കെ.കെ.ആറിനെ വരിഞ്ഞുമുറുക്കി കാപിറ്റൽസ് ബൗളർമാർ; 127-ന് ഓൾഔട്ട്
text_fieldsഇത്തവണത്തെ ഐ.പി.എല്ലിലെ പാതി ടീമുകൾക്കും ഓരോ പോയിന്റുകൾ സമ്മാനിച്ച ടീമാണ് ഡൽഹി കാപിറ്റൽസ്. എല്ലാ മത്സരങ്ങളിലും തോറ്റ് പോയിന്റ്സ് പട്ടികയിൽ ഏറ്റവും ഒടുവിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഡേവിഡ് വാർണറുടെ പട, ഒടുവിൽ തിരിച്ചുവരവിന്റെ സൂചനകൾ നൽകുകയാണ്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ബൗളർമാർ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
കൂറ്റനടിക്കാർ നിറഞ്ഞ കെ.കെ.ആറിനെ 20 ഓവറിൽ 127 റൺസിന് ഡൽഹി കൂടാരം കയറ്റി. ഓപണർ ജേസൺ റോയ് (43) ഒഴിച്ചുള്ള ബാറ്റർമാരെല്ലാം അമ്പേ പരാജയമായതോടെയാണ് ടീം കുറഞ്ഞ സ്കോറിന് ഒതുങ്ങിയത്. 39 പന്തുകളിലാണ് റോയ് 43 റൺസ് എടുത്തത്. താരത്തെ സാക്ഷിയാക്കി ഡൽഹി ബൗളർമാർ നിരന്തരം വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ നായകൻ നിതീഷ് റാണ (4) വെങ്കടേഷ് അയ്യർ (0) റിങ്കു സിങ് (6) എന്നിവരും ഒരു സംഭാവനയും നൽകിയില്ല. ഓൾറൗണ്ടർ ആന്ദ്രെ റസൽ നടത്തിയ രക്ഷാപ്രവർത്തനമാണ് സ്കോർ 100 കടത്തിയത്. താരം 31 പന്തുകളിൽ നാല് സിക്സറുകളും ഒരു ഫോറുമടക്കം 38 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
ഡൽഹിക്ക് വേണ്ടി അക്സർ പട്ടേൽ മൂന്ന് ഓവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് 15 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കി. ഇഷാന്ത് ശർമ നാലോവറിൽ 19 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. അന്റിച്ച് നോർട്ജെക്കും ഉണ്ട് രണ്ട് വിക്കറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.