അഞ്ചാം ടെസ്റ്റിൽ ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റം കുറിച്ചേക്കും; രാഹുൽ കളിക്കില്ല
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും. മാർച്ച് ഏഴിന് ധരംശാലയിലാണ് മത്സരം.
സൂപ്പർതാരം കെ.എൽ. രാഹുൽ പരിക്കുമാറി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. വിദഗ്ധ പരിശോധനക്കായി ലണ്ടനിലേക്ക് പോയ താരം തിരിച്ചെത്തി മാർച്ച് രണ്ടിനുള്ളിൽ ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യം സംശയമാണ്. രാഹുലിന്‍റെ അഭാവത്തിൽ രജത് പാട്ടീദാറിനെ ടീമിൽ നിലനിർത്താനുള്ള സാധ്യതയുണ്ട്. ഇതിനകം അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് സ്വന്തമാക്കിയ ഇന്ത്യൻ ടീം അംഗങ്ങൾക്ക് താൽക്കാലിക അവധി നൽകിയിരിക്കുകയാണ്.
ശനിയാഴ്ച താരങ്ങളോട് ചണ്ഡീഗഢിൽ എത്താനാണ് മാനേജ്മെന്‍റ് നിർദേശം നൽകിയിരിക്കുന്നത്. അവിടെ നിന്ന് ചാർറ്റേഡ് വിമാനത്തിൽ ടീം ധരംശാലയിലേക്ക് പറക്കും. വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽനിന്ന് അവധിയെടുത്ത് വിരാട് കോഹ്ലി വിട്ടുനിൽക്കുന്നതിനാൽ ബാറ്റിങ്ങിൽ നാലാം നമ്പറിൽ സെലക്ടർമാരുടെയും മാനേജ്മെന്‍റിന്‍റെയും ഫസ്റ്റ് ചോയ്സ് രാഹുൽ തന്നെയാണ്.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനുശേഷമാണ് രാഹുലിനെ പരിക്ക് അലട്ടാൻ തുടങ്ങിയത്. തുടർന്ന് പരമ്പരയിൽ താരത്തിന് കളിക്കാനായില്ല. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടന്ന കാലില്‍ തന്നെയാണ് ഇപ്പോഴും പരിക്ക് അലട്ടുന്നത്. രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച മധ്യപ്രദേശ് താരം രജത് പാട്ടീദാർ ഫോം കണ്ടെത്താനാകാതെ തുടർച്ചയായി പരാജയപ്പെടുകയാണ്. അരങ്ങേറ്റ ഇന്നിങ്സിൽ 32 റൺസെടുത്തെങ്കിലും തുടർന്നുള്ള അഞ്ചു ഇന്നിങ്സുകളിൽ താരത്തിന്‍റെ സംഭാവന ഒമ്പത്, അഞ്ച്, പൂജ്യം, 17, പൂജ്യം എന്നിങ്ങനെയാണ്. രഞ്ജി ട്രോഫി സെമി ഫൈനലിൽ വിദർഭയെ നേരിടാനിരിക്കെ, താരം മധ്യപ്രദേശിനായി കളിക്കട്ടെയെന്ന നിലപാടാണ് മാനേജ്മെന്‍റിന്.
എന്നാൽ, രാഹുലിന്‍റെ ടീമിലേക്കുള്ള മടങ്ങിവരവിനെ ആശ്രയിച്ചായിരിക്കും പാട്ടീദാറിനെ സ്ക്വാഡിൽനിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സ്ക്വാഡിൽ തുടർന്നാലും പാട്ടീദാറിനു പകരക്കാരനായി പ്ലെയിങ് ഇലവനിൽ പടിക്കലിനെ കളിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് സെലക്ടർമാർ പരിശീലകൻ രാഹുൽ ദ്രാവിഡുമായും നായകൻ രോഹിത് ശർമയുമായി ആശയവിനിമയം നടത്തിയതായാണ് വിവരം.
ഇടങ്കൈ ബാറ്ററായ 23കാരൻ പടിക്കൽ കർണാടകക്കായി 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 2227 റൺസ് നേടിയിട്ടുണ്ട്. 44.54 ശരാശരിയിൽ ആറു സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.