ഇത് ഡി.എസ്.പി സിറാജ്! വേഗതയേറിയ ബൗളർ -181.6 കിലോമീറ്റർ; ഓസീസിനെതിരായ മത്സരത്തിൽ ശരിക്കും സംഭവിച്ചത് എന്ത്?
text_fieldsഅഡലെയ്ഡ്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ അതിവേഗം എറിഞ്ഞിട്ട ആസ്ട്രേലിയ, മറുപടി ബാറ്റിങ്ങിൽ കരുതലോടെയാണ് കളിക്കുന്നത്.
ഇന്ത്യയുടെ ഇന്നിങ്സ് 180 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ടാണ് ആതിഥേയർ ബാറ്റുവീശുന്നത്. ഒന്നാം ദിനം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ ഒരു പന്താണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മത്സരത്തിൽ സിറാജ് എറിഞ്ഞ 24ാം ഓവറിലെ അവസാന പന്തിന്‍റെ വേഗത മണിക്കൂറില്‍ 181.6 കിലോമീറ്ററായിരുന്നു. സ്പീഡ് ഗണ്ണിൽ പന്തിന്‍റെ അവിശ്വസനീയ വേഗത കണ്ട ക്രിക്കറ്റ് ലോകം ഒരു നിമിഷം മൂക്കത്ത് വിരൽവെച്ചു.
പിന്നീടാണ് സാങ്കേതിക പിഴവാണെന്ന കാര്യം പുറത്തുവന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ പന്ത് മുൻ പാകിസ്താൻ പേസർ ശുഐബ് അക്തറിന്‍റെ പേരിലാണ്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ 2003ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ താരത്തിന്‍റെ ഒരു പന്തിന്‍റെ വേഗത161.3 കിലോമീറ്ററായിരുന്നു. സിറാജിന്‍റെ അവിശ്വസനീയ പന്ത് ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി നിറഞ്ഞു. ‘മാന്യമഹാജനങ്ങളെ, ഗ്രഹത്തിലെ ഏറ്റവും വേഗതയേറിയ ബൗളറെ ഞാൻ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, ഡി.എസ്.പി മുഹമ്മദ് സിറാജ്, 181.6 കിലോമീറ്റർ’ -എന്നാണ് ലോകി എന്ന ഒരു ആരാധകൻ എക്സിൽ കുറിച്ചത്. രസകരമായ മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മത്സരത്തിലേക്ക് വന്നാൽ, പിങ്ക് ബാളിലെ പരിചയക്കുറവ് ശരിക്കും പ്രകടമാക്കി ഇന്ത്യൻ ബാറ്റർമാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ മുനകൂർത്ത പന്തുകൾക്ക് മുന്നിൽ തകർന്നടിയുന്നതാണ് കണ്ടത്. ഇളമുറക്കാരൻ നിതീഷ് കുമാർ റെഡ്ഡിയാണ് പിടിച്ചുനിന്നത്. നിതീഷ് 42 റൺസ് നേടിയപ്പോൾ കെ.എൽ. രാഹുൽ 37 റൺസും ശുഭ്മൻ ഗിൽ 31 റൺസും നേടി. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റ് സ്വന്തമാക്കി.
ആദ്യ പന്തിൽതന്നെ യശ്വസ്വി ജയ്സ്വാളിനെ പറഞ്ഞയച്ചുകൊണ്ടായിരുന്നു സ്റ്റാർക്കും ആസ്ട്രേലിയയും കളി തുടങ്ങിയത്. പിന്നാലെയെത്തിയ ഗില്ലും രാഹുലും മികച്ച രീതിയിൽ ബാറ്റ് വീശി. രണ്ടാം വിക്കറ്റിൽ ഇരുവരും 69 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയത് ശുഭസൂചനയാകുമെന്ന് തോന്നിച്ചു. ഒരു വിക്കറ്റിന് 69 എന്ന നിലയിൽനിന്നായിരുന്നു ഇന്ത്യൻ ബാറ്റർമാരുടെ കൂട്ടമടക്കവും ബാറ്റിങ് തകർച്ചയും. വൈസ് ക്യാപ്റ്റൻ ബുംറയെ സാക്ഷിയാക്കി നിതീഷ് കുമാർ റെഡ്ഡി നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 180ൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്കായി ഉസ്മാൻ ഖ്വാജയും നഥാൻ മക്സ്വീനിയും ചേർന്ന് മോശമല്ലാത്ത തുടക്കവുമായി തുടരുന്നതിനിടെ വിക്കറ്റെടുത്ത് ബുംറയാണ് ആദ്യ ഷോക്ക് നൽകിയത്. വൺഡൗണായി എത്തിയ ലബൂഷെയിനെ കൂട്ടി മക്സ്വീനി മികച്ച നിലയിൽ ബാറ്റിങ് തുടരുകയാണ്. ഇരുവരും കൂടുതൽ പിടിച്ചുനിന്ന് ഇന്ത്യൻ സ്കോർ അതിവേഗം പിന്നിട്ട് കുതിക്കാനാകും രണ്ടാം നാളിൽ ആതിഥേയ ലക്ഷ്യം. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ ഇന്ത്യയാണ് മുന്നിട്ട് നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.