'എെൻറ ധോണി ഇങ്ങനെയല്ല'; ചൂടിനെ ഓടിത്തോൽപിക്കാനാകാതെ തളർന്ന് തല
text_fieldsദുബൈ: കളിക്കളത്തിൽ ക്രിക്കറ്റ് ആരാധകർക്ക് അത്ര പരിചിതമല്ലാത്ത ചില കാഴ്ച്ചകൾ വെള്ളിയാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് - ഹൈദരാബാദ് സൺറൈസേഴ്സ് മത്സരത്തിനിടെ കണ്ടു.
ഏത് ഗ്രൗണ്ടിലും ഏത് ഫീൽഡറുടെ കൈകളെയും വെല്ലുവിളിച്ച് രണ്ട് റൺ ഓടിയെടുക്കുന്ന എം.എസ്. ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓട്ടക്കാരൻ പ്രയാസപ്പെടുന്ന രംഗമായിരുന്നു അത്.
മത്സരം അവസാനിച്ചതിന് പിന്നാലെ ട്വിറ്റർ മുഴുവൻ ചർച്ച ചെയ്തതും ഇതാണ്. എെൻറ ധോണി ഇതല്ല, എെൻറ ധോണി ഇങ്ങനെയല്ല എന്നാണ് ആരാധകർ വിലപിക്കുന്നത്.
ദുബൈയിലെ കനത്ത ചൂടും നിര്‍ജലീകരണവുമാണ് ധോണിയെ ക്ഷീണിതനാക്കിയത്. ഇന്നിങ്സിെൻറ 19ാം ഓവറിൽ ഖലീൽ അഹ്മദിെൻറ ആദ്യത്തെ മൂന്ന് പന്തുകളിൽ നിന്ന് ഒരു ഫോറും രണ്ട് ഡബിളുകളും സഹിതം എട്ട് റൺസ് നേടിയ ശേഷമാണ് ധോണി അവശനായത്.
ശേഷം ചെന്നൈയുടെ ഫിസിയോയെ സഹായത്തിനായി വിളിക്കുകയായിരുന്നു. കമേൻററ്റർമാർ പേശിവലിവാണെന്ന് കരുതിയെങ്കിലും തളർച്ച അനുഭവപ്പെട്ടതിനാലാണ് ഫിസിയോയെ വിളിച്ചതെന്ന് ധോണി മത്സരശേഷം വ്യക്തമാക്കി.
20 ഓവർ വിക്കറ്റ് കാത്ത ശേഷം 14 ഓവറാണ് ധോണി ബാറ്റു ചെയ്തത്. ചെന്നൈ ഏഴു റൺസിന് തോറ്റെങ്കിലും 36 പന്തിൽ 47 റൺസുമായി ധോണി അവസാന പന്തുവരെ മത്സരം മാറിമറിയുമെന്ന പ്രതീക്ഷ കാണികൾക്ക് നൽകിയിരുന്നു.
ധോണിയെ ഇത്ര അവശനായി ഇതുവരെ കണ്ടിട്ടില്ലെന്നും കമേൻററ്റർമാരയ ഹർഷ ഭോഗ്ലെയും ആകാശ് ചോപ്രയും യു.എ.ഇയിലെ കഠിനമായ കാലവസ്ഥയിലെ കളിയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥയിലെ ധോണിയുടെ പ്രകടനത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തും രംഗത്ത് വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.