‘ധോണി ഇന്ത്യ കണ്ട എക്കാലത്തെയും വിജയിയായ ക്യാപ്റ്റൻ, അത്രയും മികവിലെത്താൻ ആർക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ല’; പ്രശംസയുമായി ഗംഭീർ
text_fieldsചെന്നൈ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന് മുമ്പ് മുൻ ഇന്ത്യൻ നായകനും സി.എസ്.കെ താരവുമായ എം.എസ്. ധോണിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കൊൽക്കത്ത മെന്ററുമായ ഗൗതം ഗംഭീർ. ധോണി ഇന്ത്യ കണ്ട എക്കാലത്തെയും വിജയിയായ ക്യാപ്റ്റനാണെന്നും അത്രയും മികവിലെത്താൻ ആർക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ലെന്നും ഗംഭീർ പറഞ്ഞു. ഐ.പി.എൽ ഔദ്യോഗിക മീഡിയ പാർട്നറായ സ്റ്റാർ സ്പോർട്സിന്റെ വിഡിയോ ഷോയിലാണ് ഗംഭീറിന്റെ അഭിപ്രായപ്രകടനം.
‘തീർച്ചയായും ധോണി ഇന്ത്യയുടെ എക്കാലത്തെയും വിജയിയായ ക്യാപ്റ്റനാണ്. അത്രയും മികവിലെത്താൻ ആർക്കെങ്കിലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. മൂന്ന് ഐ.സി.സി ട്രോഫികളാണ് അദ്ദേഹം നേടിയത്. വിദേശത്ത് പരമ്പര ആര്‍ക്കും നേടാം. എന്നാല്‍, ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമല്ല’ -ഗംഭീർ പറഞ്ഞു.
‘ഐ.പി.എല്ലിൽ ധോണിക്കെതിരായ മത്സരങ്ങൾക്കിറങ്ങിയിരുന്നപ്പോൾ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഞാൻ ആസ്വദിച്ചിരുന്നു. തന്ത്രങ്ങളിൽ അദ്ദേഹം വളരെ മികച്ചവനാണ്. ഒരോവറിൽ 20 റൺസ് വേണമെങ്കിലും, ക്രീസിലുണ്ടെങ്കിൽ ധോണി അത് നേടിയേക്കും. ബൗളിങ് അറ്റാക്കും ഫീൽഡിങ്ങും സെറ്റ് ചെയ്യാൻ ധോണിക്കുള്ള മിടുക്ക് അപാരമാണ്. അവസാന പന്തും എറിഞ്ഞ ശേഷമേ ചെന്നൈക്കെതിരെ ജയിച്ചുവെന്ന് ഉറപ്പിക്കാനാകൂ. അത്തരത്തിലുള്ള ടീമാണ് ചെന്നൈ’ – ഗംഭീർ കൂട്ടിച്ചേർത്തു.
ധോണിയെ വിമർശിച്ച് പലതവണ രംഗത്തുവന്നയാളാണ് ഗംഭീർ. 2011ലെ ലോകകപ്പ് ഫൈനൽ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ധോണിക്ക് നൽകുന്നതിനെ വിമർശിച്ച് രംഗത്തുവന്നിരുന്ന ഗംഭീർ തന്റെ ഇന്നിങ്സായിരുന്നു പ്രധാനമെന്നും അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.