ഗുജറാത്തിനെതിരായ മത്സരത്തിൽ അമ്പയർമാരോട് തർക്കിച്ച് ധോണി; കളി വൈകിപ്പിച്ചത് നാലു മിനിറ്റ് -എന്തിനായിരിക്കും?
text_fieldsഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് വീഴ്ത്തി ഫൈനലിലെത്തിയ ചെന്നൈ സൂപ്പർ കിങ്സ്, ഐ.പി.എല്ലിൽ മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. പത്താം തവണയാണ് ചെന്നൈ ഐ.പി.എൽ കലാശപ്പോരിന് യോഗ്യത നേടുന്നത്.
ചെപ്പോക്കിലെ സ്വന്തം കാണികൾക്കു മുന്നിൽ മികച്ച വിജയം നേടാനായതിന്‍റെ സന്തോഷത്തിലാണ് ധോണിയും സംഘവും. ഗുജറാത്തിനെതിരെ ചെന്നൈയുടെ ആദ്യ ജയം കൂടിയാണിത്. രണ്ടാം ക്വാളിഫയറിൽ വിജയിക്കുന്നവരാണ് ഫൈനലിൽ ചെന്നൈക്ക് എതിരാളികൾ. എന്നാൽ, ഗുജറാത്തിനെതിരായ മത്സരത്തിനിടെ ധോണി അമ്പയർമാരോട് തർക്കിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഗുജറാത്ത് ബാറ്റ് ചെയ്യുമ്പോൾ ചെന്നൈ എറിഞ്ഞ 16ാം ഓവറിലാണ് സംഭവം. ഇതുമൂലം മത്സരം നാലു മിനിറ്റ് തടസ്സപ്പെടുകയും ചെയ്തു. പേസർ മതീഷ പതിരാനയാണ് ആ ഓവർ എറിയാനെത്തിയത്. ചെന്നൈ മത്സരത്തിൽ പിടിമുറുക്കിയ സമയത്താണ് പുതിയ വജ്രായുധം പതിരാനയെ പന്തെറിയാൻ ധോണി ക്ഷണിക്കുന്നത്. ഓരോവർ മാത്രം പന്തെറിഞ്ഞ താരം ഒമ്പത് മിനിറ്റ് ഗ്രൗണ്ടിനു പുറത്തുപോയി വിശ്രമിച്ചതിനുശേഷം കളത്തിലേക്ക് തിരിച്ചെത്തിയിട്ട് അപ്പോൾ ഏതാനും മിനിറ്റുകൾ മാത്രമേ ആയിരുന്നുള്ളു. ഗ്രൗണ്ടിൽ മടങ്ങിയെത്തി കൃത്യം ഒമ്പത് മിനിറ്റ് കഴിഞ്ഞാൽ മാത്രമേ താരത്തിന് പന്ത് എറിയാൻ സാധിക്കുമായിരുന്നുള്ളു.
ഇത് അമ്പയർമാർ ധോണിയെ ധരിപ്പിക്കുകയായിരുന്നു. എന്നാൽ, പതിരാനയെ കൊണ്ട് തന്നെ പന്തെറിയിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് ധോണി പിന്മാറിയില്ല. അമ്പയർമാരോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടെ സഹതാരങ്ങളും ധോണിക്കൊപ്പം ചേർന്നു. നാലു മിനിറ്റാണ് ഇതുമൂലം മത്സരം വൈകിയത്. ഈസമയം ഗുജറാത്ത് താരങ്ങളായ വിജയ് ശങ്കറും റാഷിദ് ഖാനുമാണ് ക്രീസിലുണ്ടായിരുന്നത്.
ഇതിലൂടെ ധോണി മത്സരം മനപൂർവം വൈകിപ്പിക്കുകയും പതിരാനയെ കൊണ്ടു തന്നെ ഓവർ എറിയിക്കാനുള്ള അവസരം ഒരുക്കുകയുമായിരുന്നു. ധോണിയുടെ നടപടിയെ ഈ സമയം കമന്‍ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ വിമർശിച്ചു. ഉയർന്ന സമ്മർദമുള്ള സാഹചര്യമായാലും അമ്പയറുടെ തീരുമാനം ധോണി അംഗീകരിക്കുകയാണ് വേണ്ടിയിരുന്നതെന്ന് ഗവാസ്കർ ട്വീറ്റ് ചെയ്തു.
മത്സരത്തിലെ 18, 20ാം ഓവറുകളും പതിരാന തന്നെയാണ് എറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് എടുത്തത്. എന്നാൽ, മുൻ ചാമ്പ്യന്മാരുടെ ഇന്നിങ്സ് 20 ഓവറിൽ 157 റൺസിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.