ഫിനിഷർ റോളിൽ ധോണി; മുംബൈക്കെതിരെ അവസാന പന്തിൽ ചെന്നൈക്ക് ജയം
text_fieldsമുംബൈ: പഴയകാലത്തിന്റെ ഓർമകളിലേക്ക് മഹേന്ദ്രസിങ് ധോണി മടങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസിന്റെ വിധി തനിയാവർത്തനമായി. ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ മുംബൈയുടെ തുടർച്ചയായ ഏഴാം തോൽവി. പരാജയത്തോടെ മുംബൈ പുറത്താകലിന്റെ വക്കിലുമായി.
മുംബൈ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യത്തിനു മുന്നിൽ ഏറെക്കുറെ തോൽവി ഉറപ്പിച്ച ചെന്നൈയെ പഴയ ഫിനിഷറുടെ കുപ്പായം ഒരിക്കൽ കൂടി അണിഞ്ഞ മഹേന്ദ്ര സിങ് ധോണിയാണ് വിജയത്തിലെത്തിച്ചത്. അവസാന ഓവർ എറിയാൻ ജയദേവ് ഉനദ്കട്ട് പന്തെടുക്കുമ്പോൾ ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 17 റൺസ്. ആദ്യ പന്തിൽ ഡ്വൈൻ പ്രിട്ടോറിയസ് പുറത്ത്. അടുത്ത പന്തിൽ ബ്രാവോ വക സിംഗിൾ. നാല് പന്തിൽ ജയിക്കാൻ 16 റൺസ്. പ്രായമായ ധോണിയെക്കൊണ്ട് കഴിയില്ലെന്ന് കടുത്ത ആരാധകർ പോലും വിശ്വസിച്ച നിമിഷം. പെട്ടെന്ന് ധോണി പഴയ ധോണിയായി. അടുത്ത പന്ത് പറന്നത് ലോങ് ഓഫിൽ സിക്സർ. അടുത്ത പന്ത് ഫൈൻ ലെഗിൽ ബൗണ്ടറി. തൊട്ടടുത്ത പന്തിൽ രണ്ട് റൺസ്. ബൗണ്ടറിയിൽ കുറഞ്ഞൊന്നുകൊണ്ടും കാര്യമില്ല. അതുതന്നെ സംഭവിച്ചു. ഷോർട് മിഡ്വിക്കറ്റിലുടെ ബൗണ്ടറി കടക്കുമ്പോൾ ചെന്നൈ രണ്ടാം ജയം കുറിച്ചു. മുംബൈ ഏഴാം തോൽവിയും. 13 പന്തിൽ 28 റൺസുമായി ധോണി നായകനായി.
ആദ്യ പന്തിൽ ഓപ്പണർ ഋതുരാജ് ഗെയ്ക് വാദിന്റെ വിക്കറ്റ് നഷ്ടമായി തുടങ്ങിയ ചെന്നൈ തോൽവി പലവട്ടം മുന്നിൽ കണ്ടതാണ്. റോബിൻ ഉത്തപ്പയും (30) അമ്പാട്ടി റായ്ഡുവും (40) പ്രിട്ടോറിയസും (22) മാത്രമാണ് ചെന്നെക്കായി സംഭാവന ചെയ്തത്. മുംബൈക്ക് വേണ്ടി ഡാനിയൽ സാംസ് നാല് വിക്കറ്റ് നേടി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഓവറിൽ തന്നെ ഓപണർമാർ രണ്ടുപേരെയും നഷ്ടമായി. രണ്ടുപേരും സംപൂജ്യർ. രോഹിത് ശർമയുടെ ആദ്യ ഓവറിൽ ഓപണർമാർ രണ്ടും പുറത്ത്. രണ്ടുപേരും സംപൂജ്യർ. ഒരാൾ നായകനെങ്കിൽ മറ്റെയാൾ ഏറ്റവും കൂടിയ വിലക്ക് ലേലത്തിൽ പിടിച്ച സൂപ്പർ താരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ സ്ഥിതി തുടരുന്ന മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ കഷ്ടപ്പെട്ടുയർത്തിയത് 156 റൺസിന്റെ വിജയലക്ഷ്യം. തുടർച്ചയായ ആറു മത്സരങ്ങളും വരിവരിയായി തോറ്റ് ഏറക്കുറെ പുറത്താകലിന്റെ വക്കിൽ നിൽക്കുന്ന മുംബൈ അഞ്ചു തോൽവി ഏറ്റുവാങ്ങി വാടിനിൽക്കുന്ന നിലവിലെ ചാമ്പ്യന്മാരുടെ മുന്നിൽ പത്തിമടക്കിയാണ് തുടങ്ങിയത്.
കഴിഞ്ഞ കളിയിൽ കളത്തിലിറക്കിയ മുകേഷ് ചൗധരിയെ ആദ്യ ഓവർ എറിയാൻ ഏൽപിക്കുമ്പോൾ ക്യാപ്റ്റൻ ജദേജ പോലും കരുതിയില്ല, ഇത്രയും നാടകീയമായി മാറുമെന്ന്. രണ്ടാമത്തെ പന്തിൽ മിച്ചൽ സാന്റ്നറുടെ കൈയിലേക്ക് അലസമായി പന്ത് കോരിയിട്ട് പൂജ്യനായി ക്യാപ്റ്റൻ രോഹിത് കളംവിട്ടു. ചൗധരി എറിഞ്ഞ അഞ്ചാമത്തെ പന്ത് യോർക്കർ രൂപത്തിൽ ഈ സീസണിലെ വിലകൂടിയ താരം ഇഷാൻ കിഷന്റെ കുറ്റി മുച്ചൂടും പിഴുതെറിഞ്ഞു. വട്ടപ്പൂജ്യം. വൈകാതെ ഏറ്റവും അപകടകാരിയായ കൗമാരതാരം ഡെവാൾഡ് ബ്രെവിസിനെ വിക്കറ്റ് കീപ്പർ ധോണിയുടെ കൈയിലെത്തിച്ച് ചൗധരി വിക്കറ്റ് നേട്ടം മൂന്നാക്കി.
ഫോമിൽ തുടരുന്ന സൂര്യകുമാർ യാദവും തിലക് വർമയും ഒത്തൊരുമിച്ചപ്പോഴാണ് മുംബൈ സ്കോർ ബോർഡിന് ജീവൻ വെച്ചത്. 21 പന്തിൽ 32 റൺസുമായി സൂര്യകുമാർ മടങ്ങിയിട്ടും പോരാടാനുറച്ചായിരുന്നു തിലക് വർമയുടെ നിൽപ്പ്. ഒടുവിൽ അർധ സെഞ്ച്വറി കുറിച്ച ശേഷമേ വർമ പിന്തിരിഞ്ഞുള്ളൂ. 43 പന്തിൽ 51 റൺസായിരുന്നു തിലകിന്റെ സ്കോർ. 25 പന്തിൽ 25 റൺസെടുത്ത അരങ്ങേറ്റ താരം ഹൃത്വിക് ഷൊക്കീനും ഒമ്പതു പന്തിൽ 14 റൺസെടുത്ത കീറോൺ പൊള്ളാർഡും ഒമ്പതു പന്തിൽ 19 റൺസെടുത്ത ജയദേവ് ഉനാദ്കട്ടും ചേർന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് മുംബൈയെ എത്തിച്ചത്. മുകേഷ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ വെറ്ററൻ താരം ഡ്വൈൻ ബ്രാവോ രണ്ടു വിക്കറ്റ് സ്വന്തമാക്കി. ആവോളം ക്യാച്ചുകൾ ചെന്നൈ കൈവിട്ടില്ലായിരുന്നെങ്കിൽ മുംബൈയുടെ സ്ഥിതി കൂടുതൽ പരിതാപകരമായേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.