ഈ കാര്യത്തില്‍ ധോണിയും സഞ്ജുവും ഒരുപോലെ!
text_fieldsസഞ്ജു സാംസണും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും തമ്മില്‍ വലിയൊരു സാമ്യമുണ്ട്. രണ്ട് പേരോടും ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെ കുറിച്ച് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയിലാണ് ഈ സാമ്യം.
കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെ അര്‍ധസെഞ്ച്വറി പ്രകടനത്തോടെ തിളങ്ങിയ സഞ്ജു സോണി ചാനലിലെ ഷോയില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. മുന്‍ ഇന്ത്യന്‍ താരം അജയ് ജദേജ പങ്കെടുത്ത ഷോയില്‍ ഇഷ്ട ബാറ്റിങ് പൊസിഷനെ കുറിച്ച് സഞ്ജു പറഞ്ഞ മറുപടി രസകരമായിരുന്നു. 1,2,3,4,5,6 ഇങ്ങനെ ഏത് പൊസിഷനിലും കളിക്കാന്‍ ഇഷ്ടമാണ്. ടീമിന്റെ ആവശ്യമറിഞ്ഞ് കളിക്കുകയാണ് പ്രധാനം -സഞ്ജു പറഞ്ഞു.
മഹേന്ദ്ര സിങ് ധോണിയും ബാറ്റിങ് ഓര്‍ഡറില്‍ വൈവിധ്യം പരീക്ഷിച്ച താരമാണ്. ടോപ് ഓര്‍ഡറിലും മിഡില്‍ ഓര്‍ഡറിലും കളിച്ച ധോണി ഏഴാം സ്ഥാനത്തും ബാറ്റ് ചെയ്യാനിറങ്ങി. ഏത് പൊസിഷനിലാണോ ടീമിന് തന്റെ സേവനം ആവശ്യമായി വരുന്നത് അത് തിരിച്ചറിഞ്ഞ് കളിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. മുംബൈ വാംഖഡെയില്‍ ലോകകപ്പ് ഫൈനലില്‍ ധോണി ടോപ് ഓര്‍ഡറിലേക്ക് സ്ഥാനം കയറി വരികയും അര്‍ധസെഞ്ച്വറിയോടെ ഇന്ത്യക്ക് കപ്പ് നേടിത്തരികയും ചെയ്തിരുന്നു.
സമയമെടുത്ത് ഷോട്ടുകള്‍ കളിക്കുന്നതിനേക്കാള്‍ പവര്‍ ഹിറ്റുകള്‍ കളിക്കാനാണ് ധോണിക്ക് താൽപര്യം. സഞ്ജുവും മുന്നില്‍ കിട്ടുന്ന പന്ത് സിക്‌സര്‍ പറത്താന്‍ മൂഡുള്ള ബാറ്ററാണ്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ഐ.പി.എല്‍ ഫൈനലിലെത്തിയിരുന്നു. നാനൂറിലേറെ റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
എന്നാല്‍, ഈ മികവൊന്നും ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന് വഴി തുറന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തഴയപ്പെട്ട കേരള താരത്തിന് ഒടുവില്‍ തുണയായത് അയര്‍ലന്‍ഡ് പര്യടനമാണ്. ഇംഗ്ലണ്ട് പര്യടനത്തിനായി ടീമിനൊപ്പം ചേരാന്‍ റിഷഭ് പന്തിനും ശ്രേയസ് അയ്യര്‍ക്കും പോകേണ്ടി വന്നതോടെ, സഞ്ജുവിന് ഇടക്ക് വെച്ച് അയര്‍ലന്‍ഡ് പര്യടന ടീമിലേക്ക് വിളി വന്നു. ആദ്യ അവസരത്തില്‍ തന്നെ അര്‍ധസെഞ്ച്വറി നേടി തിളങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.