ഈഡൻ ഗാർഡൻസിൽ ‘ധോണി റിവ്യൂ സിസ്റ്റ’വുമായി ചെന്നൈ നായകൻ; ആഘോഷിച്ച് ട്വിറ്ററാറ്റി
text_fieldsമഹേന്ദ്ര സിങ് ധോണിയെന്ന ആശാന്റെ നായകത്വം കൂടുതൽ തെളിഞ്ഞുകണ്ടതായിരുന്നു ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ ചെന്നൈ- കൊൽക്കത്ത ക്ലാസിക് പോരാട്ടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങി ചെന്നെ കുറിച്ച റൺമല താണ്ടാനാകാതെ എതിരാളികൾ വൻമാർജിനിൽ കളി തോൽക്കുകയായിരുന്നു. ചെന്നൈ ബാറ്റിങ്ങിനെ നയിച്ച് അജിൻക്യ രഹാനെ, ശിവം ദുബെ തുടങ്ങി ഒട്ടുമിക്ക താരങ്ങളും വെളിച്ചപ്പാടായപ്പോൾ 235 റൺസാണ് ടീം അടിച്ചെടുത്തത്. കൊൽക്കത്തയുടെ മറുപടി ബാറിങ് എട്ടിന് 186ൽ അവസാനിച്ചു.
ഇതിനിടെയാണ് വിക്കറ്റിനു പിറകിൽ നിന്ന നായകൻ ‘ധോണി റിവ്യൂ സിസ്റ്റം’ പുറത്തെടുത്തത്. 18ാം ഓവറിലെ മുന്നാം പന്തിലായിരുന്നു കൊൽക്കത്ത താരം ഡേവിഡ് വീസിനെ മടക്കിയ റിവ്യൂ. തുഷാർ പാണ്ഡെ എറിഞ്ഞ പന്ത് പതിച്ചത് വീസിന്റെ പാഡിൽ. ചെന്നൈ ടീമിന്റെ അപ്പീലിൽ അംപയർ അനുകൂല തീരുമാനമെടുക്കാതെ നിന്നതോടെ ധോണി ഡി.ആർ.എസ് നൽകി. പരിശോധനയിൽ പന്ത് സ്റ്റംപിൽ പതിക്കേണ്ടതായിരുന്നുവെന്ന് തെളിഞ്ഞ അംപയർ വീസിന് പുറത്തേക്ക് വഴി കാണിച്ചുകൊടുത്തു.
അംപയറുടെ വിധി വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ധോണിയെ വാഴ്ത്തി പോസ്റ്റുകൾ നിറഞ്ഞു. ‘ധോണി റിവ്യു സിസ്റ്റം’ എത്ര വിജയകരമായ സംവിധാനമാണെന്ന് അവലോകനം വന്നു. കളി അതിനു മുന്നേ ഏകദേശം തീരുമാനമായിരുന്നെങ്കിലും ഇതുകൂടിയായതോടെ ചെന്നൈ ആഘോഷം പൂർണമാകുകയും ചെയ്തു.
അജിങ്ക്യ രഹാനെയായിരുന്നു ഞായറാഴ്ച ശരിക്കും കസറിയ താരം. പതിയെ ബാറ്റു പിടിക്കുന്നവനെന്ന പഴി ഇനി തനിക്കു ചേരില്ലെന്ന വിളംബരമായി 29 പന്തിൽ 71 റൺസായിരുന്നു താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. 21 പന്തിൽ അർധ സെഞ്ച്വറി തൊട്ട് ശിവം ദുബെ കൂട്ടു നൽകിയതോടെ ഇരുവരും ചേർന്ന് പടുത്തുയർത്തിയത് കൂറ്റൻ ടോട്ടൽ. ജാസൺ റോയ്, റിങ്കു സിങ് എന്നിവർ അർധ സെഞ്ച്വറിയുമായി കൊൽക്കത്തൻ പ്രത്യാക്രമണത്തിന് കരുത്തുനൽകാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.