ബൗളർമാർ കളിച്ചു; ഡൽഹിയെ കറക്കി വീഴ്ത്തി ഹൈദരാബാദ്
text_fieldsഅബുദബി: ബാറ്റ്സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനങ്ങൾ പ്രകമ്പനം തീർത്ത ഏതാനും ദിവസത്തെ മത്സരങ്ങൾക്ക് ശേഷം ഐ.പി.എല്ലിൽ ഇന്ന് കളിച്ചത് ബൗളർമാർ. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 162 റൺസിെൻറ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി കാപ്പിറ്റൽസിന് ഏഴ് വിക്കറ്റിന് 147 റൺസ് മാത്രമേ എടുക്കാനായുള്ളൂ. നാലോവറിൽ 14 റൺസിന് 3 വിക്കറ്റെടുത്ത റാഷിദ് ഖാെൻറ പന്തുകൾക്ക് മുമ്പിൽ ഡൽഹി നട്ടം തിരിഞ്ഞു. സീസണിലെ ഡൽഹിയുടെ ആദ്യ പരാജയവും ഹൈദരാബാദിെൻറ ആദ്യ വിജയവുമാണിത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിങ്ങിയ ഡൽഹിക്ക് തുടക്കത്തിലേ പ്രഥ്വി ഷായെ നഷ്ടമായി. തുടർന്നെത്തിയവരിൽ ആർക്കും മാച്ച് വിന്നിങ് ഇന്നിങ്സ് പടുത്തുയർത്താനായില്ല. ശിഖർ ധവാൻ 34ഉം ഋഷഭ് പന്ത് 28ഉം ഷിംറോൺ ഹെറ്റ്മെയർ 21ഉം റൺസെടുത്തു പുറത്തായി.
നേരത്തേ, 33 പന്തുകളിൽ നിന്നും 45 റൺസെടുത്ത ഡേവിഡ് വാർണറും 48 പന്തുകളിൽ നിന്നും 53 റൺസെടുത്ത ജോണി ബെയർസ്റ്റോയും ചേർന്നാണ് ഹൈദരാബാദ് ഇന്നിങ്സിന് അടിത്തറയൊരുക്കിയത്. അവസാന ഓവറുകളിൽ 26 പന്തുകളിൽ നിന്നും 41 റൺസുമായി തിളങ്ങിയ കെയ്ൻ വില്യംസണും ചേർന്നതോടെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോറായി.
അവസാന ഓവറുകളിൽ റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടിയ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ മികച്ച സ്കോർ കുറിക്കുന്നതിൽ നിന്നും തടുത്തുനിർത്തിയത്. നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത റബാദ രണ്ടുവിക്കറ്റും വീഴ്ത്തി. ക്രീസിൽ ഉറച്ചുനിന്ന ബെയർസ്റ്റോക്ക് അവസാന ഓവറുകളിൽ തകർത്തടിക്കാൻ കഴിയാതിരുന്നതും ഹൈദരാബാദിന് വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.