‘പന്ത് ഉറക്ക ഗുളിക കഴിച്ചോ?’; ടീം മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി ഗവാസ്കറും ജഡേജയും
text_fieldsമിർപുർ (ബംഗ്ലാദേശ്): ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ആർക്കും ജയിക്കാമെന്ന നിലയിലാണ് കാര്യങ്ങൾ. ജയിക്കാൻ 145 റൺസ് തേടി ഇറങ്ങിയ ഇന്ത്യയുടെ മുൻനിര ബാറ്റർമാരെ ബംഗ്ലാദേശ് ബൗളർമാർ വിറപ്പിച്ചു.
മൂന്നാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റിന് 45 എന്ന നിലയിലാണ് ഇന്ത്യ. രണ്ടു ദിവസവും ആറു വിക്കറ്റും കൈയിലിരിക്കെ ജയിച്ച് പരമ്പര തൂത്തുവാരാൻ 100 റൺസുകൂടി വേണം. താൽക്കാലിക ക്യാപ്റ്റൻ കെ.എൽ. രാഹുൽ (രണ്ട്), ചേതേശ്വർ പുജാര (ആറ്), ശുഭ്മൻ ഗിൽ (ഏഴ്), വിരാട് കോഹ്‍ലി (ഒന്ന്) എന്നിവരാണ് പുറത്തായത്. അക്സർ പട്ടേലും (26) ജയ്ദേവ് ഉനദ്കടും (മൂന്ന്) ആണ് ക്രീസിൽ.
സ്പിന്നർമാരായ നായകൻ ശാകിബുൽ ഹസനും യുവതാരം മെഹിദി ഹസൻ മിറാസുമാണ് ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്നത്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ടീം മാനേജ്മെന്‍റ് ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റം വലിയ വിമർശത്തിന് ഇടയാക്കിയിരിക്കുകയാണ്. സൂപ്പർതാരം വിരാട് കോഹ്‌ലിയുടെ പകരം നാലാം നമ്പറിൽ അക്സർ പട്ടേലിനെ ഇറക്കിയതാണ് ആരാധകരെയും മുൻ താരങ്ങളെയും ചൊടിപ്പിച്ചത്. ടീം മാനേജ്മെന്‍റ് തീരുമാനത്തെ ചോദ്യം ചെയ്ത് പലരും പരസ്യമായി രംഗത്തുവരികയും ചെയ്തു.
മുൻ താരങ്ങളായ സുനിൽ ഗവാസ്കറും അജയ് ജഡേജയുമാണ് ഇതിനോട് രൂക്ഷമായി പ്രതികരിച്ചത്. അക്സർ പട്ടേലിന് സ്ഥാനക്കയറ്റം നൽകിയത് കോഹ്‌ലിക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ഗവാസ്കർ പറഞ്ഞു. ഇടതു വലത് കോമ്പിനേഷനാണ് വേണ്ടതെങ്കിൽ ആ സ്ഥാനത്ത് ഋഷഭ് പന്തിനെ പരിഗണിക്കണമായിരുന്നെന്ന് ജഡേജ പ്രതികരിച്ചു.
‘ഇത് കോഹ്‌ലിക്ക് നല്ല സന്ദേശം നൽകില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററെയാണ് അവഗണിച്ചത്. കോഹ്‌ലി തന്നെ അത് ആവശ്യപ്പെട്ടാതാണെങ്കിൽ, അത് മറ്റൊരു കാര്യം. ഡ്രസിങ് റൂമിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ അത് മനസ്സിലാക്കാൻ പ്രയാസമാണ്. അക്‌സർ നന്നായി കളിച്ചിട്ടുണ്ട്, തീർച്ചയായും’ -ഗവാസക്ർ സോണി സ്പോർട്സിനോട് പറഞ്ഞു.
‘അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. ഇടത്-വലത് കോമ്പിനേഷൻ കൊണ്ടാകാമെന്നാണ് പറയുന്നത്, അത് നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നു. എന്നാൽ, ഈ സമയം ഋഷഭ് പന്ത് ഉറക്ക ഗുളിക കഴിച്ചോ?’ -ജഡേജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.