ഈ ഐ.പി.എൽ ടീമിന്റെ താരമായിരുന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്...
text_fieldsപറ്റ്ന: രാഷ്ട്രീയത്തിൽ ഇറങ്ങുംമുമ്പ് ക്രിക്കറ്റ് ക്രീസിൽ സജീവമായിരുന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ക്രിക്കറ്റ് കരിയറായി കണ്ട് പ്രൊഫഷനൽ താരമാകാൻ കൊതിച്ച കുഞ്ഞുതേജസ്വി പക്ഷേ, മുതിർന്നപ്പോൾ പിച്ചവെച്ചത് രാഷ്ട്രീയക്കളരിയിലാണ്. കളിയിൽ പകരക്കാരുടെ ബെഞ്ചിലൊതുങ്ങിപ്പോയെങ്കിൽ, രാഷ്ട്രീയത്തിൽ സൂപ്പർതാരമായി കളം ഭരിക്കുകയാണിപ്പോൾ തേജസ്വി.
ബിഹാർ ഉപമുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യ പ്രതിജ്ഞ ചെയ്ത ആർ.ജെ.ഡി നേതാവ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് താരമായിരുന്നുവെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. 2008 മുതൽ 2012 വരെ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്നു തേജസ്വി. എന്നാൽ, നാലു സീസണുകൾക്കിടെ ഒരിക്കൽപോലും ടീമിന്റെ േപ്ലയിങ് ഇലവനിലെത്താൻ കഴിഞ്ഞില്ല.
ഡൽഹി ആർ.കെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്നു മുൻബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഇളയമകൻ. ക്രിക്കറ്റിൽ കരിയർ കെട്ടിപ്പടുക്കാനായി പത്താം ക്ലാസിൽ പഠനം നിർത്തി. ഡൽഹി അണ്ടർ17, അണ്ടർ19 ടീമുകളിൽ ഇടംനേടിയിരുന്നു. ഇന്ത്യൻ താരം വിരാട് കോഹ്‍ലി ഡൽഹി ടീമിൽ കളിക്കുന്ന അതേ സമയത്താണ് തേജസ്വിയും ടീമിലുണ്ടായിരുന്നത്. അണ്ടർ19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ സ്റ്റാൻഡ്ബൈ ലിസ്റ്റിലും താരം ഉൾപ്പെട്ടിരുന്നു.
മധ്യനിര ബാറ്റ്സ്മാനായിരുന്നു തേജസ്വി. കണ്ണഞ്ചിക്കുന്ന കവർ ഡ്രൈവുകളായിരുന്നു ആവനാഴിയിലെ വജ്രായുധം. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിക്കാനും അവസരം ലഭിച്ചിരുന്നു. 2009ൽ ഝാർഖണ്ഡ് ടീമിൽ അംഗമായിരുന്നു. വിദർഭക്കെതിരെ രഞ്ജി ട്രോഫി േപ്ലറ്റ് ലീഗ് മത്സരത്തിൽ പാഡുകെട്ടിയിറങ്ങി. അരങ്ങേറ്റ മത്സരത്തിൽ പക്ഷേ, ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. 2008 മുതൽ 2012വരെ ഐ.പി.എൽ ടീമിലുണ്ടായിട്ടും കളത്തിലിറങ്ങാൻ അവസരം കിട്ടാതായതോടെ ക്രിക്കറ്റിൽനിന്ന് തേജസ്വി പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് 2012ൽ രാഷ്ട്രീയത്തിന്റെ ഗോദയിലേക്കിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.