'201 കി. മീ. വേഗത്തിൽ പന്തെറിഞ്ഞ് ഭൂവനേശ്വർ കുമാർ'; അക്തറും ഉംറാൻ മാലിക്കുമൊക്കെ എന്തെന്ന് ആരാധകർ; സത്യമെന്ത്
text_fieldsലണ്ടൻ: അയർലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അനായാസ വിജയമാണ് സ്വന്തമാക്കിയത്. ബൗളർമാർ തുടങ്ങിയത് ദീപക് ഹൂഡയും ഹാർദിക് പാണ്ഡ്യയുമടങ്ങുന്ന ബാറ്റർമാർ മനോഹരമായി പൂർത്തിയാക്കിയാണ് ഇന്ത്യ ഏഴു വിക്കറ്റ് വിജയവുമായി കളി ആഘോഷമാക്കിയത്. സ്കോർ അയർലൻഡ് 108, ഇന്ത്യ 113/3.
ഐ.പി.എല്ലിൽ അതിവേഗത്തിൽ പന്തെറിഞ്ഞ് ശ്രദ്ധനേടിയ ഉംറാൻ മാലിക്കിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. അദ്ദേഹത്തിന്‍റെ അതിവേഗ ബൗളിങ് അയർലൻഡിനെതിരെയും ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, ഭുവനേശ്വർ കുമാറിന്‍റെ ബൗളിങ് സ്പീഡാണ് ആരാധകരെ അമ്പരപ്പിച്ചത്. ഭൂവനേശ്വറിന്‍റെ പന്തിന്‍റെ വേഗത 201 കിലോ മീറ്ററാണ് സ്പീഡോ മീറ്ററിൽ രേഖപ്പെടുത്തിയത്.
മഴയെ തുടർന്ന് 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അയർലൻഡിനായി ഒപ്പണിങ് ചെയ്തത് പോൾ സ്റ്റിർലിങ്ങും ആൻഡ്രൂ ബാൽബെർണിയും. ആദ്യം പന്തെറിഞ്ഞത് ഭുവനേശ്വർ. ഓവറിലെ ആദ്യ ബൗൾ സ്റ്റിർലിങ് നേരിടുമ്പോൾ സ്പീഡോ മീറ്ററിൽ രേഖപ്പെടുത്തിയത് 201 കിലോ മീറ്റർ വേഗത. ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ പന്തായി പലരും ഇതിനെ തെറ്റിദ്ധരിച്ചു.
എന്നാല്‍ സംഭവം മറ്റൊന്നാണ്. പന്തുകളുടെ വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയാണ് ക്രിക്കറ്റ് ചരിത്രത്തിലെ 'അതിവേഗ പന്തി'ന്‍റെ പിറവിക്ക് കാരണമായത്. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്‍റുകളാണ് വരുന്നത്. ശുഹൈബ് അക്തറും ഉംറാൻ മാലിക്കുമൊക്കെ എന്ത്? ഏറ്റവും വേഗതയേറിയ പന്താണ് ഭുവി എറിഞ്ഞതെന്ന് ഉസാമ കരീം എന്നയാൾ ട്വീറ്റ് ചെയ്തു.
ഇതോടൊപ്പം സ്പീഡോ മീറ്ററിൽ ബൗളിന്‍റെ വേഗത കാണിക്കുന്ന സ്ക്രീൻ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.