ധോണി ചെന്നൈയുടെ ദൈവം, അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രങ്ങളുയരും -അമ്പാട്ടി റായുഡു
text_fieldsചെന്നൈ: എം.എസ് ധോണി ചെന്നൈയുടെ ദൈവമാണെന്നും രാജ്യത്തിനും ചെന്നൈ സൂപ്പർ കിങ്സിനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ പേരിൽ ചെന്നൈയിൽ ക്ഷേത്രങ്ങൾ ഉയരുമെന്നും മുൻ ഇന്ത്യൻ താരവും സി.എസ്.കെയിലെ മുൻ സഹതാരവുമായിരുന്ന അമ്പാട്ടി റായുഡു. ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരായ ചെന്നൈയുടെ വിജയത്തിന് ശേഷം സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് റായുഡുവിന്റെ അഭിപ്രായപ്രകടനം.
‘എം.എസ് ധോണി ചെന്നൈയുടെ ദൈവമാണ്. അദ്ദേഹത്തിന്റെ പേരിൽ വരും വർഷങ്ങളിൽ ചെന്നൈയിൽ ക്ഷേത്രങ്ങൾ നിർമിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യക്ക് രണ്ട് ലോകകപ്പുകളുടെ സന്തോഷം സമ്മാനിച്ചയാളാണ് അദ്ദേഹം. കൂടാതെ നിരവധി ഐ.പി.എൽ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലൂടെ ചെന്നൈക്കും ആഹ്ലാദം പകർന്നു. രാജ്യത്തിനും സി.എസ്.കെക്കും വേണ്ടി തന്റെ കളിക്കാരിൽ എന്നും വിശ്വാസം പ്രകടിപ്പിച്ചിട്ടുള്ള ഒരാളാണ് അദ്ദേഹം. ധോണി ഒരു ഇതിഹാസമാണ്, ആൾക്കൂട്ടത്തിൽ എല്ലാവരും ആഘോഷിക്കുന്ന ഒരാളാണ്. ചെന്നൈയിൽ ഇത് അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന് കാണികൾ കരുതുന്നുണ്ടാകും’ -റായുഡു സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമ താരങ്ങളായ രജനികാന്ത്, ഖുഷ്ബു തുടങ്ങിയവരുടെയെല്ലാം പേരിൽ നേരത്തെ തമിഴ്നാട്ടിൽ ആരാധകർ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നു.
ചെന്നൈക്ക് അഞ്ചുതവണ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത നായകനാണ് ധോണി. ചെന്നൈ തന്റെ രണ്ടാം വീടാണെന്ന് പറഞ്ഞിട്ടുള്ള താരത്തോട് കാണികൾക്കുള്ള ആരാധന ഓരോ മത്സരത്തിനിറങ്ങുമ്പോഴും സ്റ്റേഡിയങ്ങളിൽ പ്രകടനമായിരുന്നു. ഈ സീസണോടെ ധോണി ക്രിക്കറ്റിൽനിന്ന് പൂർണമായി വിടവാങ്ങുമെന്നാണ് കരുതപ്പെടുന്നത്.
ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെ കീഴടക്കിയതോടെ േപ്ല ഓഫ് പ്രതീക്ഷകൾ വർണാഭമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. നിലവിൽ 14 പോയന്റുമായി മൂന്നാം സ്ഥാനത്താണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.