രോഹൻ കുന്നുമ്മലിന് സെഞ്ച്വറി; ദക്ഷിണ മേഖല ദേവ്ധർ ട്രോഫി ജേതാക്കൾ
text_fieldsപുതുച്ചേരി: ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം ചൂടി ദക്ഷിണ മേഖല. ഫൈനലിൽ പൂർവ മേഖലയെ 45 റൺസിനാണ് തോൽപിച്ചത്. 75 പന്തിൽ 107 റൺസടിച്ച മലയാളി ഓപണർ രോഹൻ കുന്നുമ്മലാണ് വിജയശിൽപി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല 50 ഓവറിൽ എട്ടു വിക്കറ്റിന് 328 റൺസെടുത്തു.
പൂർവ മേഖലയുടെ മറുപടി 46.1 ഓവറിൽ 283ൽ തീർന്നു. 95 റൺസ് നേടിയ റിയാൻ പരാഗാണ് പരാജിതരുടെ ടോപ് സ്കോറർ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് രോഹൻ. ടോസ് നേടിയ ദക്ഷിണ മേഖല നായകൻ മായങ്ക് അഗർവാൾ ബാറ്റിങ് തിരഞ്ഞെടുത്തു. ഓപണർമാരായ മായങ്കും രോഹനും ടീമിന് നൽകിയത് സ്വപ്നതുല്യ തുടക്കം. രോഹൻ ആഞ്ഞടിച്ചപ്പോൾ നായകൻ പലപ്പോഴും കാഴ്ചക്കാരനായി. 11 ബൗണ്ടറിയും നാലു സിക്സുമടക്കം 68 പന്തിൽ മലയാളി താരത്തിന്റെ സെഞ്ച്വറി പിറന്നു. പൂർവ മേഖല ബൗളർമാർക്ക് 24ന് ഓവറിനുശേഷമാണ് ആദ്യ വിക്കറ്റ് കിട്ടുന്നത്. ഉത്കർഷ് സിങ് എറിഞ്ഞ 25ാം ഓവറിലെ നാലാം പന്തിൽ രോഹനെ ഷഹബാസ് അഹ്മദ് പിടിച്ചു.
181ൽ ആദ്യ വിക്കറ്റ് വീണ ടീമിന് 184ൽ രണ്ടാമത്തെ ഓപണറെയും നഷ്ടമായി. 83 പന്തിൽ 63 റൺസെടുത്ത മായങ്കും ഉത്കർഷിന് വിക്കറ്റ് നൽകി. 19 റൺസായിരുന്നു സായ് സുദർശന്റെ സംഭാവന. ഒരു ഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞുതുടങ്ങിയപ്പോൾ പിടിച്ചുനിന്ന നാരായൺ ജഗദീശൻ (60 പന്തിൽ 54) അർധ ശതകത്തിലൂടെ സ്കോർ 300 കടത്തി. പൂർവ മേഖലയുടെ മറുപടി തുടങ്ങിയത് തകർച്ചയോടെ. സ്കോർ ബോർഡിൽ ഒരു റൺ മാത്രം നിൽക്കെ അഭിമന്യൂ ഈശ്വരന്റെ (1) രൂപത്തിൽ ആദ്യ വിക്കറ്റ് പോയി. വിരാട് സിങ്ങും (6) മറ്റൊരു ഓപണർ ഉത്കർഷും (4) പിന്നാലെ കൂടാരം കയറിയതോടെ സ്കോർ മൂന്നിന് 14. സുദീപ് കുമാർ ഗരാമി (41)-ക്യാപ്റ്റൻ സൗരവ് തിവാരി (28) കൂട്ടുകെട്ടിന്റെ രക്ഷാപ്രവർത്തനം ടീമിനെ മൂന്നക്കത്തിലെത്തിച്ചു.
തുടർന്ന് റിയാൻ പരാഗിന്റെയും (65 പന്തിൽ 95) കുമാർ കുശാഗ്രയുടെയും (58 പന്തിൽ 68) വെടിക്കെട്ടാണ് പൂർവ മേഖലയുടെ പ്രതീക്ഷകൾക്ക് ചിറകു മുളപ്പിച്ചത്. ഇരുവരും പുറത്തായതോടെ 42 ഓവറിൽ ഏഴിന് 259ലേക്ക് വീണ്ടും പതറി. തുടർന്ന് 283ൽ പോരാട്ടം അവസാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.