ക്രീസ് വിട്ടിറങ്ങും! ഒലീ പോപ്പിന്‍റെ നീക്കം മുൻകൂട്ടി പ്രവചിച്ച് ജുറെൽ, പിന്നാലെ ഔട്ട് -വിഡിയോ വൈറൽ
text_fieldsധരംശാല: റാഞ്ചിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്‍റെ ബാറ്റിങ് മികവായിരുന്നു. ഒന്നാം ഇന്നിങ്സിൽ 90 റൺസ് നേടിയ താരം, രണ്ടാം ഇന്നിങ്സിൽ 39 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു.
വിക്കറ്റിനു പിന്നിലും തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഡി.ആർ.എസിൽ തീരുമാനമെടുക്കാൻ നായകൻ രോഹിത് ശർമ ആശ്രയിക്കുന്നതും ജുറെലിനെയാണ്. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റർ ഒലി പോപ്പിനെ പുറത്താക്കുന്നതിൽ ജുറെൽ നടത്തിയ ഇടപെടലാണ് ഒന്നാം ദിനം ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. കുൽദീപ് യാദവ് എറിഞ്ഞ 26ാം ഓവറിലെ രണ്ടാം പന്തിലാണ് പോപ്പ് പുറത്താകുന്നത്.
പോപ്പ് ക്രീസിൽ നിന്ന് ഇറങ്ങി അടിക്കുമെന്ന് പന്തെറിയുന്നതിനു മുമ്പെ കുൽദീപിന് സൂചന നൽകുന്നുണ്ട് ജുറെൽ. അതുപോലെ തന്നെ സംഭവിച്ചു. ക്രീസിനു പുറത്തിറങ്ങി ഷോട്ടിനു ശ്രമിച്ച പോപിന്‍റെ ബാറ്റിൽ പന്ത് കൊണ്ടില്ല, പന്ത് നേരെ ജുറെലിന്‍റെ കൈകളിൽ. താരം അതിവേഗം സ്റ്റംപ് ചെയ്ത് പോപിനെ പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പോപ്പിനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്‍റെ സന്തോഷം ജുറെലിന്‍റെ ആഘോഷത്തിലും പ്രകടമായിരുന്നു. വൺഡൗണായി ഇറങ്ങിയ പോപ്പ് 24 പന്തുകളിൽനിന്ന് 11 റൺസാണു നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്തായി. കുൽദീപ് യാദവിന്‍റെയും ആർ. അശ്വിന്‍റെയും സ്പിൻ ഇന്ദ്രജാലമാണ് സന്ദർശകരെ തകർത്തത്.
കുൽദീപ് അഞ്ചു വിക്കറ്റ് നേടി. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആര്‍. അശ്വിൻ നാലു വിക്കറ്റുകൾ സ്വന്തമാക്കി. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമയും (83 പന്തിൽ 52), ശുഭ്മൻ ഗില്ലുമാണ് (39 പന്തിൽ 26) ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.