പടികൾ കയറി പടിക്കൽ; ഐ.പി.എല്ലിൽ റെക്കോഡ്
text_fieldsദുബൈ: കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്കായി തുടങ്ങിയ പടയോട്ടം ഐ.പി.എല്ലിലും തുടരുകയാണ് മലയാളി താരം ദേവ്ദത്ത്പടിക്കൽ. തിങ്കളാഴ്ച ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ സീസണിലെ അഞ്ചാം അർധസെഞ്ച്വറി തികച്ച ദേവ്ദത്ത് റെക്കോഡും സ്വന്തം പേരിലാക്കി.
അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറി നേടുന്ന സീനിയർ ജഴ്സിയണിഞ്ഞിട്ടില്ലാത്ത താരമെന്ന റെക്കോഡാണ് മലപ്പുറം എടപ്പാൾ സ്വദേശി സ്വന്തമാക്കിയത്. നാല് അർധ സെഞ്ച്വറികളുമായി ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും (2008) ശ്രേയസ് അയ്യരും (2018) കൈയടക്കി വെച്ച റെക്കോഡാണ് 20കാരൻ തകർത്തത്. ഡൽഹി ഡെയർഡെവിൾസ് ജഴ്സിയിലായിരുന്നു ഇരുവരുടെയും നേട്ടം.
ഡൽഹിക്കെതിരായ നിർണായക മത്സരത്തിൽ 40 പന്തിൽ നിന്നായിരുന്ന പടിക്കലിെൻറ അർധശതകം. അരങ്ങേറ്റക്കാരെൻറ ഭയാശങ്കകളില്ലാതെ തുടക്കം മുതൽ ബാറ്റ് വീശുന്ന പടിക്കലിന് സീസണിൽ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഴമേറിയ ബാറ്റിങ് ഓർഡറുള്ള ആർ.സി.ബിക്ക് ടോപ്ഓർഡറിൽ പടിക്കലിനെ പ്രതിഷ്ഠിക്കാൻ പോന്ന പ്രകടനമാണ് തുടക്കം മുതലേ പുറത്തെടുത്ത് പോരുന്നത്.
സീസണിലെ ആർ.സി.ബിയുടെ റൺവേട്ടക്കാരുടെ പട്ടികയിൽ കോഹ്ലിയെ മറികടന്ന് ഒന്നാമനാകാനും പടിക്കലിനായി. 14 മത്സരങ്ങളിൽ നിന്ന് 33.71 ശരാശരിയിൽ 472 റൺസാണ് താരത്തിെൻറ സമ്പാദ്യം. 51 ഫോറുകളും എട്ട് സിക്സുകളും പടിക്കൽ പറത്തി.
അർധസെഞ്ച്വറി വലിയ സ്കോറാക്കാൻ പടിക്കൽ ഒരിക്കൽ കൂടി പരാജയപ്പെട്ടതോടെ ബാംഗ്ലൂർ ഏഴിന് 152 റൺസിലൊതുങ്ങി. മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാെൻറയും അജിൻക്യ രഹാനെയുടെയും അർധസെഞ്ച്വറികളുടെ മികവിൽ ഡൽഹി അനായാസം ലക്ഷ്യത്തിലെത്തി പ്ലേഓഫ് ഉറപ്പിച്ചു.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നെറ്റ്റൺറേറ്റിെൻറ അടിസ്ഥാനത്തിൽ മറികടന്ന് ബാംഗ്ലൂരും പ്ലേഓഫിലെത്തി. ഹൈദരാബാദ് സൺറൈസേഴ്സ് മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടാൽ മാത്രമാണ് കെ.കെ.ആറിന് ഇനി പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.