പടിക്കലല്ല; തുടക്കത്തിലേ കലമുടച്ച് ബാംഗ്ലൂർ; ഡൽഹിക്ക് കൂറ്റൻ വിജയം
text_fieldsദുബൈ: 197 റൺസിെൻറ വലിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് വമ്പൻ തോൽവി. ലക്ഷ്യബോധമില്ലാതെ ബാറ്റുവീശിയ ബാംഗ്ലൂരിനെ 59 റൺസിനാണ് ഡൽഹി കാപ്പിറ്റൽസ് തകർത്തത്. നാലോവറിൽ 24 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയാണ് ബാംഗ്ലൂരിെൻറ പതനം വേഗത്തിലാക്കിയത്.
ഫോമിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിെൻറ (4) വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. പിന്നാലെ 13 റൺസെടുത്ത ആരോൺ ഫിഞ്ചും 9 റൺസെടുത്ത എ.ബി ഡിവില്ലിയേഴ്സും പുറത്തായതോടെ ബാംഗ്ലൂർ പരുങ്ങലിലായി. 39 പന്തിൽ നിന്നും 43 റൺസെടുത്ത നായകൻ വിരാട് കോഹ്ലി മാത്രമാണ് അൽപ്പമെങ്കിലും ശോഭിച്ചത്. മുഈൻ അലി 11ഉം വാഷിങ്ടൺ സുന്ദർ 17ഉം റൺസെടുത്ത് പുറത്തായി.
സ്പിന്നർമാരെയും പേസർമാരെയും മാറി മാറി പരീക്ഷിച്ച ഡൽഹി നായകൻ ശ്രേയസ് അയ്യരുടെ തന്ത്രം ഫലിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുവീഴ്ത്തി ഡൽഹി ബൗളർമാർ നായകെൻറ തീരുമാനത്തെ ശരിവെച്ചു. ആൻറിച് നോർകിയ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, ബാറ്റെടുത്തവരിൽ ഏറെപ്പേരും മിന്നിത്തിളങ്ങിയതോടെയാണ് ഡൽഹി കൂറ്റൻ സ്കോർ കുറിച്ചത്. ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു ഡൽഹിയുടെ തുടക്കം. നാലുവിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്താണ് ഡൽഹി ഇന്നിങ് സ് അവസാനിപ്പിച്ചത്.
23 പന്തിൽ 42 റൺസുമായി പ്രഥ്വി ഷായും 28പന്തിൽ 32റൺസുമായി ശിഖർ ധവാനും ഡൽഹിക്ക് മികച്ച തുടക്കമിട്ടു. തുടർന്ന് വന്ന നായകൻ ശ്രയസ് അയ്യർക്ക് (11) തിളങ്ങാനായില്ലെങ്കിലും ഋഷഭ് പന്തും മാർക്കസ് സ്റ്റോയ്ണിസും ആഞ്ഞുവീശിയതോടെ ഡൽഹിയുടെ സ്കോർബോർഡ് വേഗത്തിൽ കുതിച്ചു. 26 പന്തിൽ 53 റൺസെടുത്ത പുറത്താകാതെ നിന്ന സ്റ്റോയ്ണിസാണ് ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ബാംഗ്ലൂരിനായി പന്തെടുത്തവരിൽ വാഷിങ്ടൺ സുന്ദറൊഴികെയുള്ളവരെല്ലാം തല്ലുവാങ്ങി. നാലോവർ എറിഞ്ഞ വാഷിങ്ടൺ സുന്ദർ 20റൺസ് മാത്രമാണ് വഴങ്ങിയത്. മുഹമ്മദ് സിറാജ് 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
അഞ്ചുമത്സരങ്ങളിൽ നാലും ജയിച്ച ഡൽഹി ഒന്നാംസ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരങ്ങൾ ജയിച്ച ബാംഗ്ലൂർ മൂന്നാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.