായി പരാഗ് പുറത്താകാതെനിന്നു. ആന്റിച്ച് നോർജെ എറിഞ്ഞ അവസാന ഓവറിൽ 25 റൺസാണ് രാജസ്ഥാൻ അടിച്ചുകൂട്ടിയത്. കഴിഞ്ഞ മത്സരത്തിൽ ഉശിരൻ അർധസെഞ്ച്വറിയുമായി കളിയിലെ താരമായ ക്യാപ്റ്റൻ സഞ്ജു സാംസൺ ഇത്തവണ 14 പന്തിൽ 15 റൺസെടുത്ത് ഖലീൽ അഹ്മദിന്റെ പന്തിൽ റിഷബ് പന്ത് പിടിച്ചു പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ സ്കോർബോർഡിൽ ഒമ്പത് റൺസായപ്പോഴേക്കും ഓപണർ യശസ്വി ജെയ്സ്വാളിന്റെ സ്റ്റമ്പ് മുകേഷ് കുമാർ തെറിപ്പിച്ചു. ഏഴ് പന്തിൽ അഞ്ച് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വൈകാതെ സഞ്ജുവും തൊട്ടുപിറകെ ജോസ് ബട്‍ലറും (16 പന്തിൽ 11) വീണതോടെ റണ്ണൊഴുക്ക് കുറഞ്ഞു.
തുടർന്നെത്തിയ രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 29), ധ്രുവ് ജുറേൽ (12 പന്തിൽ 20) ഷിംറോൺ ഹെറ്റ്മെയർ (ഏഴ് പന്തിൽ പുറത്താകാതെ 14) എന്നിവർ പരാഗിന് പിന്തുണ നൽകിയതോടെയാണ് സ്കോർ 185ലെത്തിയത്. ഡൽഹിക്കായി ഖലീൽ അഹ്മദ്, മുകേഷ് കുമാർ, ആന്റിച്ച് നോർജെ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.